തിരുവനന്തപുരം: ബിനാമി പേരില്‍ നടത്തിയിരുന്ന എണ്പതില്പരം കള്ള് ഷാപ്പുകളെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന് എക്സൈസ് നല്കിയ ഫയല്‍ സെക്രട്ടേറിയറ്റില്‍ കുടുങ്ങി. ഷാപ്പുകളുടെ ലൈസന്‍സ് എക്സൈസ് കമ്മിഷണര്‍ റദ്ദാക്കിയെങ്കിലും തുടരന്വേഷണം നടത്തുന്നില്ല.
തൃശ്ശൂര്‍ സ്വദേശിയായ ശ്രീധരനാണ് 17 ഗ്രൂപ്പുകളിലായി ഇത്രയധികം ഷാപ്പുകള്‍ അബ്കാരി നിയമം ലംഘിച്ച് കുടംബക്കാരുടെയും ബിനാമിപ്പേരിലും സംസ്ഥാന വ്യാപകമായി നടത്തിയത്. ഒരാള്‍ക്ക് രണ്ടു കള്ളു ഷാപ്പുകള്‍ മാത്രമേ നടത്താവൂ എന്നതിനാലാണ് 17 ഗ്രൂപ്പുകളിലായി എണ്‍പതിലധികം കള്ളുഷാപ്പുകള്‍ ബിനാമി പേരില്‍ ശ്രീധരന് നടത്തിയത്.
ഭാര്യ, മരുമകള്‍, മരുമകളുടെ അച്ഛന്, ശ്രീധരന്റെ അക്കൗണ്ടന്റിന്റെ സുഹൃത്ത്, തൊഴിലാളി പ്രതിനിധി, ഡ്രൈവര്‍, ശ്രീധരന്റെ ജ്യേഷ്ഠന് എന്നിവരുടെ പേരിലായിരുന്നു ഷാപ്പുകള്‍. എട്ട് ഗ്രൂപ്പുകളിലെ ഷാപ്പുകള്‍ ശ്രീധരന്റെയും മറ്റു ഗ്രൂപ്പിലെ കള്ളുഷാപ്പുകള്‍ ബിനാമികളുടെ പേരിലും. ചെങ്ങന്നൂര്‍ താലൂക്കിലെ കള്ളുചെത്ത് വ്യവസായ തൊഴിലാളി യൂണിയനുകളും ശ്രീധരനുമായി ഉണ്ടാക്കിയിരുന്ന കരാറിന്റെ പകര്‍പ്പ് ലഭിച്ചതോടെയാണ് ആ ഷാപ്പുകള്‍ ശ്രീധരനാണ് നടത്തുന്നതെന്നു എക്സൈസിന് മനസ്സിലായത്.
ഇതോടെ എക്സൈസ് മുന്‍ മേധാവി.എസ്. ആനന്ദകൃഷ്ണന് സംസ്ഥാന വ്യപകമായി അന്വേഷണത്തിന് ഉത്തരവിട്ടു. ശ്രീധരന്റെ നേതൃത്വത്തില്‍ ബിനാമി കള്ളുഷാപ്പുകള്‍ നടത്തുന്നതായി കണ്ടെത്തി. ഇതോടെ ശ്രീധരനെതിരെ 12 കേസുകള്‍ എക്സൈസ് രജിസ്റ്റര്‍ ചെയ്തു. കള്ളില്‍ കലര്‍ത്താനുള്ള സ്പിരിറ്റ് കൊണ്ടുവന്നത് മദ്യദുരന്തം അടക്കമുള്ള അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമാകുമായിരുന്നുവെന്ന് എക്സൈസ് ഇന്റലിജന്‍സ് പോലീസിന് റിപ്പോര്‍ട്ട് നല്കി. എന്നാല്‍ നടപടി ഉണ്ടായില്ല. ഇതോടെ തുടരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന് കത്തു നല്കി. എന്നാല്‍ ഭരണകക്ഷിയുടെ സ്വാധീനത്തില്‍ നടപടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: