പാലക്കാട്: വാളയാറിനും എട്ടിമടക്കുമിടയിലുള്ള അടിപ്പാതയുടെ നിര്‍മാണം റെയില്‍വെ ജന. മാനേജര്‍ ആര്.എന്‍. സിങിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. ദക്ഷിണ റെയില്‍വെയില്‍ നടപ്പാക്കുന്ന ആദ്യപദ്ധതിയാണ് ആനകള്‍ക്ക് കടന്നുപോകാവുന്ന അടിപ്പാത. 60 അടി വീതിയും 20 അടി ഉയരവുമുള്ളതാണ് അടിപ്പാത. ബി ലൈന്‍ ട്രാക്കിലെ ആദ്യ അടിപ്പാതക്കായുള്ള സംയോജിത ഗര്‍ഡറുകളുടെ പ്രവര്‍ത്തനം തുടങ്ങി. രണ്ടാമത്തെ അടിപ്പാതയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. 2024 മാര്‍ച്ചോടെ കമ്മീഷന് ചെയ്യാനാവുമെന്നാണ് കരുതുന്നത്. 7.49 കോടി രൂപ ചെലവിലാണ് അടിപ്പാത നിര്‍മിക്കുന്നത്.
വാളയാറിനും എട്ടിമടക്കുമിടയില്‍ ട്രെയിന്‍ തട്ടി ആനകള്‍ ചെരിയുന്നത് പതിവാണ്. ഇതിന് പരിഹാരം കണ്ടെത്തുകയെന്ന ദൗത്യമാണ് റെയില്‍വെ ലക്ഷ്യമാക്കുന്നത്. കനത്ത വളവായതിനാല്‍ ട്രെയിന്‍ വരുന്നത് ആനകളുടെ ശ്രദ്ധയില്‍പ്പെടാറില്ല. ഇതുമൂലമാണ് അപകടങ്ങള്‍ വര്‍ധിക്കുന്നത്. വാളയാര്‍ കാടിനുള്ളിലൂടെയാണ് ലൈനുകള്‍ കടന്നുപോകുന്നത്. രാത്രികാലങ്ങളിലാണ് അപകടങ്ങള്‍ പൊതുവെ സംഭവിക്കാറുള്ളത്.
ട്രാക്കുകള്‍ക്ക് സമീപം സോളാര്‍ ലൈറ്റുകളും സോളാര്‍ വേലിയും സ്ഥാപിക്കുവാനുള്ള സാധ്യതയും ആലോചനയിലുണ്ട്. ഡിആര്‍എം യശ്പാല്‍ സിങ് തോമര്‍, സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ പെരുമാള്‍ നന്ദലാല്‍, സീനിയര്‍ ഡിവിഷണല്‍ ഓപ്പറേഷന് മാനേജര്‍ എം. വാസുദേവന്‍, മറ്റുദ്യോഗസ്ഥരായ അന്‍ഷുല്‍ ഭാര്‍ട്ടി, അരുണ്‍ തോമസ് കളത്തിക്കല്‍ പങ്കെടുത്തു.
പാലക്കാട് ജങ്ഷനും ജന. മാനേജര്‍ സന്ദര്‍ശിച്ചു. സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള യുടിഎസ് ആപ്ലിക്കേഷന്‍ വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് എളുപ്പത്തില്‍ ബുക്ക് ചെയ്യാനും കൗണ്ടറിലെ ക്യൂ ഒഴിവാക്കാനും കഴിഞ്ഞു. യുടിഎസ് മൊബൈല്‍ ടിക്കറ്റിങ് ആപ്പ് പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സിസിടിവി, ഇലക്ട്രോണിക് മീഡിയ, പ്രത്യേക കാമ്പെയ്നുകള്‍ എന്നിവയിലൂടെ പാലക്കാട് ഡിവിഷന് യുടിഎസ് മൊബൈല്‍ ആപ്പിനെ പ്രോത്സാഹിപ്പിക്കും.
പാലക്കാട് ഡിവിഷനില്‍ മാത്രം ഈ ആപ്ലിക്കേഷനിലൂടെ 5.12 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞമാസം ഇത് 4.62 ശതമാനമായിരുന്നു. യാത്രക്കാര്‍ക്കിടയില്‍ ഏറെ അനുകൂല പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: