ദുബായ് : അന്താരാഷ്‌ട്ര യോഗ ദിനാഘോഷങ്ങൾക്ക് യുഎഇയിൽ തുടക്കമായി. ഇതിനോടനുബന്ധിച്ച് യുഎഇയിലെ പ്രമുഖ എമിറേറ്റുകളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ദുബായിയിലും, അബുദാബിയിലും ഷാർജയിലും വിദേശികളും സ്വദേശികളുമടക്കം ആയിരക്കണക്കിന് പേർ പങ്കെടുത്ത യോഗ ദിനാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. ഭാരതം ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നായ യോഗയുടെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിലായിരുന്നു പരിപാടിയുടെ അവതരണം.
യോഗ ദിനമായ ജൂൺ 21 ന് മുന്നോടിയായി ശനിയാഴ്ച ദുബായ് എക്സ്പോ സിറ്റിയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ദുബായിയിലെ ഇന്ത്യൻ കോൺസുൽ ജനറൽ അമൻ പുരി മുഖ്യാതിഥിയായി. യോഗ എന്നത് വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രമല്ല മറിച്ച് “വസുദൈവ കുടുംബകം ” അഥവ ലോകം ഒരു കുടുംബം എന്ന മഹത്തായ ആശയത്തെ ലോകത്തിന് മുന്നിൽ എടുത്ത് കാണിക്കാനും വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയിലെ സമൂഹം യോഗയെ പ്രോത്സാഹിപ്പിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം യോഗയെ ഇനിയും മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കാൻ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു. യോഗ എന്നത് കുറെ ശാരീരിക അഭ്യാസ പ്രകടനങ്ങൾക്ക് ഉപരി ശാരീരികവും മാനസികവും സാമൂഹികവുമായ മികവുറ്റ ഘടകങ്ങളെ സ്വാംശീകരിക്കാനുള്ള ഒരു ഉപാധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർട്ട് ഓഫ് ലിവിങിന്റെ നിരവധി യോഗാചാര്യൻമാരും പരിപാടിയുടെ ഭാഗമായി യോഗാഭ്യാസികൾക്ക് പരിശീലനം നൽകി. വിവിധ യോഗാസനങ്ങൾ, പ്രാണയാമ, മെഡിറ്റേഷൻ , യോഗയിൽ കൂടിയുള്ള ആധ്യാത്മികത തുടങ്ങി നിരവധി വിഷയങ്ങൾ ആചാര്യൻമാർ പരിശീലകർക്ക് പകർന്ന് നൽകി. എക്സ്പോ സിറ്റിയിൽ പ്രായഭേദമന്യേ ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്. എക്സ്പോ സിറ്റിക്ക് പുറമെ ഇന്ത്യൻ വുമൻ ദുബായ് സംഘടനയുമായും ചേർന്നു കൊണ്ടാണ് യോഗ ദിനമായ ജൂൺ 21 വരെയുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഷാർജയിലെ സ്കൈ ലൈൻ യൂണിവേഴ്സിറ്റിയിൽ ഞായറാഴ്ച വൈകീട്ട് ഗംഭീരമായ യോഗാ ദിനാഘോഷമാണ് സംഘടിപ്പിച്ചത്. ആയിരക്കണക്കിന് ഷാർജ നിവാസികളും നൂറ് കണക്കിന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. യൂണിവേഴ്സിറ്റിക്ക് പുറമെ ഷാർജ സ്പോർട്സ് കൗൺസിലുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലകളിലെ നിരവധി പ്രമുഖർ ആഘോഷത്തിൽ പങ്കെടുത്തു. യുഎഇക്ക് പുറമെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരും യോഗാഭ്യാസ പ്രകടനത്തിൽ പങ്കു ചേർന്നു. യോഗയിലൂടെ തങ്ങളുടെ ജീവിതത്തിന് ഗുണപരമായ നിരവധി മാറ്റങ്ങളാണ് വന്നതെന്നും യോഗയെ ഇനിയും കൂടുതൽ പ്രചരിപ്പിക്കാൻ ശ്രമിക്കുമെന്നും വിദേശികൾ വ്യക്തമാക്കി.
അബുദാബിയിലെ പ്രശസ്തമായ ലൂവ്രേ ഗാലറിയിലാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. “വസുദൈവക കുടുംബത്തിനായി യോഗ” എന്ന ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിച്ചത്. യു എ ഇ മന്ത്രി നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ മുഖ്യാതിഥിയായി. ആരോഗ്യമുള്ള മനസിനും ശരീരത്തിനും യോഗ ഏറെ നിർണായ ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. യോഗാചാര്യൻമാരുടെ നേതൃത്വത്തിൽ 40 മിനുട്ട് നീണ്ട് നിന്ന യോഗ വർക്ക് ഷോപ്പ് പരിപാടിയുടെ ഭാഗമായി നടന്നു. കുട്ടികൾ അടക്കം 350 ഓളം പേർ ആഘോഷത്തിന്റെ ഭാഗമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: