വി.എന്‍.എസ്.പിള്ള
സേവനത്തില്‍നിന്നു വിരമിക്കുമ്പോള്‍ മുതല്‍ ജീവിതകാലം മുഴുവനും അതിനുശേഷം കുടുംബത്തിനു ജീവിതാവസാനം വരെയും പെന്ഷന് ലഭിക്കണമെന്ന് നാമോരോരുത്തരും ആഗ്രഹിക്കുന്നു. ഇതൊരു വലിയ ആഗ്രഹമാണ്. എന്നാല്‍, ഇതിനായി ഒരു രൂപപോലും മുടക്കാന്‍ നാമൊന്നും തയ്യാറല്ലതാനും. ഇതു സര്‍ക്കാരുകള്‍ക്കുമേല്‍ കടുത്ത സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കും. രാഷ്ട്രീയമായി എന്തു പ്രസംഗിച്ചാലും സത്യമായ വസ്തുത നിലവിലുള്ള പെന്ഷന് രീതി സുസ്ഥിരമല്ല എന്നതത്രെ.
സ്വിറ്റ്സര്‍ലന്‍ഡിലെ സര്‍ക്കാര്‍ 2016ല്‍ ഒരു മിനിമം വരുമാനം (2500 സ്വിസ് ഫ്രാങ്ക്) എല്ലാ പൗരന്മാര്ക്കും സൗജന്യമായി നല്‍കാനുള്ള നിര്‍ദ്ദേശം ജനങ്ങള്‍ക്കിടയില്‍ വോട്ടിനിട്ടു. രാജ്യത്തെ 78ശതമാനം പൗരന്മാരും ഈ നിര്‍ദ്ദേശം തള്ളിക്കളയുകയാണു ചെയ്തത്. അതിന് ഒരു കാരണം ഇത് ആളുകളെ അലസന്മാരും മടിയന്മാരുമാക്കും എന്ന യാഥാര്‍ഥ്യമത്രേ. തൊഴില്‍ ചെയ്യാനുള്ള താത്പര്യം കുറയും. അത് അലസസമൂഹത്തെ സൃഷ്ടിക്കും. ഗുണഭോക്താവ് ഒന്നും നല്‍കാതെ രാജസേവകര്‍ക്ക് പെന്ഷന് നല്‍കാനും വികലാംഗപെന്ഷന് നല്‍കാനുമുള്ള തീരുമാനം തിരുവിതാംകൂറിന്റേതായിരുന്നു. ഇത് ലോകത്തുതന്നെ ആദ്യവുമായിരുന്നു. എന്നാല്‍ ഇംഗ്ളണ്ടില്‍ നേവിക്കാര്‍ക്കും ജര്‍മനിയില്‍ വ്യവസായത്തൊഴിലാളികള്‍ക്കും പെന്ഷന് (ആന്വിറ്റി) നല്‍കാനായി ഉണ്ടാക്കിയ ക്രമീകരണങ്ങളില്‍ ഗുണഭോക്താവിന്റെ ഓഹരി നിര്‍ബന്ധമായിരുന്നു. ജര്‍മനിയുടെ പെന്ഷന് നിയമത്തില്‍ പെന്ഷന് ഫണ്ടിലേക്ക് സര്‍ക്കാരിന്റെയും തൊഴിലുടമയുടെയും ഗുണഭോക്താവിന്റെയും ഓഹരി നിര്‍ബന്ധമായും നിഷ്കര്‍ഷിച്ചിരുന്നു. നിലവിലുള്ള പെന്ഷന് രീതി പെന്ഷന് മേഖലയില്‍ സര്‍ക്കാരിന്റെ സാമ്പത്തിക ബാദ്ധ്യത വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കും.
ഒരു ഗവണ്മെന്റിനെക്കൊണ്ടും നമ്മുടെ നാട്ടില്‍ നിലനിന്നുവരുന്ന രീതിയിലുള്ള പെന്ഷന് നല്കാന് സാധ്യമല്ല. ഇതിനു പല കാരണങ്ങളുണ്ട്. പെന്ഷന് ഫണ്ട് ഉണ്ടാക്കാതെ, ഓരോ വര്‍ഷത്തെയും വരുമാനത്തില്‍ നിന്നു ബജറ്റ് അംഗീകാരത്തോടെ റവന്യൂ ചെലവായാണ് പെന്ഷന് നല്‍കുന്നത്. ജനങ്ങളുടെ ആരോഗ്യനിലവാരം ഉയരുന്നതനുസരിച്ച് മരണനിരക്ക് കുറയുകയും കൂടുതല്‍ തുക പെന്ഷന് നല്കാന് വേണ്ടിവരികയും ചെയ്യും. ഇതിനു പുറമേയാണ് കാലാകാലങ്ങളില്‍ നടത്തുന്ന ശമ്പളപരിഷ്കരണം. ഇതിന്റെ പ്രായോഗികമായ ബദലാണ് ആന്വിറ്റി. എന്താണ് ആന്വിറ്റി?, മുന്‍കൂറായി തുക കൈപ്പറ്റിയതിന് പകരമായി നിര്‍ദ്ദിഷ്ട വര്‍ഷങ്ങളിലേക്ക് കാലാകാലങ്ങളായി ഗഡുക്കളായി മടക്കി നല്കുന്ന തുക. ചുരുക്കത്തില്‍ വില നല്കി വാങ്ങുന്ന പെന്‍ഷനാണ് ആന്വിറ്റി. ഇതിലേക്കായി ഒരു ഫണ്ട് (നിധി) ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്.
പെന്ഷന് പദ്ധതികള്‍
ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നിലവിലുള്ള പെന്ഷന്പദ്ധതികള് ഇവയാണ്. ജീവനക്കാര്‍ വിരമിക്കുമ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പൊതുമേഖലാ സാമ്പത്തിക സ്ഥാപനങ്ങളും നല്കുന്ന പെന്ഷന്, ഇപിഎഫുമായി ബന്ധപ്പെടുത്തിയുള്ള പെന്ഷന്, ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ നല്കുന്ന പെന്ഷന് അഥവാ ആന്വിറ്റി. കൂടാതെ വാര്‍ദ്ധക്യകാല പെന്ഷന്, വിധവാ പെന്ഷന്, സ്വാതന്ത്ര്യസമര പെന്ഷന് തുടങ്ങി ഒട്ടേറെ പെന്‍ഷനുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്കിക്കൊണ്ടിരിക്കുന്നു. സര്‍ക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഇപ്പോള്‍ തങ്ങളുടെ ഉദ്യോഗസ്ഥന്മാര്ക്ക് പെന്ഷന് ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്മന്റ് അതോറിറ്റിയിലൂടെ പെന്‍ഷന്‍ഫണ്ട് പടുത്തുയര്‍ത്തുവാന്‍ സഹായിക്കുന്നു.
60 വയസ്സുമുതല്‍ പ്രതിമാസം 3000 രൂപ പെന്ഷന് ലഭിക്കുന്ന, പ്രധാന്‍മന്ത്രി ശ്രമ് യോഗീ മാന്‍ ധന് പദ്ധതിയില്‍ അക്കൗണ്ടുകാരന്‍ അടയ്ക്കുന്ന തുകയ്ക്ക് തുല്യമായ തുക കേന്ദ്രസര്‍ക്കാര്‍ അയാളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നുണ്ട്. കൂടാതെ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടതും ചില്ലറ വ്യാപാരികളുടേയും ചെറുകിട കടകള്‍ നടത്തുന്നവരുടേയും പ്രയോജനത്തിനുള്ളതുമായ പ്രധാന്‍മന്ത്രി കര്‍മ് യോഗീ മാന്‍ ധന് എന്ന പെന്ഷന് പദ്ധതിയും കോടിക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം പകരും. ദേശീയ പെന്ഷന് പദ്ധതിയാകട്ടെ പെന്ഷന് ലഭ്യമാക്കുന്നതിലേക്കായി ഒരു ഫണ്ട് അഥവാ നിധി ഉണ്ടാക്കിയെടുക്കാന്‍ ഓരോ അംഗത്തേയും സഹായിക്കുകയാണ് ചെയ്യുന്നത്. ഈ പദ്ധതിയില്‍ അംഗമാകുന്ന വ്യക്തിയുടെ അറുപതാമത്തെ വയസ്സാകുമ്പോഴേക്കും അംഗം അടച്ച തുക സര്‍ക്കാരിന്റെ ഓഹരിയും പലിശയും ചേര്‍ത്ത് ഒരു വലിയ തുകയായിത്തീരും. നിക്ഷേപത്തിന് 9 മുതല്‍ 12% വരെ ശരാശരി പലിശ ലഭിക്കുന്നു. ഈ ഫണ്ടിന്റെ നാല്പതുശതമാനത്തില് കുറയാത്ത തുക ഉപയോഗിച്ച് തനിക്കിഷ്ടമുള്ള ഏതെങ്കിലും ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നു പെന്ഷന്-ആന്വിറ്റി വാങ്ങുകയാണ് അംഗം ചെയ്യേണ്ടത്. മൊത്തം തുകയുടെ അറുപതു ശതമാനം തുകയായി പിന്‍വലിക്കുകയും ചെയ്യാം.
ക്രമീകരണങ്ങള്‍
വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ബാദ്ധ്യതയത്രേ പെന്ഷന്. ഓരോ ജീവനക്കാരന്റെയും സേവനകാലത്തിന്റെ ദൈര്‍ഘ്യത്തിനും ശമ്പളത്തിലെ വര്‍ദ്ധനവിനും ആനുപാതികമായി പെന്ഷന്ബാദ്ധ്യത കൂടിക്കൊണ്ടേയിരിക്കും. പെന്ഷന് നല്കാന് പല മാര്‍ഗ്ഗങ്ങളുണ്ട്. ഒന്നാമതായി നമ്മുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നതുപോലെ വാര്‍ഷിക ബജറ്റില്‍ റവന്യൂ ചെലവായി വകകൊള്ളിച്ച് വര്‍ഷാവര്‍ഷം ബാദ്ധ്യതയെ നേരിടാം. ഇതിന്റെ ഫലം സാമ്പത്തികബാദ്ധ്യതയില്‍ വരുന്ന വളര്‍ച്ചയെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരുകള്‍ക്കുകൂടി കഴിയാതെ വരുന്നു എന്നതാണ്. അതുകൊണ്ടാണ് അനേക രാജ്യങ്ങള്‍ ഡിഫൈന്‍ഡ് ബനിഫിറ്റ് (പെന്ഷന് കൃത്യമായി നിര്‍വചിക്കുന്ന രീതി) പദ്ധതികളില്‍നിന്നു പിന്മാറിയത്. ഇനിയൊരു മാര്‍ഗ്ഗം ഭാവിയില്‍ വരാനിടയുള്ള പെന്ഷന് ബാദ്ധ്യതയുടെ മൂല്യാങ്കനം നടത്തി ഒരു ഫണ്ട് ഉണ്ടാക്കിയെടുക്കുക, അതിനായി ജീവനക്കാരനും കമ്പനിയും സര്‍ക്കാരുംകൂടി പ്രതിമാസമോ പ്രതിവര്‍ഷമോ തുക ഗഡുക്കളായി നിക്ഷേപിക്കുന്നു. ഈ ഫണ്ടില്‍നിന്നുമാണ് പെന്ഷന് നല്‍കുന്നത്. ഇതും ഡിഫൈന്‍ഡ് ബനിഫിറ്റ് അഥവാ ബനിഫിറ്റ് പര്‍ച്ചേസ് രീതിയാണ്.
ഇത് ലളിതമായ ഒരുദാഹരണത്തിലൂടെ മനസ്സിലാക്കാം. നിങ്ങള്‍ പഴങ്ങള്‍ വില്‍ക്കുന്ന കടയില്‍ പോയി ഒരു കിലോഗ്രാം മാമ്പഴം (ബനിഫിറ്റ്) ആവശ്യപ്പെടുന്നു. വ്യാപാരി നൂറുരൂപ വില (പ്രീമിയം കോണ്ട്രിബ്യൂഷന്) ആവശ്യപ്പെടുന്നു. ഇതാണ് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ ചെയ്യുന്നത്. ഇത്ര പെന്ഷന് ഇത്ര കാലത്തേക്കു നല്‍കണമെന്നാവശ്യപ്പെടുമ്പോള്‍ അതിനിത്ര രൂപ പ്രീമിയമാകുമെന്ന് ബാദ്ധ്യതയെ മൂല്യാങ്കനം ചെയ്തശേഷം ഇന്‍ഷൂറര്‍ പറയുന്നു. ഇങ്ങനെയല്ലാതെ പെന്ഷന് ബാദ്ധ്യതയെ മൂല്യാങ്കനം(വാല്യുവേഷന്) നടത്താതെ കൈയിലുള്ള തുകയെ ഒറ്റത്തവണയായോ ഗഡുക്കളായോ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ പെന്‍ഷന്‍ഫണ്ടിലേക്ക് നിക്ഷേപിക്കാം. ഈ നിക്ഷേപത്തോടൊപ്പം പലിശ കൂടിച്ചേര്‍ന്ന് നിര്ദ്ദിഷ്ടതീയതിക്ക് ഒരു വലിയ ഫണ്ട് ആയിത്തീരുന്നു. ഈ ഫണ്ടിന് അന്ന് നിലവിലുള്ള പെന്ഷന്-ആന്വിറ്റി നിരക്കനുസരിച്ചാണ് പെന്ഷന്-ആന്വിറ്റി നല്‍കുക. ഈ രീതിയെ ഡിഫൈന്‍ഡ് കോണ്ട്രിബ്യൂഷന് അഥവാ മണിപര്‍ച്ചേസ് രീതി എന്നു പറയുന്നു. മുന്‍പറഞ്ഞ ഉദാഹരണത്തില്‍ നിങ്ങള്‍ അമ്പതു രൂപയുമായിച്ചെന്ന് മാമ്പഴം ആവശ്യപ്പെടുന്നു, വ്യാപാരി അരകിലോ മാമ്പഴം തരുന്നു.(ഉള്ള പണത്തിന് ആനുപാതികമായി ബനിഫിറ്റു തരുന്നു). അത്രതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: