പാലക്കാട് : 2014ല്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ ഷിബിന്‍ ഇന്ന് ലോട്ടറി വില്‍പ്പനക്കാരനാണ്. ആനക്കര പഞ്ചായത്തിലെ കുമ്പിടി ഉമ്മത്തൂര്‍ കൊല്ലഴി പറമ്പില്‍ സുകുമാരന്‍ – ബീന ദമ്പതികളുടെ മകനായ ഷിബിന്‍ എറണാകുളം ജില്ലയിലെ മാതിരപ്പളളി വിഎച്ച്എസ്എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയത്.
തവനൂര്‍ കേളപ്പജി സ്കൂളില്‍ ഏഴാംക്ലാസ് വരെ പഠിച്ച് സ്പോര്‍ട്സിലുള്ള താല്പര്യമാണ് മാതിരപ്പളളി സ്കൂളില്‍ എത്തുവാനുള്ള കാരണം. ചേര്‍ന്ന വര്‍ഷം തന്നെ സ്കൂളിന് വേണ്ടി സ്വര്‍ണമെഡല്‍ നേടിയെങ്കിലും പിന്നീട് ഉയരക്കുറവിന്റെ പേരില്‍ കായികമേളകളില്‍ നിന്ന് മാറ്റിനിര്‍ത്തി. ഒമ്പതാം ക്ലാസ് വരെ അവിടെ തുടര്‍ന്ന ഷിബിന്‍ തുടര്‍പഠനത്തിന് തവനൂര്‍ കേളപ്പജി സ്കൂളില്‍ ചേര്‍ന്നു.
തുടര്‍ന്ന് തൃത്താല ഗവ. കോളേജില്‍ ബിഎ ഇംഗ്ലീഷിന് ചേര്‍ന്നു. ഉയരക്കുറവാണ് കായികമേളകളില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള കാരണമെന്ന് മനസിലാക്കിയതിനാല്‍ യൂട്യൂബ് വഴി വെയിറ്റിങ് ലിഫ്റ്റില്‍ പരിശീലനം തുടങ്ങി. കോളേജുതല മീറ്റില്‍ രണ്ടുതവണ വെയിറ്റ് ലിഫ്റ്റിങില്‍ വെള്ളി, വെങ്കല മെഡല്‍ നേടി.
പഠനത്തിന് സാമ്പത്തിക സഹായം നല്‍കിയത് കോളേജ് അധ്യാപകരായിരുന്നു. ഡിഗ്രി പഠനത്തിനുശേഷം ഉപജീവനമായി ആനക്കരയില്‍ ലോട്ടറിക്കടയില്‍ ജോലിക്ക് നില്‍ക്കുകയാണ്. തുടര്‍പഠനവും കായികരംഗത്ത് ഉന്നതിയിലെത്തണമെന്ന ആഗ്രഹവുമാണ് ഷിബിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: