പത്തനംതിട്ട: വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് കാരംവേലി എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിക്കും.ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി. ജയന് വായനാദിന സന്ദേശം നല്‍കും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ ചെയര്മാന് ഡോ. ഏബ്രഹാം മുളമ്മൂട്ടില്‍ വായനാദിന പ്രതിജ്ഞ ചൊല്ലും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി. നായര്‍ വായന അനുഭവം പങ്കുവയ്ക്കും.രാവിലെ 10.30ന് ഉന്നതപഠനവും വായനയും എന്ന വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി. ആനന്ദന് സ്വാഗതവും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ സെക്രട്ടറി സി.കെ. നസീര്‍ നന്ദിയും പറയും.
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ മഹനീയ നേതാക്കളായ പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19ന് ആരംഭിച്ച് ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴിന് സമാപിക്കുന്ന രീതിയിലാണ് വിപുലമായ പരിപാടികളോടെ ഈ വര്‍ഷത്തെ വായനപക്ഷാചരണം സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാഭരണകേന്ദ്രം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്, വിദ്യാഭ്യാസ വകുപ്പ്, നാഷണല്‍ സര്‍വീസ് സ്കീം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ സാക്ഷരതാമിഷന്‍, മറ്റ് വിവിധ വകുപ്പുകളും സംഘടനകളും സംയുക്തമായാണ് വായനപക്ഷാചരണം സംഘടിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ സ്കൂളുകളിലും കോളജുകളിലും ഗ്രന്ഥശാലകളിലും വായനദിനത്തില്‍ പരിപാടികള്‍ നടക്കും. വായനയെ പരിപോഷിപ്പിക്കുന്നതിനായി വിവിധ പ്രചാരണങ്ങള്‍, മത്സരങ്ങള്‍, സെമിനാറുകള്‍, ഗ്രന്ഥശാലകളില്‍ പുതിയ അംഗത്വ കാമ്പയിന്, പുസ്തകങ്ങളുടെ പ്രദര്‍ശനം, ആസ്വാദന കുറിപ്പ് തയാറാക്കല്‍, പാഠ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വായനപക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: