വാഷിങ്ടണ്‍: ഇന്ത്യക്കൊരു പക്ഷമുണ്ടെന്നും അത് സമാധാനത്തിന്റെ പക്ഷമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റിന് നല്കിയ അഭിമുഖത്തില്‍ ഉക്രൈന് വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യ നിഷ്പക്ഷരാഷ്ട്രമാണെന്ന് പലരും പറയുന്നു, എന്നാല്‍ അത് ശരിയല്ല. ഞങ്ങള്‍ക്ക് പക്ഷമുണ്ട്. അത് സമാധാനത്തിന്റേതാണ്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥാനമുണ്ടാകേണ്ടത് ലോകത്തിന്റെ കൂടി ആവശ്യമാണ്. കൗണ്‍സിലിലെ നിലവിലെ അംഗങ്ങളെക്കുറിച്ച് അവലോകനം ചെയ്യണം. ഇന്ത്യയെ അവിടെ വേണമെന്ന് ലോകം ആവശ്യപ്പെടണം, പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് വാള് സ്ട്രീറ്റ് നരേന്ദ്ര മോദിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്.
സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് താനെന്ന് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. എന്റെ രാജ്യത്തിന്റെ പാരമ്പര്യമാണ് എന്റെ പ്രചോദനം. ഭാരതത്തിന്റെ പൈതൃകം, ഗുണങ്ങള്‍… ഇതെല്ലാം എന്റെ പെരുമാറ്റത്തെ സ്വാധീനിക്കും. ലോകത്തിന് മുന്നില്‍ ഞാനെന്റെ രാജ്യത്തെ, അതിന്റെ എല്ലാ ശക്തിയോടെയും തനിമയോടെയും അവതരിപ്പിക്കുകയാണ്. ചിന്തകളിലും പെരുമാറ്റത്തിലും കൂടി അതാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്, പ്രധാനമന്ത്രി പറഞ്ഞു.
അമേരിക്കയുടെയും ഇന്ത്യയുടെയും നേതാക്കള്‍ക്കിടയില്‍ മുന്‍പെങ്ങും ഇല്ലാത്ത വിധം ആഴത്തിലുള്ള വിശ്വാസവും അടുപ്പവും ഉരുത്തിരിഞ്ഞിട്ടുണ്ട്. ലോകത്തിന് മുന്നില്‍ ഇന്ത്യ ഉന്നതവും വിശാലവും അഗാധവുമായ സ്ഥാനം അര്‍ഹിക്കുന്നുണ്ട്. വ്യാപാരം, സാങ്കേതികവിദ്യ, ഊര്‍ജം എന്നിവയിലേക്കും വ്യാപിക്കുന്ന പങ്കാളിത്തത്തിന്റെ ഒരു പ്രധാന തൂണാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന്, വിതരണ ശൃംഖലകളില്‍ കൂടുതല്‍ വൈവിധ്യവല്‍ക്കരണം ഉണ്ടായിരിക്കണം, പ്രധാനമന്ത്രി പറഞ്ഞു.
ഒരു രാജ്യത്തെയും മാറ്റി നിര്‍ത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഉള്‍ക്കൊള്ളലും സ്വാംശീകരിക്കലുമാണ് ഇന്ത്യയുടെ സ്വഭാവം. അകറ്റലും ഒഴിവാക്കലുമല്ല. ഇതിലൂടെയാണ് ഇന്ത്യ ലോകത്ത് ശരിയായ സ്ഥാനമുറപ്പിക്കുന്നത്. ഇന്ന് ലോകം മുമ്പത്തേക്കാള്‍ പരസ്പരബന്ധിതവും പരസ്പരാശ്രിതവുമാണ്. ചൈനയുമായുള്ള ബന്ധം സാധാരണനിലയിലാകുന്നതിന് അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം അനിവാര്യമാണ്. എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര നിയമങ്ങളെയും പരസ്പരം പരമാധികാരത്തെയും മാനിക്കണം. തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് നയതന്ത്രവും സംഭാഷണവും ഉപയോഗിച്ചാണ്, യുദ്ധത്തിലൂടെയല്ല.
രാജ്യങ്ങളുടെ തനിമയെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നതിലും നിയമവാഴ്ച പാലിക്കുന്നതിലും ഭിന്നതകളും തര്‍ക്കങ്ങളും സമാധാനപരമായി പരിഹരിക്കുന്നതിലും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. എന്നാല്‍ പരമാധികാരവും അഭിമാനവും സംരക്ഷിക്കാന്‍ ഇന്ത്യ പൂര്‍ണ സജ്ജവും പ്രതിജ്ഞാബദ്ധവുമാണ്. ഞങ്ങള്‍ സമാധാനത്തിന്റെ പക്ഷത്താണ്. ഇന്ത്യയുടെ പ്രഥമ പരിഗണന സമാധാനത്തിനാണെന്ന് ലോകത്തിന് പൂര്‍ണ വിശ്വാസമുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കാനും ശാശ്വത സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനുമുള്ള കഴിയുന്ന എല്ലാ ശ്രമങ്ങളും ഇന്ത്യ ചെയ്യും, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: