കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന് മോണ്സണ് മാവുങ്കല്‍ ഒന്നാം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ കെ പി സി സി പ്രസിഡന്റ് കെ സുധാകരന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് എത്തും. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലാണ് സുധാകരന് എത്തിയത്. കടല്‍ താണ്ടി വന്നവനാണ്, കൈത്തോട് കാട്ടി പേടിപ്പിക്കരുതെന്നും തനിക്ക് ജാമ്യമുണ്ടെന്നും അറസ്റ്റിനെ ഭയമില്ലെന്നും സുധാകരന് പ്രതികരിച്ചു.
ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് പ്രത്യേകം ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. പരാതിക്കാര്‍ നല്കിയ തെളിവുകള്‍, മോണ്‍സന്റെയും ജീവനക്കാരുടെയും മൊഴി എന്നിവയും തെളിവുകളും നിരത്തിയാണു ചോദ്യാവലി തയ്യാറാക്കിയിട്ടുള്ളത്. മോണ്സണ് ആവശ്യപെട്ടപ്രകാരം പരാതിക്കാര്‍ 25 ലക്ഷം രൂപ നല്‍കുകയും അതില്‍ പത്ത് ലക്ഷം രൂപ കെ സുധാകരന് കൈപ്പറ്റിയെന്നുമാണ് കേസ്. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കെ സുധാകരന്. ആദ്യ തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ സുധാകരന് നോട്ടീസ് നല്‍കിയെങ്കിലും എത്തിയില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടിയതിന് പിന്നാലെയാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. സി ആര് പി സി 41 പ്രകാരം നോട്ടീസ് നല്കിയതിനാല് കെ സുധാകരന്റെ അറസ്റ്റ് രേഖപെടുത്തുകയാണെങ്കിലും അന്‍പതിനായിരം രൂപ ബോണ്ടിലും രണ്ടാള് ജാമ്യത്തിലും വിട്ടയ്ക്കും. രണ്ടാഴ്ചത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യമാണ് സുധാകരന് കോടതി അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: