Categories: World

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ അന്തർവാഹിനി വായുസമ്മര്‍ദ്ദം കൂടി ഉള്ളിലേക്ക് പൊട്ടിത്തെറിച്ചു; മൃതദേഹങ്ങള്‍ തേടി റോബോട്ടുകള്‍

അറ്റ്‌ലാന്‍റിക്‌ സമുദ്രത്തിൽ മുങ്ങിയ ആഡംബരക്കപ്പൽ ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ അന്തർവാഹിനിയിലെ യാത്രക്കാരായ അഞ്ചു പേരും മരിച്ചത് അവര്‍ യാത്ര ചെയ്ത ടൈറ്റന്‍ എന്ന മുങ്ങിക്കപ്പലിനുള്ളിലെ മര്‍ദ്ദം കൂടി ഉള്ളിലേക്ക് പൊട്ടിത്തെറിച്ചത് മൂലം(കറ്റാസ്ട്രഫിക് ഇംപ്ലോഷന്‍). യുഎസ് കോസ്റ്റ് ​ഗാർഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടൈറ്റനിലെ അഞ്ച് യാത്രക്കാരുടെയും മൃതദേഹ അവശിഷ്ടങ്ങള്‍ കടലിനടിയില്‍ തിരയുന്നത് ആളില്ലാ റോബോട്ടുകള്‍.

Published by

വാഷിംഗ്ടണ്‍: അറ്റ്‌ലാന്‍റിക്‌ സമുദ്രത്തിൽ മുങ്ങിയ ആഡംബരക്കപ്പൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ അന്തർവാഹിനിയിലെ യാത്രക്കാരായ അഞ്ചു പേരും മരിച്ചത് അവര്‍ യാത്ര ചെയ്ത ടൈറ്റന്‍ എന്ന മുങ്ങിക്കപ്പലിനുള്ളിലെ മര്‍ദ്ദം കൂടി ഉള്ളിലേക്ക് പൊട്ടിത്തെറിച്ചത് മൂലം(കറ്റാസ്ട്രഫിക് ഇംപ്ലോഷന്‍- Catastrophic implosion). യുഎസ് കോസ്റ്റ് ​ഗാർഡാണ് (US Coast Guard) ഇക്കാര്യം സ്ഥിരീകരിച്ചത്. ടൈറ്റനിലെ അഞ്ച് യാത്രക്കാരുടെയും മൃതദേഹ അവശിഷ്ടങ്ങള്‍ കടലിനടിയില്‍ തിരയുന്നത് ആളില്ലാ റോബോട്ടുകള്‍.  

മരിച്ചവരുടെ കുടുംബാം​ഗങ്ങളോട് യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡിന്റെയും മുഴുവൻ കമാൻഡിന്റെയും അഗാധമായ അനുശോചനം അറിയിക്കുന്നതായി യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ റിയർ അഡ്മിറൽ ജോൺ മൗഗർ പറഞ്ഞു.

അറ്റ്ലാന്‍റിക് സമുദ്രത്തിനടിയില്‍ പൊട്ടിത്തെറിച്ച് ടൈറ്റന്‍ എന്ന മുങ്ങിക്കപ്പല്‍

പൊട്ടിത്തെറിയെന്ന് സ്ഥിരീകരിച്ചത് സമുദ്രത്തിനടിയിലെ ശബ്ദം നിരീക്ഷിച്ച് 

ബ്രിട്ടീഷ് പര്യവേക്ഷകൻ ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് അന്തർവാഹിനി വിദഗ്ധൻ പോൾ-ഹെൻറി നർജിയോലെറ്റ്, പാക്-ബ്രിട്ടീഷ് വ്യവസായി ഷഹ്‌സാദ് ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലെമാൻ, ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ സിഇഒ സ്റ്റോക്ക്‌ടൺ റഷ് എന്നിവരാണ് ടൈറ്റന്റെ അകത്ത് ഉണ്ടായിരുന്നത്. 1912ൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ച് യാത്രക്കാരുമായി അറ്റ്ലാന്‍റിക് സമുദ്രത്തി‍നുള്ളിലേക്ക് ടൈറ്റൻ (Titan) എന്ന മുങ്ങിക്കപ്പലില്‍ പോകുന്ന യാത്ര സംഘടിപ്പിച്ചത് ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് (Oceangate expeditions) ആയിരുന്നു. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്തു കാണുക എന്നതായിരുന്നു ഈ യാത്രയില്‍ ഉള്‍പ്പെട്ടിരുന്ന സാഹസികത. ടൈറ്റാനിക് കിടന്നിരുന്ന സമുദ്രാന്തര്‍ഭാഗത്ത് നിന്നും 1600 മീറ്റർ അകലെയാണ് തിരച്ചിൽ സംഘം ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.  

ഞായറാഴ്ചയാണ് ടൈറ്റനെ കാണാതായത്. ടൈറ്റന്‍ പൊട്ടിത്തെറിച്ചിരിക്കാൻ സാധ്യതയുള്ളതായി വെള്ളത്തിനടിയിലുള്ള ശബ്ദം നിരീക്ഷിക്കുന്ന ഉപകരണങ്ങളുടെ സഹായത്തോടെയാണ് യുഎസ് സൈന്യം ‌കണ്ടെത്തിയത്. “യുഎസ് നാവികസേന ഇത്തരം ശബ്‌ദങ്ങൾ ശേഖരിച്ച് വിശകലനം നടത്തി. ടൈറ്റന് കരയിലേക്കുള്ള ആശയവിനിമയം നഷ്‌ടപ്പെട്ടതിനു ശേഷം, കടലിൽ സ്‌ഫോടനം നടന്നതു പോലുള്ള ഒരു ശബ്ദം കണ്ടെത്തി”, എന്ന് ഒരു മുതിർന്ന നാവികസേനാ ഉദ്യോഗസ്ഥൻ പറഞ്ഞതായി വാള്‍ സ്ട്രീറ്റ് ജേണല്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തു.

പൊട്ടിത്തെറി സംഭവിച്ചത് ടൈറ്റാനിക് കപ്പലിന്റെ (Titanic ship) അവശിഷ്ടങ്ങൾക്ക് സമീപം

ടൈറ്റാനിക് കപ്പലിന്റെ (Titanic ship) അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചത് എന്നാണ് റിപ്പോർട്ട്. കടലിനടിയിലെ ശക്തമായ മര്‍ദത്തില്‍ പേടകം പൊട്ടിത്തെറിച്ചതാണ് എന്നാണ് നിഗമനം. ടൈറ്റന്‍ എന്ന മുങ്ങിക്കപ്പലിന്റെ അവശിഷ്ടങ്ങൾ അന്വേഷണ സംഘം കണ്ടെടുത്തതോടെയാണ് യാത്രക്കാരുടെ മരണം സ്ഥിരീകരിച്ചത്.

കപ്പൽ എപ്പോൾ പൊട്ടിത്തെറിച്ചെന്നോ എങ്ങനെ ഇതു സംഭവിച്ചു എന്നതിനെക്കുറിച്ചോ കോസ്റ്റ് ഗാർഡിന് ഇപ്പോൾ കൂടുതലൊന്നും പറയാൻ കഴിയില്ലെന്നും ജോൺ മൗഗർ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് മ‍ൃതശരീരങ്ങളും അന്തർവാഹിനിയും പുറത്തെത്തിക്കാനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നും ആളില്ലാ റോബോട്ടുകളെ കടലിൽ വിന്യസിച്ചിട്ടുണ്ടെന്നും മൗഗർ കൂട്ടിച്ചേർത്തു.

യാത്രക്കാരില്‍ നിന്നും കമ്പനി ഈടാക്കിയത്. ആളു വീതം രണ്ടുകോടി രൂപ

ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് എന്നത് വാഷിംഗ്ടണിലെ ഒരു കമ്പനിയാണ്. ജീവനക്കാരടക്കമുള്ള മുങ്ങിക്കപ്പലുകള്‍ ടൂറിസം ആവശ്യങ്ങള്‍ക്കും പര്യവേക്ഷണ ദൗത്യങ്ങള്‍ക്കും വാടകയ്‌ക്ക് നല്‍കുകയാണ് ഈ കമ്പനി ചെയ്തുവരുന്നത്. ടൈറ്റാനിക് കപ്പല്‍ കാണാന്‍ അറ്റ്ലാന്‍റിക് സമുദ്രത്തിനുള്ളിലെ ആഴങ്ങളിലേക്ക് സാഹസിക യാത്ര പോകാന്‍ വരുന്ന യാത്രക്കാരില്‍ നിന്നും ആളു വീതം 250,000 ഡോളറാണ് (രണ്ടുകോടി രൂപ) കമ്പനി ഈടാക്കിയത്. അഞ്ചു യാത്രക്കാരില്‍ നിന്നും കമ്പനിക്ക് ലഭിച്ചത് 10 കോടി രൂപ. എന്നാല്‍ ഇവര്‍ ടൈറ്റാനിക് കാണാന്‍ ഉപയോഗിച്ച ടൈറ്റന്‍ എന്ന അന്തര്‍വാഹിനിയുടെ ഡിസൈന്‍ അപകടം ക്ഷണിച്ചുവരുത്തുന്ന ഒന്നാണെന്ന് ഈ രംഗത്തെ ചില വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍  ഓഷ്യൻഗേറ്റ് എക്സ്പെഡിഷന്‍സ് എന്ന കമ്പനി ഇതിനെ അവഗണിച്ചു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക