കാസര്‍കോട്: എസ്എഫ്ഐ മുന്‍നേതാവും തൃക്കരിപ്പൂര്‍ സ്വദേശിനിയുമായ കെ. വിദ്യ അധ്യാപക ജോലിക്കായി കരിന്തളം ഗവ. കോളജില്‍ ഹാജരാക്കിയത് വ്യാജസര്‍ട്ടിഫിക്കറ്റാണെന്ന് വിശദമായ പരിശോധനയില്‍ സ്ഥിരീകരിച്ചു. മഹാരാജാസ് കോളജിന്റെ ഒപ്പും സീലും വ്യാജമായുണ്ടാക്കിയാണ് കോളജില്‍ വിദ്യ അഭിമുഖത്തിന് ഹാജരായതും ജോലി നേടിയതുമെന്ന് കോളജിയറ്റ് എജുക്കേഷന്‍ സംഘം നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. വ്യാജരേഖ ഹാജരാക്കി വിദ്യ അധ്യാപനം നടത്തിയ കോളജില്‍ ഉന്നത വിദ്യാഭ്യാസ അധികൃതര്‍ പരിശോധന നടത്തി. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറും സംഘവുമാണ് കഴിഞ്ഞ ദിവസം കരിന്തളത്തെത്തിയത്.
അഭിമുഖ പാനലിലുണ്ടായിരുന്ന അധ്യാപകരില്‍ നിന്ന് സംഘം വിവരം ശേഖരിച്ചു. വിദ്യ അഭിമുഖത്തിനായി ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചാണ് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചത്. അഭിമുഖത്തില്‍ വിദ്യ ഹാജരാക്കിയ വ്യക്തിഗത വിവരണത്തില്‍ മഹാരാജാസ് കോളജില്‍ രണ്ട് വര്‍ഷം ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്തിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് തെളിയിക്കാനാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അതോടൊപ്പം ചേര്‍ത്തുവച്ചത്. വ്യക്തിഗത വിവരണത്തിന് ചുവടെ വിദ്യ സ്വന്തം കൈപ്പടയില്‍ ഒപ്പുവച്ചിട്ടുമുണ്ട്. മഹാരാജാസ് കോളജിന്റെ ഒപ്പും സീലും വ്യാജമായുണ്ടാക്കിയാണ് കരിന്തളം കോളജില്‍ ജോലി നേടിയതെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദ്യ കൈപ്പറ്റിയ വേതനം തിരിച്ചു പിടിക്കുന്നതടക്കമുള്ള നടപടിക്ക് ശിപാര്‍ശ ചെയ്യും. കോളജില്‍ ജോലി ചെയ്തത് വ്യജരേഖയുപയോഗിച്ചാണെന്ന് കാണിച്ച് പ്രിന്‍സിപ്പല്‍ നീലേശ്വരം പോലീസില്‍ നല്കിയ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: