പാലക്കാട്: കാര്‍മികത മാറി സ്വാര്‍ഥതയിലേക്കുള്ള ആസക്തി വളര്‍ന്നാല്‍ അവര്‍ണ മനോഭാവമായിരിക്കും ഉണ്ടാവുകയെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന് പറഞ്ഞു. ആനിക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം പ്രതിഷ്ഠാദിന വാര്ഷികത്തോടുബന്ധിച്ചുള്ള ശിവദം മുത്തശ്ശന് വീടിന്റെ ഭൂമിപൂജ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമൂഹത്തെയും സമാജത്തെയും സ്വന്തം കുടുംബമായി കാണണം. അതില്ലാതെ വരുമ്പോഴാണ് അധാര്‍മിക ചിന്ത ഉടലെടുക്കുന്നത്. ധാര്‍മിക ചിന്തയിലധിഷ്ഠിതമായ കുടുംബജീവിതമാണ് ഭാരതത്തിന്റെ സംസ്കാരം. മനുഷ്യരെ പരസ്പരം സേവനത്തിലൂടെയും സ്നേഹത്തിലൂടെയും വാര്‍ത്തെടുക്കുകയെന്ന ശ്രേഷ്ഠ സങ്കല്പമമാണ് നമുക്കുള്ളത്. വസുധൈവകുടുംബമെന്ന ആപ്തവാക്യം ലോകത്തിനുതന്നെ മാതൃകയാണ്.
ഭാരതത്തിന്റെ പാരമ്പര്യത്തെയും സംസ്കാരത്തെയും പഴഞ്ചനെന്ന് അധിക്ഷേപിക്കുകയും വിദ്യാഭ്യാസത്തിലൂടെയും പ്രചരണത്തിലൂടെയും പുരോഗമന ചിന്താഗതി വളര്‍ത്തിയെടുക്കുവാനാണ് ചിലരുടെ ശ്രമം. ആത്മബോധമുള്ള ഒരു ജനത ഉണ്ടെങ്കില്‍ മാത്രമെ രാജ്യത്തിന് മുന്നോട്ടുപോകാന്‍ കഴിയൂ. കേരളത്തിന്റെ ഇന്നത്തെ സ്ഥിതി ആപത്കരമാണ്. അനാഥബാല്യവും വാര്‍ദ്ധക്യവും ചോദ്യചിഹ്നമായി മാറുകയാണ്. ഓരോ വീടും വൃദ്ധസദനമായി മാറുന്ന കാലം അതിവിദൂരമല്ല, അദ്ദേഹം പറഞ്ഞു. വെട്ടിക്കാട് അദ്വൈതാശ്രമം മഠാധിപതി സ്വാമി ദേവാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി.
ഭാഗവത കോകിലം കിഴക്കേടം ഹരിനാരായണന് നമ്പൂതിരി, മാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവിത മുരളീധരന്, വൈസ് പ്രസിഡന്റ് സി. പ്രസാദ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശിവരാജന്, വാര്‍ഡ് മെമ്പര്‍ പ്രേമദാസ്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, ജി. മധുസൂദനന്, ഡോ. ശ്യാം ചൈതന്യ, ശ്രുതി ശ്യാം, ലതിക സംസാരിച്ചു. ആര്‍ക്കിടെക്റ്റ് സ്വാമിനാഥന്, വി.കെ. രാജഗോപാല്‍ എന്നിവരെ ആദരിച്ചു.
വിവിധ രംഗങ്ങളില്‍ പ്രശസ്തരായ സന്താനഗോപാലകൃഷ്ണന്, തിമില വിദ്വാന് അനിയന് മാരാര്‍, വേണുഗോപാല കുറുപ്പ്, അട്ടപ്പാടി പുതൂരിലെ അമ്മന്‍ കോവിലില്നിന്നുള്ള ശക്തിവേല്‍, രമേഷ്, നാഗരാജന് എന്നിവരെ അനുമോദിച്ചു.
ക്ഷേത്രം തന്ത്രി ശിവാഗമ പ്രവീണ്‍ ജി. രത്നസഭാപതി ശിവാചര്യരുടെ കാര്‍മികത്വത്തിലായിരുന്നു ഭൂമിപൂജ നടന്നത്. ആനിക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ‘ശിവദം മുത്തശ്ശന് വീടി’ന്റെ ലോഗോ പഞ്ചായത്ത് പ്രസിഡന്റ് പ്രവിത മുരളീധരന്, ഭാഗവതാചാര്യന്‍ കിഴക്കേടം ഹരിനാരായണന് നമ്പൂതിരി, സ്വാമി ദേവാനന്ദപുരി എന്നിവര്‍ ചേര്‍ന്ന് ഗിരിജ ശിവദാസിന് കൈമാറി പ്രകാശനം ചെയ്തു.
ആദ്ധ്യാത്മിക ജില്ലയുടെ ലോഗോ പ്രകാശനവും നടന്നു. ക്ഷേത്രത്തില്‍ വേദസൂക്ത പാരായണം, പഞ്ചാസനപൂജ, അഞ്ച് മൂര്‍ത്തികള്‍ക്കും വിശേഷാല്‍ പൂജ, കലശാഭിഷേകം എന്നിവയുണ്ടായിരുന്നു. വൈകിട്ട് ഗംഗാ ആരതിയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: