ന്യൂദല്‍ഹി: ഇന്ത്യ-ശ്രീലങ്ക അനധികൃത മയക്കുമരുന്ന്, ആയുധ വ്യാപാര കേസില്‍ ലങ്കന്‍ പൗരന്മാര് ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളില്‍ സെല്‍വകുമാര്‍ എം, വിഘ്നേശ്വര പെരുമാള്‍ എന്ന വിക്കി, അയ്യപ്പന് നന്ദു എന്നിവര്‍ ഇന്ത്യക്കാരും ബാക്കിയുള്ള 10 പേര് ശ്രീലങ്കക്കാരുമാണ്.
ഇന്ത്യയിലും ശ്രീലങ്കയിലും എല്‍ടിടിഇയുടെ പുനരുജ്ജീവനത്തിന് ആയുധങ്ങള്‍ ശേഖരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും അനധികൃത മയക്കുമരുന്ന് വ്യാപാരത്തിനും വിഴിഞ്ഞം ആയുധക്കേസിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയിരുന്നു.
പാകിസ്ഥാന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹാജി സലിമില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതികള്‍ വിവിധ വിദേശ വാട്സ്ആപ്പ് നമ്പറുകള്‍ ഉപയോഗിച്ച് രഹസ്യ കച്ചവടം നടത്തിവരികയായിരുന്നു. 2022 ജൂലൈ എട്ടിന് ട്രിച്ചി സ്പെഷ്യല്‍ ക്യാമ്പില്‍ വച്ചാണ് എന്‍ഐഎ ഇവരെ അറസ്റ്റ് ചെയ്തത്.
കുറ്റകൃത്യത്തില്‍ നിന്ന് ലഭിക്കുന്ന തുക ആഡംബര ജീവിതം നയിക്കാനാണ് പ്രതികള്‍ ഉപയോഗിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മുന്‍കൂര്‍ ആക്ടിവേറ്റ് ചെയ്ത ഇന്ത്യന്‍ സിം കാര്‍ഡുകളുള്ള നിരവധി മൊബൈല്‍ ഫോണുകളും ഇവരില്‍നിന്ന് പിടിച്ചെടുത്തു. വിവിധ ഡിജിറ്റല്‍ ഉപകരണങ്ങള്‍, മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച രേഖകള്‍, 80 ലക്ഷം രൂപയുടെ പണം, ഒമ്പത് സ്വര്‍ണക്കട്ടികള്‍ എന്നിവയും അന്വേഷണത്തിനിടെ എന്‍ഐഎ പിടിച്ചെടുത്തു.
ഈ പണവും സ്വര്‍ണവും മയക്കുമരുന്ന് വില്‍പ്പനയില്‍ നിന്നുള്ള വരുമാനമാണ്. ചെന്നൈയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള ഹവാല ശൃംഖല വഴിയാണ് ഇത് എത്തിച്ചിരുന്നത്. ക്രിപ്റ്റോ പ്ലാറ്റ്ഫോമുകള് ഉപയോഗിച്ചുള്ള നിരവധി ഇടപാടുകളും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: