ദാശൂരോപാഖ്യാനം
സ്വച്ഛബുദ്ധേ! കേള്‍ക്ക, കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ട് ഉള്ളില്‍ ഇച്ഛയും അനിച്ഛയും കൂടാതെ വര്‍ത്തിച്ചിടുന്ന ജ്ഞാനിയുടെ പ്രജ്ഞ ഈ വിഷയത്തില്‍ ഒരിക്കലും ഒട്ടുകയില്ല. അത് ജലത്തില്‍ക്കിടക്കുന്ന താമരയിലപോലെയാണെന്ന് അറിയുക. ചേതസ്സില്‍ ഇന്ദ്രിയാര്‍ത്ഥശ്രീ നിനക്ക് സ്വാദുള്ളതായിട്ട് തോന്നുന്നതില്ലെങ്കില്‍ നീ അറിഞ്ഞീടേണ്ടതെല്ലാം അറിഞ്ഞവനായി, ഭവാബ്ധിയില്‍നിന്നു കരയേറി, സദ്ഗതികിട്ടുവാനായി അതിമാത്രം ഉത്ക്കൃഷ്ടമായുള്ള ബുദ്ധിയെക്കൊണ്ടു നീ നല്ല വാസനയെ, പൂവില്‍നിന്നെന്നപോലെ വാസനാവൃന്ദത്തില്‍നിന്ന് മനസ്സിനെ വേറെയാക്കീടുകവേണം. ഇതില്‍ അല്പവും അമാന്തിക്കരുത്. വാസനയാകുന്ന സമുദ്രജലം ഇളകിമറിയുന്ന ഈ സംസാരസമുദ്രത്തെ അക്കരെകടക്കുവാന്‍ പ്രജ്ഞയാകുന്ന കപ്പലുള്ളവര്‍ക്കൊക്കെ കഴിയും, അന്യന്മാര്‍ കുഴങ്ങീടും. ലോകോത്ഭവം വ്യവഹാരമാഗ്രഹിക്കയില്ല; ആകാത്തതാണെന്ന് ഉപേക്ഷിക്കയുമില്ല. എല്ലാമറിഞ്ഞവരായ മഹാത്മാക്കള്‍ എല്ലാറ്റിനെയും അനുവര്‍ത്തിച്ചുകൊള്ളും. ശൂന്യത്തിലാകിലും നന്ദനോദ്യാനത്തിലാകിലും ദുഃഖിക്കുകയില്ല. എന്നും നിയതിയെ സൂര്യന്മാര്‍ എന്നതുപോലെയാണു മഹാത്മാക്കള്‍.
ഇത്തരം നിര്‍മ്മലാത്മാവായ മുനീന്ദ്രന്റെ പുതുതേനൊത്ത വാക്കിനാല്‍ രാമന്‍ പരിപുഷ്ടനെന്നതുപോലെ വിളങ്ങി. ‘പാരം മധുരമിജ്ഞാനാമൃതം അകതളിരില്‍ പൂര്‍ണേന്ദുപോലെ കുളിര്‍ത്തു. സൃഷ്ടി ഓരോവിധം തന്നെയാണോ? അതു പലമട്ടില്‍ സംഭവിക്കുമോ? മായാസ്വരൂപം വെളിവായറിയുന്നതിന് ആയത് കനിഞ്ഞരുള്‍ ചെയ്യണം.’ ഇങ്ങനെ ചോദിച്ചതുകേട്ടു മാമുനിശ്രേഷ്ഠന്‍ സാമോദം പറഞ്ഞു, ‘പങ്കജലോചന! കേള്‍ക്ക, ഒരു കാലത്ത് ലോകങ്ങളെ ശങ്കരന്‍ സൃഷ്ടിച്ചിടുന്നു. ഒരിക്കല്‍ കമലജന്‍ സൃഷ്ടിച്ചിടുന്നു. സൃഷ്ടികര്‍ത്താവാകുന്ന ചതുര്‍ഭുജന്‍ ഒരിക്കല്‍ സൃഷ്ടിച്ചിടുന്നു. ഒരുകാലത്ത് മുനികുലം ലോകങ്ങളെ സൃഷ്ടിച്ചിടുന്നു. അംബുജോത്ഭൂതനാകുന്ന ബ്രഹ്മാവ് വെള്ളത്തില്‍നിന്നൊരുകാലം, ഒരുകാലം അണ്ഡത്തില്‍നിന്നുണ്ടാകും, ഒരുകാലം ആകാശത്തുനിന്നുണ്ടാകും. വൃക്ഷങ്ങളേറ്റം നിബിഡമായി ഈ ക്ഷോണിയില്‍ നിന്നിടും. വേറൊരു സൃഷ്ടികാലത്തു ഭൂമിയില്‍ ഏറെ മനുഷ്യര്‍ നിറഞ്ഞു വസിച്ചിടും. ഒരിക്കല്‍ ഭൂമിമുഴുവനും പര്‍വതങ്ങള്‍ നിറഞ്ഞിരിക്കും. ഈ ഭൂമി ഒരിക്കല്‍ മണ്ണായും മറ്റൊരുകാലം പാറയായിട്ടും ഇരിക്കും. ഒരു കാലത്ത് സ്വര്‍ണമായിരിക്കും, മറ്റൊരുകാലത്ത് മാംസമായിട്ടിരിക്കും. ആദ്യമായുള്ള സൃഷ്ടിയില്‍ ആദ്യം ആകാശമായും പിന്നീടു ഭൂമിയായും മറ്റൊരു സൃഷ്ടിയില്‍ ആദിയില്‍ ഭൂമിമുഴുവനും വെള്ളമായും വരും. മറ്റൊരു സൃഷ്ടിയില്‍ തീയായിവരും. ഒരു സൃഷ്ടിയില്‍ ആദ്യമായി വായുവുമുണ്ടാകും. ഇതു ഞാന്‍ മായം പറയുകയല്ല രാഘവ! ഉദാഹരണമായി, ചുരുക്കമായി നിന്നോട് വിധാതാവിന്റെ സൃഷ്ടിയെക്കുറിച്ചു പറഞ്ഞു. സൃഷ്ടിക്രമം ഒരു മാതിരിയല്ലെന്നും പലവിധമാകുന്നവെന്നും ഉള്‍ത്തട്ടില്‍ ധരിക്കുക. നീ കേള്‍ക്കുക, യുഗം നാലും തുടര്‍ന്നു തുടര്‍ന്നുകൊണ്ടു വരും. പിന്നെയും പിന്നെയും വന്നുകൊണ്ടേയിരിക്കുന്നതല്ലാതെ ലോകത്തിലൊന്നുമേയില്ല. മായാസ്വരൂപത്തെ നന്നായി അറിയുന്നതിന് ഞാന്‍ ദാശൂരമാമുനിയുടെ കഥ പറയാം. കല്യബുദ്ധേ! ശ്രദ്ധയോടെ കേള്‍ക്കുക.
ലോകത്തിലേറ്റം പ്രസിദ്ധമായിട്ട് മാഗധമെന്നൊരു മനോഹരമായ രാജ്യമുണ്ട്. വാഴക്കൂട്ടങ്ങളും കൊന്നമരങ്ങളും വേപ്പുമരങ്ങളും നന്നായി നിറഞ്ഞു നില്‍ക്കുന്ന ഒരു പര്‍വതം അവിടെയുണ്ട്. ധന്യനും പരമധര്‍മ്മാത്മാവും തപോധനനും വന്ദ്യനുമായ ദാശൂരന്‍ എന്ന പേരുള്ള ഒരാള്‍ ശരലോമനെന്ന പേരോടുകൂടിയ തന്റെ പിതാവോടുകൂടി ആ പര്‍വതത്തില്‍ വാണിരുന്നു. രാമ! ശരലോകനാകുന്ന മുനി മറ്റൊരു ബ്രഹ്മാവാണെന്നേ തോന്നൂ. ദേവകുലാചാര്യനാകുന്ന ബൃഹസ്പതിക്ക് മകനായി കചനെന്നപോലെ അദ്ദേഹത്തിന് ഏകപുത്രനാണ് ദാശൂരമാമുനി. ആ മകനോടൊന്നിച്ച് ശരലോകന്‍ അവിടെ വളരെക്കാലം താമസിച്ചു. പിന്നീട് കൂടിനെ വിട്ട് പക്ഷി എന്നതുപോലെ ആ മഹാത്മാവ് തന്റെ ദേഹം സസുഖമുപേക്ഷിച്ച് ദേവലോകം പ്രാപിച്ചു. അച്ഛന്‍ ദേവലോകം പ്രാപിച്ചപ്പോള്‍ അതിശോകം മുഴുത്ത് ദാശൂരമാമുനി കാട്ടില്‍ ഞാറപ്പക്ഷി (അത്യുച്ചത്തില്‍ കരയുന്ന പക്ഷി) എന്നതുപോലെ താനേയിരുന്നു കരഞ്ഞുതുടങ്ങി. അമ്മയുമച്ഛനുമില്ലാതെയായതുകൊണ്ട് ആ മാമുനി ശോകസന്താപചിത്തനായി ഹേമന്തകാലത്തെ താമരപോലെ നന്നായി വാടിവീഴുംവിധത്തിലായി. നീലാംബുജേക്ഷണ! കേട്ടീടുക, ആ മുനിബാലകനെ സമാശ്വസിപ്പിക്കുവാന്‍ ആ വനത്തില്‍വെച്ച് വനദേവത അമ്പോടെ അദൃശ്യയായി പറഞ്ഞു, -ഹേ മഹാപ്രാജ്ഞനായ മുനികുമാര! ഇപ്പോള്‍ നീ മൂഢനെന്നവണ്ണം ഇങ്ങനെ ദുഃഖിക്കാനെന്താണു കാരണം? സംസാരസ്വരൂപം ചപലമെന്ന് നീ എന്തുകൊണ്ടാണ് ഉള്ളില്‍ ധരിക്കാത്തത്? സര്‍വ്വദാ ചഞ്ചലയാണ് സംസാരസ്ഥിതിയെന്നു ഗുണനിധേ! നീ അറിയുക. ഭൂമിയില്‍ ജനിക്കുന്നു, ജീവിക്കുന്നു, പിന്നീട് ഒഴിവാക്കാനാവാത്തവിധം നശിച്ചുപോകുന്നു. അച്ഛന്‍ മരിച്ചതു ചിന്തിച്ച് നീ ഇവിടെ ഖേദമുപേക്ഷിച്ച് വാഴുക. നിശ്ചയമായും ഭൂമിയില്‍ ജനിച്ചാല്‍ മരിച്ചീടും. സൂര്യനുദിച്ചാല്‍ അസ്തമിക്കയില്ലയോ? കരഞ്ഞുചുവന്ന കണ്ണുമായി ദാശൂരന്‍ ഇങ്ങനെയുള്ള വാക്കുകള്‍ കേട്ടിട്ട് ഇടിവെട്ടുകേട്ട മയില്‍പ്പേടയെപ്പോലെ ധൈര്യം കലര്‍ന്നെഴുന്നേറ്റ് പിതൃക്രിയ ചേയ്യേണ്ടതൊക്കെയും വേണ്ടവണ്ണം ചെയ്ത് ഉത്തമമായ സിദ്ധിയെ ആഗ്രഹിച്ചുകൊണ്ട് അകതാരില്‍ അത്യയുഗ്രമായ തപം ചെയ്യാനുറച്ചു. രാഘവാ! ബ്രാഹ്മമായ കര്‍മ്മത്തോടെ അവിടെ നിര്‍മ്മലമായ തപം ചെയ്ത് അനന്തസങ്കല്പസ്വരൂപമാകുന്ന ശ്രോത്രിയത്വം (വേദവിജ്ഞാനം) ഭവിച്ചു. അറിയേണ്ടതെന്തെന്നു നന്നായറിയാത്തവനായ അവന്റെ ശ്രോത്രിത്വംകൊണ്ട് മാനസം വിശ്രമമാര്‍ന്നതില്ല.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: