കൊച്ചി : ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് കേരളത്തില്‍ പല സ്ഥലങ്ങളിലും എന്‍ഫോഴ്സ്മെന്റിന്റെ തെരച്ചില്‍. 10,000 കോടിയുടെ ഹവാല ഇടപാടുകള്‍ കേരളം കേന്ദ്രീകരിച്ച് നടക്കുന്നതായി രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധനകള്‍ നടക്കുന്നത്. തിങ്കളാഴ്ച വൈകിട്ടോടെ ഇഡി തെരച്ചില്‍ ആരംഭിച്ചതാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 150 ഓളം ഇഡി ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നുണ്ടെന്നാണ് വിവരം.
വിവിധ ജില്ലകളിലായി 25ാളം കേന്ദ്രങ്ങളിലാണ് നിലവില്‍ ഇഡിയുടെ തെരച്ചില്‍ നടക്കുന്നത്. കൊച്ചിയില്‍ പെന്റാ മേനക ഷോപ്പിങ് മാളിലെ മൊബൈല്‍ ആക്സസറീസ് മൊത്ത വില്‍പ്പനശാല, ബ്രോഡ് വേയ്ക്കു സമീപമുള്ള സൗന്ദര്യവര്‍ധക വസ്തുക്കളും ഇലക്ട്രോണിക് സാധനങ്ങളും വില്‍ക്കുന്ന മൊത്ത വില്‍പ്പനശാല, കോട്ടയത്ത് ചിങ്ങവനം, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ ഭാഗങ്ങളിലെ ട്രാവല്‍ ഏജന്‍സികള്‍, തുണിത്തരങ്ങളുടെ വില്‍പ്പനശാലകള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.
കൊച്ചിയിലെ പെന്റാ മേനകയില്‍ മാത്രം ദിവസവും 50 കോടി രൂപയുടെ ഹവാല ഇടപാട് നടക്കുന്നുണ്ടെന്നാണ് ഇഡി കണ്ടെത്തിയത്. കൊച്ചിയും കോട്ടയവും കേന്ദ്രീകരിച്ചാണ് നിലവില്‍ ഹവാല ഇടപാടുകള്‍ കൂടുതലായി നടക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ തെരച്ചില്‍. റെയ്ഡില്‍ നിന്നും വിദേശപണം ഉള്‍പ്പടെ കണ്ടെത്തിയതായും വിവരമുണ്ട്. വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഏറ്റവും വലിയ റെയ്ഡാണിത്. രാഷ്ട്രീയ- വ്യവസായ- ഉദ്യോഗസ്ഥ ബന്ധങ്ങളും ഹവാല ഇടപാടുകളിലുണ്ടെന്ന് ഇഡി സ്ഥിരീകരിക്കുന്നുണ്ട്.
മണി എക്സ്ചേഞ്ചുകള്‍, ജൂവലറികള്‍, തുണിക്കടകള്‍, മൊബൈല്‍ വില്‍പ്പനശാലകള്‍, ട്രാവല്‍ ഏജന്‍സികള്‍, വിലയേറിയ സമ്മാനങ്ങള്‍ വില്‍ക്കുന്നയിടങ്ങള്‍ എന്നിവിടങ്ങളാണ് ഹവാലപ്പണം ഒഴുകുന്ന പ്രധാന കേന്ദ്രങ്ങള്‍. അമ്പതോളം രാജ്യങ്ങളില്‍നിന്നുള്ള ഹവാല ഇടപാടുകള്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. 10,000 കോടി രൂപയുടെ ഹവാല ഇടപാടെന്നത് ഏകദേശ കണക്കുകള്‍ മാത്രമാണ്. തെരച്ചില്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ യഥാര്‍ത്ഥ കണക്കുകള്‍ കണ്ടെത്താനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: