വാഷിംഗടണ്‍: എല്ലാ മേഖലയിലും ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ മേഖലകളില്‍ ഇരു രാജ്യങ്ങളും പരസ്പര വിശ്വാസത്തോടെ പ്രവര്‍ത്തിക്കുന്നു. വാഷിംഗ്ടണില്‍ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചേര്‍ന്ന് സംഘടിപ്പിച്ച ഉച്ചവിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉഭയകക്ഷി വ്യാപാരത്തിലെ വെല്ലുവിളികള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഈ ഒമ്പത് വര്‍ഷത്തിനിടയില്‍ ഇന്ത്യയും യുഎസും വളരെ ദൈര്‍ഘ്യമേറിയതും മനോഹരവുമായ ഒരു യാത്രയാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ, തന്ത്രപ്രധാന മേഖലകളില്‍ പരസ്പര സഹകരണത്തിന്റെ പുതിയ മാനങ്ങള്‍ ഇന്ത്യയും യുഎസും എഴുതി ചേര്‍ത്തിട്ടുണ്ടെന്നും മോദി പറഞ്ഞു.ക്വാഡ്, ഐ 2 യു 2 ഗ്രൂപ്പിംഗിന്റെ ഭാഗമായി ഇരു രാജ്യങ്ങളും സഹകരണം വിപുലീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
21-ാം നൂറ്റാണ്ടില്‍ ഇന്ത്യയെ ആഗോള നേതൃനിരയിലേക്ക് ഉയര്‍ത്താന്‍ സഹായിക്കുന്നതില്‍ മോദിക്ക് വലിയ പങ്കുണ്ടെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പറഞ്ഞു. ലോകമെമ്പാടും സഞ്ചരിക്കുമ്പോള്‍, ഇന്ത്യയുടെ ആഗോള സ്വാധീനം താന്‍ കണ്ടതായി യുഎസ് വൈസ് പ്രസിഡന്റ് പറഞ്ഞു. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകള്‍ ജീവന് രക്ഷിക്കുന്നു, ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍, ഇന്ത്യയുടെ ദീര്‍ഘകാല പങ്കാളിത്തം സമൃദ്ധിയും സുരക്ഷയും പിന്തുണയ്ക്കുന്നു, ഇന്തോ-പസഫിക്കിലൂടെ ഇന്ത്യ സ്വതന്ത്രവും തുറന്നതുമായ ഒരു മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു. ആര്‍ട്ടെമിസ് ഉടമ്പടിയില്‍ ചേരാന്‍ ഇന്ത്യ തീരുമാനിച്ചതിനാല്‍ അവര്‍ മോദിക്ക് നന്ദി പറഞ്ഞു.
കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ യു.എസ്-ഇന്ത്യ ബന്ധത്തിന്റെ സ്വഭാവത്തില്‍ പരിവര്‍ത്തനം ഉണ്ടായതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. യുഎസും ഇന്ത്യയും ഒഴിച്ചുകൂടാനാവാത്ത പങ്കാളികളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദവും സഹകരണവും കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനാണ് ചര്‍ച്ചകള്‍ ഊന്നല്‍ നല്‍കിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. പ്രാദേശികവും ആഗോളവുമായി പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചും നേതാക്കള്‍ വിലയിരുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: