മലയാളിയും നിരോധിത ഭീകര സംഘടനയായ സിമിയുടെ മുന്‍നേതാവും, പാക് ചാരസംഘടനയായ ഐഎസ്ഐയുടെ എജന്റും, ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുന്നയാളുമായ മുഹമ്മദ് ബഷീറിനെ കാനഡയില്‍ നിന്ന് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരിക്കുന്നു. ഈ വാര്‍ത്ത സാധാരണഗതിയില്‍ രാജ്യത്തെ ഓരോ പൗരനെയും പ്രത്യേകിച്ച് മലയാളികളെ ഞെട്ടിക്കുന്നതായിരുന്നു. പത്തുപേരുടെ ജീവനപഹരിച്ച മുംബൈ മുലുന്ദ് ട്രെയിന്‍ ഭീകരാക്രമണക്കേസിലെ പ്രതിയും, തങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ, പാകിസ്ഥാന് നല്കിയ 50 കൊടുംഭീകരരില്‍ ഒരാളുമാണ് ഇയാളെന്ന വസ്തുത ആര്‍ക്കാണ് കണ്ടില്ലെന്ന് നടിക്കാനാവുക? താലിബാന് തലവനായിരുന്ന മുള്ള ഉമറിന്റെയും, അല്‍ഖ്വയ്ദ തലവനായിരുന്ന ബി ന്ലാദന്റെയും, ഐഎസിന് നേതൃത്വം നല്കിയ അബൂബക്കര്‍ ബാഗ്ദാദിയുടെയുമൊക്കെ നിരയില്‍ വരുന്ന ആഗോളഭീകരനാണ് ‘കാം ബഷീര്‍’ എന്ന പേരിലറിയപ്പെടുന്ന ഈ ആലുവ സ്വദേശിയെന്നത് അവിശ്വസനീയമായി തോന്നാമെങ്കിലും അതൊരു സത്യമാണ്. ബിന്‍ലാദനെപ്പോലെ ഇയാളും ഒരു എഞ്ചിനീയറാണ്. കേരളത്തിലടക്കം ഇന്ത്യയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയ സിമിയുടെ ദേശീയ അധ്യക്ഷനായിരുന്ന ബഷീര്‍ പാകിസ്ഥാനിലും ഷാര്‍ജയിലും ഗള്‍ഫ് രാജ്യങ്ങളിലും തങ്ങി ഇന്ത്യയിലെ ഭീകരരുമായി ബന്ധം സ്ഥാപിച്ച് വിധ്വംസക പ്രവര്‍ത്തനം നടത്തിവരികയായിരുന്നു. സൗദിയില്‍ ഭീകരപ്രവര്‍ത്തന സെല്‍ നടത്തി നിരവധി യുവാക്കളെ ഭീകരവാദ സംഘടനകളിലേക്ക് എത്തിച്ചിട്ടുള്ളതായാണ് വിവരം. തീര്‍ച്ചയായും ഇതില്‍ മലയാളികളുമുണ്ടാവും.
കാനഡയില്‍നിന്ന് കടന്നുകളയാന്‍ ശ്രമിക്കുമ്പോള്‍, മുംബൈ ക്രൈംബ്രാഞ്ചിന്റെ റെഡ് കോര്‍ണര്‍ നോട്ടീസുള്ളതിനാല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ഇയാളെ തിരിച്ചറിഞ്ഞ് ഇന്ത്യയെ അറിയിക്കുകയും അറസ്റ്റു ചെയ്യുകയുമായിരുന്നു. ബഷീര്‍ തന്നെയാണോ ഇയാളെന്ന് സ്ഥിരീകരിക്കുന്നതിനായി ആലുവയില്‍ കഴിയുന്ന സഹോദരിയുടെ രക്തമെടുത്ത് ഡിഎന്‍എ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് അന്വേഷണ ഏജന്‍സി. പ്ലാസ്റ്റിക് സര്‍ജറി നടത്തി മുഖത്ത് രൂപംമാറ്റം വരുത്തിയതിനാലാണ് ഇങ്ങനെയൊരു പരിശോധന വേണ്ടിവരുന്നത്. എന്നാല്‍ ഇതുമായി സഹകരിക്കാന്‍ സഹോദരി തയ്യാറായില്ലത്രേ. ദീര്‍ഘകാലമായി അപ്രത്യക്ഷനായ ഒരാളുടെ ഡിഎന്‍എ പരിശോധനയ്ക്ക് ഇപ്പോള്‍ രക്തം ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്ന ഇവരുടെ വാദം കോടതി തള്ളിക്കളയുകയായിരുന്നു. ഇതില്‍നിന്ന് ഊഹിക്കാവുന്ന ചില കാര്യങ്ങളുണ്ട്. ദീര്‍ഘനാളായി അപ്രത്യക്ഷനായിരുന്നിട്ടും ഇയാളെക്കുറിച്ച് എന്താണ് കുടുംബം അധികൃതരെ അറിയിക്കാതിരുന്നത്. കേരളം ഐഎസ് ഭീകരവാദത്തിന്റെ വിളനിലമാണെന്നതിന്റെ ആധികാരികമായ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിട്ടുള്ളതാണ്. ഇതുമായി ബഷീറിനുള്ള ബന്ധത്തെക്കുറിച്ച് അയാളുടെ കുടുംബം യാതൊന്നും അറിയാതിരിക്കുകയാണോ? കുടുംബവുമായുള്ള ബന്ധം ഇയാള്‍ നിലനിര്‍ത്തുകയും പണമയയ്ക്കുകയും ചെയ്തിട്ടുണ്ടാവാം. അപ്പോള്‍ ഇയാളുടെ ജോലി എന്താണന്ന് അന്വേഷിക്കാനും അറിയാനുമുള്ള ബാധ്യത ഈ കുടുംബത്തിന് ഉണ്ടായിരുന്നില്ലേ? അറിഞ്ഞിട്ടും അത് മറച്ചുവയ്ക്കുകയായിരുന്നോ? ഈ ഭീകരന് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനൊപ്പം ഈ വക കാര്യങ്ങളും പുറത്തുവരേണ്ടതുണ്ട്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ അപ്രതീക്ഷിതമായി അന്വേഷണ ഏജന്‍സികളുടെ പിടിയിലാവുമ്പോഴോ, സുരക്ഷാ ഭടന്മാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയോ ചെയ്യുമ്പോള്‍ കുടുംബക്കാര് തള്ളിപ്പറയാറുണ്ട്. പക്ഷേ ഇങ്ങനെയൊരു പതനത്തിലെത്തുന്നതിനുമുന്പ് ലഭ്യമായ വിവരങ്ങളോ സംശയങ്ങളോ അധികൃതരെ അറിയിക്കുന്നതില്‍ കുടുംബക്കാര് താല്‍പ്പര്യം കാണിക്കാറില്ല എന്നത് ഒരു അപ്രിയസത്യമാണ്. കാലെകൂട്ടി വിവരം ലഭിച്ചാല്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന പലരെയും പിന്തിരിപ്പിക്കാന് കഴിയും. ചിലരെ പിടികൂടാന്‍ കഴിഞ്ഞാല്‍ വലിയ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞേക്കും. ഇക്കാര്യത്തില്‍ അങ്ങേയറ്റം നിഷേധാത്മക സമീപനമാണ് മാധ്യമങ്ങളും, പ്രത്യേകിച്ച് മലയാള മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. വസ്തുതകള്‍ കാണാന്‍ കൂട്ടാക്കാതെയും വളച്ചൊടിച്ചും സത്യാവസ്ഥ മറച്ചുപിടിക്കുകയും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന പണിയാണ് പല മാധ്യമങ്ങളും എടുക്കുന്നത്. കേരളസമൂഹത്തില്‍ ഭീകരവാദം ഇല്ലെന്നും, ഉണ്ടെന്ന് പറയുന്നത് വെറും പ്രചാരണമാണെന്നും ആവര്‍ത്തിക്കുന്ന മാധ്യമങ്ങളാണ് അധികവുമുള്ളത്. കൊടുംഭീകരനായ ‘കാം ബഷീര്‍’ കാനഡയില്‍ പിടിയിലായിട്ടും അത് ബ്രേക്കിങ് ന്യൂസും വാര്‍ത്തയും തുടര്‍വാര്‍ത്തയും ചാനല്‍ ചര്‍ച്ചയുമൊന്നും ആവാത്തത് ഇതിനാലാണ്. അവസരം കിട്ടിയാല്‍ അന്വേഷണ ഏജന്‍സികളെ ഈ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുകയും ചെയ്യും. ഭീകരര്‍ നടത്തുന്ന കൊലപാതകവും അപകടമരണമായി ചിത്രീകരിക്കാനും ചില മാധ്യമങ്ങള്‍ തയ്യാറാവുന്നു. കേരളം ഭീകരവാദികളുടെ സിരാകേന്ദ്രമായി തുടരുന്നതിന്റെയും, കാം ബഷീറുമാര്‍ ഉണ്ടാവുന്നതിന്റെയും പല കാരണങ്ങളില്‍ ഒന്നാണിതെന്ന് നിസ്സംശയം പറയാം. ഇത്തരം മാധ്യമങ്ങള്‍ക്ക് ഇനിയെങ്കിലും വീണ്ടുവിചാരമുണ്ടാവണം. ആത്മഹത്യാപരമായ സമീപനം കയ്യൊഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: