ഈ അവസരത്തിനും ബഹുമതിക്കും ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കുവേണ്ടി എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുകയാണ്. നമ്മുടെ യുഗം ഒരു വഴിത്തിരിവിലാണ്. ഈ നൂറ്റാണ്ടിലേക്കുള്ള നമ്മുടെ ആഹ്വാനത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഇന്ത്യയും അമേരിക്കയും സഞ്ചരിച്ച ദീര്‍ഘവും പ്രതിസന്ധികള്‍ നിറഞ്ഞതുമായ പാതയില്‍ ഇനിയുമേറെ യോജിച്ച് മുന്നോട്ട് പോകാനുണ്ട്. ജനങ്ങളിലെ തുല്യത എന്ന സങ്കല്‍പ്പത്തില്‍ അടിസ്ഥാനമാക്കിയാണ് അമേരിക്കയുടെ അടിത്തറ പാകിയിരിക്കുന്നത്. ലോകമെങ്ങുനിന്നുമുള്ള ജനങ്ങളെ നിങ്ങള്‍ സ്വീകരിക്കുകയും അമേരിക്കന്‍ സ്വപ്‌നങ്ങളുടെ ഭാഗമാക്കിത്തീര്‍ക്കുകയും ചെയ്തു. ഇന്ത്യയില്‍ വേരുകളുള്ള ലക്ഷക്കണക്കിന് പേരാണ് ഇന്ന് യുഎസിലുള്ളത്. അവരിലൊരാള്‍ ഇന്നെനിക്ക് പിന്നില്‍ മുകളില്‍ അഭിമാനത്തോടെ ഇരിക്കുന്നുണ്ട്.
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്
ജനാധിപത്യമാണ് ഇരുരാജ്യങ്ങളുടേയും ഏറ്റവും മൂല്യമേറിയ ഘടകം. ജനങ്ങള്‍ക്ക് തുല്യതയും ബഹുമാനവും നല്‍കിയത് ജനാധിപത്യമാണ്. ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യ. അമേരിക്കയാവട്ടെ ഏറ്റവും പഴയ ജനാധിപത്യ രാജ്യവുമാണ്. നല്ലൊരു ലോകത്തിനായും ലോകത്തിന്റെ ഭാവിക്കായും ഇരുരാജ്യങ്ങള്‍ക്കും യോജിച്ചു പ്രവര്‍ത്തിക്കാം. ആയിരം വര്‍ഷത്തെ വിദേശഭരണത്തിന് ശേഷമാണ് ഇന്ത്യ സ്വാതന്ത്ര്യലബ്ധി കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചത് ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. രണ്ടായിരത്തഞ്ഞൂറിലേറെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയിലുണ്ട്. ഇരുപതിലേറെ പ്രാദേശിക പാര്‍ട്ടികള്‍ സംസ്ഥാനങ്ങളില്‍ ഭരണത്തിലുണ്ട്. 22 ഔദ്യോഗിക ഭാഷകളും ആയിരക്കണക്കിന് ഭാഷാഭേദങ്ങളുമുണ്ട്. എന്നാല്‍ ഞങ്ങളുടേത് ഒരേ ശബ്ദമാണ്. ഓരോ നൂറു മൈലിലും ഭക്ഷണരീതികള്‍ക്ക് മാറ്റമുണ്ട്. ഇതെല്ലാം ആഘോഷിക്കുന്ന നാടാണ് ഇന്ത്യ. എല്ലാ വിശ്വാസങ്ങളുടേയും വീടാണ് ഇന്ത്യ. വൈവിധ്യം എന്നത് സ്വാഭിവക ജീവിതരീതിയാണ് തങ്ങള്‍ക്കെന്നും.
സമ്പത്തില്‍ മൂന്നാം സ്ഥാനത്തേക്ക്
ഇന്ത്യയെ അടുത്തറിയാന്‍ ലോകം ആഗ്രഹിക്കുന്ന കാലമാണിത്. കഴിഞ്ഞ നാളുകളില്‍ നൂറിലേറെ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെയാണ് ഇന്ത്യ സ്വീകരിച്ചത്. എല്ലാവര്‍ക്കും ഇന്ത്യയുടെ വികസനത്തേയും ജനാധിപത്യത്തേയും വൈവിധ്യങ്ങളേയും പറ്റിയാണ് അറിയേണ്ടത്. അവര്‍ക്കായി ചില നേട്ടങ്ങള്‍ ഞാന്‍ പങ്കുവെയ്‌ക്കാം. പ്രധാനമന്ത്രിയെന്ന നിലയില്‍ ആദ്യമായി യുഎസ് സന്ദര്‍ശിക്കുമ്പോള്‍ ലോകത്തിലെ പത്താം സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. എന്നാലിന്ന് അഞ്ചാം സ്ഥാനത്താണ്. വളരെ വേഗത്തില്‍ തന്നെ മൂന്നാം സ്ഥാനത്തേക്ക് എത്തും. വളര്‍ന്ന് വലുതാകുക എന്നതു മാത്രമല്ല, അതിവേഗത്തില്‍ വളരുക എന്നതും ഇന്ത്യ പാലിക്കുന്നു. ലോക ജനസംഖ്യയുടെ ആറിലൊന്ന് ഇന്ത്യയിലാണ്. അതിനാല്‍ തന്നെ ഇന്ത്യ വളരുമ്പോള്‍ വളരുന്നത് ലോകം കൂടിയാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയത് അക്കാലത്ത് നിരവധി ലോകരാജ്യങ്ങള്‍ക്ക് പ്രേരണയായിരുന്നു. ഈ നൂറ്റാണ്ടിലെ ഇന്ത്യയുടെ വളര്‍ച്ചയും മറ്റു ലോകരാജ്യങ്ങള്‍ക്ക് പ്രേരണയായിത്തീരട്ടെ. എല്ലാവരും യോജിപ്പോടെയും വിശ്വാസത്തോടെയും വളരേണ്ട കാലമാണിത്.
അടിസ്ഥാന മേഖലകളില്‍ കുതിപ്പ്
അടിസ്ഥാന സൗകര്യ വികസനത്തിലാണ് ഇന്ത്യ ഇന്ന് ഊന്നല്‍ നല്‍കിയിരിക്കുന്നത്. പതിനഞ്ചു കോടി ജനങ്ങള്‍ക്ക് താമസ സൗകര്യമൊരുക്കുന്നതിനായി ഇന്ത്യ നിര്‍മ്മിച്ചത് നാലുകോടി വീടുകളാണ്. ആസ്‌ത്രേലിയന്‍ ജനസംഖ്യയുടെ ആറിരട്ടിയാണത്. അമ്പതു കോടി ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ചികിത്സാ പദ്ധതി രാജ്യം നടപ്പാക്കി. തെക്കന്‍ അമേരിക്കന്‍ ജനസംഖ്യയേക്കാളും വരുമത്. ജനങ്ങള്‍ക്ക് ബാങ്കിംഗ് സൗകര്യമൊരുക്കാന്‍ കൊണ്ടുവന്ന പദ്ധതിപ്രകാരം അമ്പതു കോടി പേര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ ഉറപ്പാക്കി. വടക്കന്‍ അമേരിക്കന്‍ ജനസംഖ്യയ്‌ക്ക് തുല്യമാണത്. ഡിജിറ്റല്‍ ഇന്ത്യയ്‌ക്ക് വേണ്ടിയും ഞങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി 85 കോടി സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റ് ഉപഭോക്താക്കളുമാണ് ഇന്ന് ഇന്ത്യയിലുള്ളത്. യൂറോപ്പിന്റെ ജനസംഖ്യയേക്കാള്‍ അധികമാണത്. 250 കോടി വാക്‌സിന്‍ ഡോസുകള്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കി. ഭൂഖണ്ഡങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള ഇന്ത്യന്‍ നേട്ടങ്ങളുടെ വിശേഷണങ്ങള്‍ ഞാനിവിടെ നിര്‍ത്തുന്നു!
വനിതാ ശാക്തീകരണം
വേദങ്ങളില്‍ മഹര്‍ഷിണികള്‍ നിരവധി ശ്ലോകങ്ങള്‍ രചിച്ചിട്ടുണ്ട്. ആധുനിക ഭാരതത്തില്‍ വനിതകള്‍ ഈ രാജ്യത്തെ മികച്ച ഭാവിയിലേക്ക് നയിക്കുന്നു. എളിയ ഗ്രോത്ര പശ്ചാത്തലത്തില്‍ നിന്നൊരു വനിത ഉയര്‍ന്നുവന്ന് ഈ രാഷ്‌ട്രത്തിന്റെ തലവനായി മാറി. സ്ത്രീകളുടെ വികസനം മാത്രമല്ല ഇന്ത്യയുടെ ലക്ഷ്യം. സ്ത്രീകള്‍ നയിക്കുന്ന വികസന പദ്ധതികള്‍ കൂടിയാണ്. പതിനഞ്ചു ലക്ഷത്തിലേറെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് പ്രാദേശിക ഭരണസംവിധാനങ്ങളിലൂടെ രാജ്യത്തെ നയിക്കുന്നത്. ഇന്ത്യയുടെ കര,നാവിക, വ്യോമ സേനകളില്‍ വനിതകള്‍ നയിക്കുന്നു. ലോകത്തിലേറ്റവും അധികം വനിതാ പൈലറ്റുമാരുള്ളത് ഇന്ത്യയിലാണ്. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തെ നയിക്കുന്നതും വനിതകളാണ്. പെണ്‍കുട്ടിയില്‍ നിക്ഷേപിക്കുന്നത് ആ കുടുംബത്തെ മുഴുവനും ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് തുല്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. വനിതാ ശാക്തീകരണം രാജ്യത്തിന്റെ പരിവര്‍ത്തനത്തിന് വഴിതുറക്കും.
ഡിജിറ്റല്‍ ഇന്ത്യ
ഇന്ത്യയെ സാങ്കേതികവിദ്യയുടെ കേന്ദ്രമാക്കുന്നത് യുവജനതയാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ നൂറുകോടി പേര്‍ക്ക് ബാങ്ക് അക്കൗണ്ടുമായും മൊബൈല്‍ ഫോണുമായും ബന്ധിപ്പിച്ച് ഡിജിറ്റല്‍ ബയോമെട്രിക് ഐഡന്റിറ്റി ലഭിച്ചു. ഈ ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം സാമ്പത്തിക സഹായവുമായി നിമിഷങ്ങള്‍ക്കുള്ളില്‍ പൗരന്മാരിലേക്ക് എത്താന്‍ ഞങ്ങളെ സഹായിക്കുന്നു. 85 കോടി പേര്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭിക്കുന്നു.
കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഓരോ 100 തത്സമയ ഡിജിറ്റല്‍ പണമിടപാടുകളില്‍ 46 എണ്ണം ഇന്ത്യയിലാണ് നടന്നത്. ഏകദേശം നാല് ലക്ഷം മൈല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും കുറഞ്ഞ വിലയില്‍ ഡാറ്റയും അവസരങ്ങളുടെ വിപ്ലവത്തിന് തുടക്കമിട്ടു. കര്‍ഷകര്‍ കാലാവസ്ഥ സംബന്ധിച്ച പുതിയ വിവരങ്ങള്‍ പരിശോധിക്കുന്നു, വയോധികര്‍ക്ക് സാമൂഹിക സുരക്ഷാ ധനസഹായം ലഭിക്കുന്നു, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നു, ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ടെലി മെഡിസിന്‍ വിതരണം ചെയ്യുന്നു, മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധന സ്ഥലങ്ങള്‍ പരിശോധിക്കുന്നു, ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പകള്‍ ലഭിക്കുന്നു, ഇതെല്ലാം അവരുടെ കൈവശമുള്ള സ്മാര്‍ട്ട് ഫോണുകളിലെ ഒറ്റ ക്ലിക്കിലൂടെ സാധ്യമാകുന്നു.
അമേരിക്കയും ഇന്ത്യയും
ലോകത്തോടുള്ള ഇന്ത്യയുടെ സമീപനത്തെപ്പറ്റി പറയുമ്പോള്‍ അതില്‍ അമേരിക്കയ്‌ക്ക് പ്രത്യേകമായ സ്ഥാനമുണ്ട്. ഞങ്ങളുമായുള്ള ബന്ധത്തെ വളരെ പ്രാധാന്യത്തോടെയാണ് നിങ്ങള്‍ കാണുന്നതെന്ന് എനിക്കറിയാം. ഈ കോണ്‍ഗ്രസിലെ എല്ലാ അംഗങ്ങള്‍ക്കും അതില്‍ വലിയ താല്‍പര്യമുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു. ഇന്ത്യയിലെ പ്രതിരോധവും എയ്‌റോസ്‌പേസ് മേഖലയും വളരുമ്പോള്‍ വാഷിംഗ്ടണ്‍, അരിസോണ, ജോര്‍ജിയ, അലബാമ, സൗത്ത് കരോലിന, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളിലെ വ്യവസായങ്ങള്‍ അഭിവൃദ്ധി പ്രാപിക്കുന്നു. അമേരിക്കന്‍ കമ്പനികള്‍ വളരുമ്പോള്‍ അവരുടെ ഇന്ത്യയിലെ ഗവേഷണ വികസന കേന്ദ്രങ്ങള്‍ അഭിവൃദ്ധിപ്പെടും. ഇന്ത്യയ്‌ക്കായി വിമാനങ്ങള്‍ക്കായുള്ള ഒരൊറ്റ ഓര്‍ഡര്‍ വഴി അമേരിക്കയിലെ 44 സംസ്ഥാനങ്ങളില്‍ പത്തുലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. അമേരിക്കയിലെ ഒരു ഫോണ്‍ നിര്‍മ്മാണ കമ്പനി ഇന്ത്യയില്‍ മുതല്‍മുടക്കു നടത്തുമ്പോള്‍ രണ്ട് രാജ്യത്തും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.
സുരക്ഷിതമായ കടലുകളാല്‍ ബന്ധിപ്പിച്ചിരിക്കുന്ന, അന്തര്‍ദേശീയ നിയമങ്ങളാല്‍ നിര്‍വചിക്കപ്പെട്ട, ആധിപത്യത്തില്‍ നിന്ന് മുക്തമായ, ആസിയന്‍ കേന്ദ്രീകൃതമായ, സ്വതന്ത്രവും തുറന്നതും ഉള്‍ക്കൊള്ളുന്നതുമായ ഇന്‍ഡോ പസഫിക്കിന്റെ കാഴ്ചപ്പാടാണു ഞങ്ങള്‍ പങ്കിടുന്നത്. ഭീകരവാദം മനുഷ്യരാശിയുടെയാകെ ശത്രുവാണ്. അതിനെ കൈകാര്യം ചെയ്യുന്നതില്‍ സംശയിക്കേണ്ട കാര്യമില്ല. ഭീകരതയെ പിന്തുണയ്‌ക്കുകയും വളര്‍ത്തുകയും ചെയ്യുന്ന എല്ലാ ശക്തികളെയും നാം ഒരുമിച്ച് മറികടക്കണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ ബന്ധം ഇന്ത്യയുടേയും അമേരിക്കയുടേയും മാത്രമല്ല മറിച്ച് ലോകത്തിന്റെ വിധിയെ തന്നെ മാറ്റിയെഴുതും.
പരസ്പര വിശ്വാസത്തോടെയുള്ള നമ്മുടെ പങ്കാളിത്തവും സഹകരണവും ഉദിച്ചുയരുന്ന സൂര്യനേപ്പോലെയാണ്. അത് ലോകത്തിനാകെ പ്രകാശം പകരും. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നും ചരിത്രത്തില്‍ നിന്നുമാണ് ഇന്ത്യയും അമേരിക്കയും വരുന്നത്. എന്നാല്‍ നമ്മുടെ ദീര്‍ഘവീക്ഷണം നമ്മെ ഒന്നിപ്പിക്കുന്നു. നമ്മുടെ സഹകരണം സാമ്പത്തിക പ്രതിരോധശേഷി മെച്ചപ്പെടുത്തി ശാസ്ത്രത്തിന്റെയും വിജ്ഞാനത്തിന്റെയും മാനവിക മൂല്യങ്ങളുടേയും വര്‍ദ്ധനക്ക് സഹായിക്കുകയും ചെയ്യുന്നു. നമ്മുടെ ആകാശവും കടലും ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമാണ്, ജനാധിപത്യം കൂടുതല്‍ തിളങ്ങും. ലോകം കൂടുതല്‍ മെച്ചപ്പെട്ട ഒരു സ്ഥലമായി മാറും. നമ്മുടെ പങ്കാളിത്തത്തിന്റെ ലക്ഷ്യം തന്നെ അതാണ്. ഈ നൂറ്റാണ്ടിലേക്കായി നമ്മുടെ ആഹ്വാനമാണിത്. ഈ സന്ദര്‍ശനം ശുഭകരമായ വലിയ പരിവര്‍ത്തനമാണ്. ജനാധിപത്യം പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നും ജനാധിപത്യത്തിലൂടെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ നിറവേറ്റുമെന്നും നാം ഒരുമിച്ച് തെളിയിക്കും. ഇന്ത്യയുഎസ് പങ്കാളിത്തത്തിന് എല്ലാവരുടേയും പിന്തുണ പ്രതീക്ഷിക്കുന്നു.
ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ.
ജയ് ഹിന്ദ്.
ഇന്ത്യ യുഎസ് സൗഹൃദം
നീണാള്‍ വാഴട്ടെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: