ഇംഫാല്‍: മണിപ്പൂരിന്റെ ക്രമസമാധാന നില തകര്‍ത്ത, ഗോത്ര സംഘര്‍ഷങ്ങളില്‍ മനംമടുത്ത് സ്ത്രീകള്‍ തെരുവിലിറങ്ങി. സംസ്ഥാനത്തെ വിവിധ ജില്ലകളിള്‍ നിന്നായി നൂറുകണക്കിന് സ്ത്രീകളാണ് അക്രമത്തെ അപലപിച്ച് കൊളുത്തിയ പന്തങ്ങളുമായി നിരത്തുകളില്‍ ചങ്ങല തീര്‍ത്തത്. ശനിയാഴ്ച രാത്രി ഏഴ് മുതല്‍ എട്ട് വരെയായിരുന്നു അവരുടെ പ്രതിഷേധം.
മണിപ്പൂരില്‍ ദേശിയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കണമെന്ന് തെരുവിലിറങ്ങിയ മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ നാല്‍പ്പത്തഞ്ച് ദിവസമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇന്നലെ ഇളവ് നല്കി. ഇന്നലെ രാവിലെ അഞ്ച് മുതല്‍ വൈകിട്ട് അഞ്ച് വരെയായിരുന്നു ഇളവ്. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയാതിരുന്ന ജനങ്ങള്‍ക്ക് വലിയൊരാശ്വാസമായി ഈ തീരുമാനം. ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് ചിലയിടങ്ങളില്‍ 20 വരെ നീട്ടി. ഇന്നലെയും ഇംഫാലില്‍ സൈന്യം ഫഌഗ് മാര്‍ച്ച് നടത്തി.
അതേസമയം, സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് മിസോറം മുഖ്യമന്ത്രി സോറാംതങ്ങയോട് സഹായം അഭ്യര്‍ഥിച്ചു. സംഘര്‍ഷമവസാനിപ്പിക്കാനുള്ള പരിഹാരമാര്‍ഗങ്ങളും നടപടികളും നിര്‍ദേശിക്കണമെന്നായിരുന്നു അഭ്യര്‍ഥന. പ്രശ്‌നം പരിഹരിക്കാന്‍ ചില നടപടകിള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും സംഘര്‍ഷത്തെ അപലപിക്കുന്നുവെന്നും മിസോറം മുഖ്യമന്ത്രി അറിയിച്ചു.
അതിനിടെ, മണിപ്പൂരിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ മയക്കുമരുന്ന് കടത്ത് നടക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍. മെയ് മൂന്നിന് സംഘര്‍ഷം ആരംഭിച്ചതു മുതല്‍ അയല്‍ സംസ്ഥാനമായ മിസോറം വഴി മയക്കുമരുന്നെത്തുകയാണ്. ഇത്തരത്തിലെത്തിയ കോടികളുടെ മയക്കുമരുന്നുകള്‍ മിസോറം പോലീസ് പിടികൂടി. മെയ് മൂന്നു മുതല്‍ ഇതുവരെ 78 കോടി രൂപയുടെ മയക്കുമരുന്നാണ് മിസോറം പോലീസ് പിടികൂടിയത്. മണപ്പൂരിലെ സംഘര്‍ഷ മേഖലകളിലേക്ക് കടത്താനുള്ളതായിരുന്നു ഇവയെന്നാണ് വിവരം. മയക്കുമരുന്നുകടത്തിനെതിരായ എന്‍. ബിരേന്‍ സിങ്ങിന്റെ നീക്കമാണ് സമീപകാല അക്രമങ്ങള്‍ക്ക് പിന്നിലെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: