കൊട്ടാരക്കര: തെരുവുനായ പേടിയില്‍ വെളിയം വെസ്റ്റ് ഗവ. എല്‍പി സ്കൂളിന് ഇന്ന് അവധി നല്കി. രാവിലെ എട്ടരയോടെ സ്കൂള്‍ തുറക്കാന്‍ എത്തിയപ്പോള്‍ പതിനഞ്ചോളം തെരുവ് നായ്ക്കള്‍ സ്കൂള്‍ വളപ്പിലുണ്ടായിരുന്നു. ഇതോടെ കുട്ടികളെ രക്ഷകര്‍ത്താക്കള്‍ സ്കൂള്‍ വളപ്പിലേക്ക് കടത്തിവിട്ടില്ല.
പിടിഎ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അധികൃതരും നാട്ടുകാരും എത്തി സ്കൂളിനകത്ത് ഉണ്ടായിരുന്ന തെരുവ് നായ്ക്കളെ ഓടിച്ചെങ്കിലും ഒരു നായ പോയില്ല. വായില്‍ നിന്ന് നുരയും പതയും വന്നു കൊണ്ടിരുന്ന ഈ നായക്ക് പേയുള്ളതായി സംശയമുയര്‍ന്നതോടെ നാട്ടുകാര്‍ തല്ലിക്കൊന്നു.
സ്കൂള്‍ വരാന്തകളില്‍ ഉള്‍പ്പെടെ നായ്ക്കളുടെ വായില്‍ നിന്നുള്ള ഉമിനീരും മറ്റ് വിസര്‍ജ്യങ്ങളും കിടപ്പുണ്ടായിരുന്നു. ഇതോടെ സ്കൂളിന് അവധി നല്കി. ബുധനാഴ്ച സ്കൂളിനു സമീപം തെരുവ്നായ രണ്ടു പേരെ കടിച്ചിരുന്നു.
നാല് വയസുള്ള സാന്‍വിയ, 60 വയസുകാരി എന്നിവര്‍ക്കാണ് കടിയേറ്റത്. ഇതിന്റെ ഭീതി നിലനില്‍ക്കേയാണ് തെരുവ് നായ്ക്കള്‍ സ്കൂള്‍ വളപ്പില്‍ കടന്നത്. സ്കൂള്‍ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായതോടെയാണ് അവധി നല്‍കിയതെന്നും ശുചീകരണം നടത്തിയ ശേഷം സ്കൂള്‍ തുറക്കുമെന്നും പ്രധാന അധ്യാപിക സുനജ മണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: