കൊച്ചി: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരേ മൊഴി നല്‍കാന്‍ ഡിവൈഎസ്പി റസ്തം ഭീഷണിപ്പെടുത്തിയെന്ന് മോന്‍സന്‍ മാവുങ്കല്‍. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരാക്കിയപ്പോഴാണ് ഡിവൈഎസ്പിക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചത്.
പോക്‌സോ കേസില്‍ വിധി വന്നതിന് പിന്നാലെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കോടതിയില്‍നിന്ന് കൊണ്ടു പോകും വഴി കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിന് സമീപമുള്ള പെട്രോള്‍ പമ്പിന് അടുത്തായി വാഹനം നിര്‍ത്തിയശേഷം ഭീഷണിപ്പെടുത്തി. വഞ്ചനാക്കേസില്‍ സുധാകരന്‍ 25 ലക്ഷം രൂപ വാങ്ങിയെന്ന് മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരന്‍ അടുത്തുണ്ടായിരുന്നെന്ന് മൊഴി നല്‍കണമെന്നും പറഞ്ഞു.
സുധാകരനെതിരേ മൊഴി നല്‍കിയില്ലെങ്കില്‍ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്നും ഡിവൈഎസ്പി ഭീഷണി മുഴക്കിയെന്ന് മോന്‍സന്‍ ആരോപിച്ചു. എല്ലാം നഷ്ടപ്പെട്ട രാജാവിന്റെ ഭാര്യയും മക്കളും അടിമകളാകുന്നതുപോലെ നിന്റെ കുടുംബവും ഇപ്പോൾ അടിമകളാണെന്ന് പറഞ്ഞതായും മോൻസൻ കോടതിയെ അറിയിച്ചു. ഇതോടെ എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് വഴി ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
മോൻസനെതിരായ പോക്സോ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് റസ്തം. ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ്, സുധാകരനെതിരെ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് സമ്മർദ്ദം ചെലുത്തിയതായി മോൻസൻ വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: