ന്യൂയോര്‍ക്ക്: യോഗ ഇന്ത്യയുടെ പാരമ്പര്യമാണ്. അതിന് പകര്പ്പവകാശമൊ പേറ്റന്റുകളോ റോയല്‍റ്റി പേയ്മെന്റോ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ നമ്മുക്ക് ഒരുമിച്ച് കൈകോര്‍ക്കണമെന്നും യുഎന്‍ ആസ്ഥാനത്ത് നടന്ന പ്രത്യേക യോഗ സെഷനു മുമ്പായി അദേഹം പറഞ്ഞു.
ന്യൂയോര്‍ക്കില്‍ നടന്ന യോഗ സെഷന് നയിച്ചുകൊണ്ടാണ് അദേഹം അവിടെ എത്തിയ ജനാവലിയെ അഭിസംബോധന ചെയ്തത്. ഈ സുപ്രഭാതത്തില്‍, നാം ഇവിടെ സമ്പൂര്‍ണ്ണ മനുഷ്യരാശിയുടെ മീറ്റിംഗ് പോയിന്റായ ഐക്യരാഷ്ട്രസഭയില്‍ ഒത്തുകൂടിയിരിക്കുകയാണ്. അത്ഭുതകരമായ ന്യൂയോര്‍ക്ക് നഗരത്തില്‍ ഈ പരിപാടിയുടെ ഭാഗമാകാന്‍ വളരെ ദൂരെ നിന്ന് വന്നിട്ടുണ്ടെന്ന് എനിക്കറിയാം. അവര്‍ക്ക് ഞാന്‍ നന്ദി പറയുന്നുവെന്ന് അദേഹം പറഞ്ഞു.
ഇന്ന് വിവിധ രാജ്യങ്ങളിലുള്ളവര്‍ ഇവിടെ എത്തിചേര്‍ന്നിട്ടുണ്ട്. ഇത് തന്നെയാണ് യോഗ പ്രതിനിധാനം ചെയ്യുന്നതും. യോഗ ഒരുമയുടെ പ്രതീകമാണ്. അതുതന്നെയാണ് നമ്മെ ഇന്ന് ഇവിടെ ഒരുമിപ്പിച്ചതും. ഒന്‍പത് വര്‍ഷം മുമ്പ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആഘോഷിക്കാന്‍ ഇന്ത്യ നിര്‍ദ്ദേശിച്ചതും ഇവിടെ വച്ചാണ്. അന്ന് അതിനു മികച്ച പിന്തുണയാണ് ലഭിച്ചതും. ശേഷം 2023 അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി ആഘോഷിക്കാനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശത്തെയും ലോകം മുഴുവന്‍ പിന്തുണക്കുകയും ചെയ്തു.
യോഗയിലൂടെ നാം ഉദേശിക്കുന്നതും ഇതുതന്നെയാണ്, ലോക നന്മയ്ക്കായി ഒത്തുകൂടുകയെന്ന്. യോഗ ഒരു ജീവിതരീതിയാണ്. ചിന്തയിലും പ്രവര്‍ത്തനത്തിലും ശ്രദ്ധയുണ്ടാകാനുള്ള ഒരു മാര്‍ഗമാണിത്. വ്യക്തിപരമായും മറ്റുള്ളവരോടും പ്രകൃതിയുമായും ഇണങ്ങി ജീവിക്കാനുള്ള ഒരു മാര്‍ഗം കൂടിയാണിത്. യോഗയുടെ മൂല്യങ്ങളെ ശാസ്ത്രീയമായി സാധൂകരിക്കാന്‍ നിങ്ങളില്‍ പലരും പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യത്തിനും സന്തോഷത്തിനും മാത്രമല്ല, പരസ്പരം ദയയുള്ളവരായിരിക്കാനും യോഗയുടെ ശക്തി നമുക്ക് ഉപയോഗിക്കാം. സൗഹൃദ ബന്ധങ്ങള്‍, സമാധാനപൂര്‍ണമായ ലോകം, പച്ചപ്പുള്ളതും വൃത്തിയുള്ളതും, ഹരിതാഭവുമായ മികച്ച ബന്ധങ്ങള്‍ നിര്‍മ്മിക്കാന്‍ നമുക്ക് യോഗയുടെ ശക്തി ഉപയോഗിക്കാം. സുസ്ഥിരമായ ഭാവിക്കായി ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ നമുക്ക് കൈകോര്‍ക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: