പത്തനംതിട്ട: വിവാഹമോചന കേസ് തീര്‍പ്പാകാതെ അനന്തമായി നീട്ടുന്നതില്‍ പ്രതിഷേധിച്ച് കുടുംബകോടതി ജഡ്ജിയുടെ കാര്‍ അടിച്ചുതകര്‍ത്ത മര്‍ച്ചന്റ് നേവി റിട്ടയേര്‍ഡ് ക്യാപ്റ്റനെ പൊലീസ് അറസ്റ്റ് ചെയ്തു.മംഗലാപുരം സ്വദേശിയായ ജയപ്രകാശാണ് പിടിയിലായത്. പത്തനംതിട്ട തിരുവല്ല നഗരസഭ വളപ്പിലെ കുടുംബ കോടതിയില്‍ ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്.
ആറ് വര്‍ഷമായിട്ടും വിവാഹമോചന കേസ് തീര്‍പ്പാകാതെ വന്നതോടെയാണ് ജഡ്ജിയുടെ കാര്‍ അടിച്ചു തകര്‍ത്തത്. ജയപ്രകാശും ഭാര്യയുമായുള്ള കേസ് ഇന്നും കോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും മാറ്റിവച്ചു. പ്രകോപിതനായ ജയപ്രകാശ് സമീപമുളള ചന്തയില്‍ പോയി മണ്‍വെട്ടി വാങ്ങി. തുടര്‍ന്ന് കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജിയുടെ ബോര്‍ഡ് വെച്ച ഔദ്യോഗിക വാഹനത്തിന് മുന്നിലും പിന്നിലുമുള്ള ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.
വിവാഹമോചന കേസില്‍ ജീവനാംശം ആവശ്യപ്പെട്ട് ജയപ്രകാശിന്റെ ഭാര്യയായ അടൂര്‍ സ്വദേശിനി പത്തനംതിട്ട കോടതിയില്‍ കേസ് നല്‍കിയിരുന്നു. കേസ് പിന്നീട് തിരുവല്ല കോടതിയിലേക്ക് മാറ്റി. കേസിന്റെ വിചാരണ അനന്തമായി നീട്ടി ജഡ്ജി ബുദ്ധിമുട്ടിക്കുകയാണെന്നാണ് ജയപ്രകാശ് പറയുന്നത്. നേരത്തേ ജഡ്ജിയെ വിമര്‍ശിച്ച് ജയപ്രകാശ് ഫേസ്ബുക് പോസ്റ്റും ഇട്ടു. സംഭവത്തില്‍ ജയപ്രകാശിനെതിരെ പൊതുമുതല്‍ നശിപ്പിച്ചതടക്കം വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: