Categories: Varadyam

പന്തടിക്കാം ആവേശത്തിലേക്ക്

അന്യംനിന്നു പോകുമായിരുന്ന നാടന്‍ പന്തുകളി ഇപ്പോള്‍ നവോത്ഥാനത്തിന്റെ പാതയിലാണ്. കേരളാ നേറ്റീവ് ബോള്‍ ഫെഡറേഷന്‍, നേറ്റീവ് ബോള്‍ അസോസിയേഷന്‍ എന്നീ സംഘടനകള്‍ വിവിധ സ്ഥലങ്ങളില്‍ നാടന്‍ പന്തുകളി സംഘടിപ്പിക്കാറുണ്ട്.

Published by

രഞ്ജു പി.ബി

ലപ്പുറത്തുകാര്‍ക്ക് ആവേശം ഫുട്‌ബോളാണെങ്കില്‍ കോട്ടയത്തിന് നാടന്‍ പന്തുകളിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടിന്‍പുറത്തുകാര്‍ സമയം പോക്കിനായി തുണി, റബ്ബര്‍പ്പാലില്‍ മുക്കിയുണ്ടാക്കുന്ന പന്ത് ഉപയോഗിച്ച് കളിച്ചു തുടങ്ങിയതാണ് നാടന്‍പന്തുകളി. ഇപ്പോളിത് ആയിരങ്ങള്‍ കാഴ്ചക്കാരുള്ള ടൂര്‍ണമെന്റുകളായി മാറി. പതിനായിരങ്ങളാണ് സമ്മാനത്തുക. പന്ത് പലരീതിയില്‍ വെട്ടുന്ന കളിക്ക് വെട്ടു പന്തുകളിയെന്നും പറയുന്നു. കൈകൊണ്ടും കാലുകൊണ്ടും അടിച്ചാണ് നാടന്‍പന്തുകളി. നാടന്‍പന്തുകളിയുടെ ആവേശം കടല്‍ കടന്ന് വിദേശമണ്ണിലും എത്തിത്തുടങ്ങി. തുണിപ്പന്തിന്റെ രൂപം മാറി പകരം തുകല്‍ പന്തുകളായി.

ടീം

ഒരു ടീമില്‍ പ്രധാന കളിക്കാരായി ഏഴു പേരും പകരക്കാരായി മൂന്ന് പേരും ഉണ്ടാകും. എതിര്‍ ടീം വെട്ടുന്ന പന്ത് നിലത്തു മുട്ടുന്നതിനു മുന്‍പ് പിടിച്ചെടുക്കാന്‍ മൂന്നു ചേര്‍ പിടുത്തക്കാരായി എതിര്‍ക്കളത്തിലുണ്ടാകും. ബാക്കിനാലു പേര്‍ പന്ത് അടിക്കുന്നതിനാായി തയ്യാറായി നില്‍ക്കും.

കളി

നാടന്‍ പന്തുകളിയില്‍ ഒറ്റ, പെട്ട, പിടിയന്‍, താളം, കീഴ്, ഇണ്ടന്‍ എന്നിങ്ങനെ ആറുതരത്തിലുള്ള വെട്ടുകളാണുള്ളത്. ഒരു ടീമിലെ ഏഴു പേരും വെട്ടിക്കഴിയുമ്പോള്‍ ഒരു വര പൂര്‍ത്തിയാകും. ഇങ്ങനെ അഞ്ചു വരയാണ് മത്സരം. മത്സരം അവസാനിക്കുമ്പോള്‍ കൂടുതല്‍ പോയിന്റുള്ള ടീം വിജയിക്കും. പന്ത് വെട്ടിയോ, കാലുകൊണ്ട് അടിച്ചോ എതിര്‍ ടീമിന്റെ കളത്തിനപ്പുറം കടത്തിയാല്‍ പോയിന്റ് ലഭിക്കും. ഒരു ടീമിലെ ഏഴു പേരുടെയും അവസരം നഷ്ടമായാല്‍ അടുത്ത ടീം വെട്ടണം. ആറുതരം വെട്ടുകളില്‍ ഓരോ വെട്ടും മൂന്ന് തവണ വീതം കളിക്കണം. ഓരോ ഒന്ന്, രണ്ട്, ഒന്ന് എണ്ണങ്ങള്‍ കഴിഞ്ഞാല്‍ അടുത്ത വെട്ടാണ് ഇത്തരത്തില്‍ ഇണ്ടന്‍ ഒന്ന് ഇണ്ടന്‍ രണ്ട്, ഇണ്ടന്‍ മൂന്ന് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ആ ടീമിന് ഒരു ചക്കര ലഭിക്കും. പിന്നീട് വീണ്ടും വെട്ടുന്നതിന് ചക്കരക്കു ശേഷം ഒറ്റ ഒന്ന് എന്നു പറയുന്നു.

കളിക്കളം

സാധാരണയായി വെട്ടു പന്തുകളിക്ക് തയ്യാറാക്കുന്ന കളിക്കളത്തിന് 60 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമാണുള്ളത്.

പന്ത്

സാധാരണയായി എരുമത്തോലുപയോഗിച്ച് നിര്‍മിക്കുന്ന പന്തിന് 200 ഗ്രാമില്‍ താഴെയാണ് ഭാരമുള്ളത്. രണ്ട് ഭാഗങ്ങളുള്ള തോലിനുള്ളില്‍ പഞ്ഞി നിറച്ച് ഇരുഭാഗങ്ങളും ചേര്‍ത്ത് തയ്ച്ചാണ് പന്തുണ്ടാകുന്നത്.

നാടന്‍ പന്തുകളുടെ നിര്‍മാണത്തില്‍ അഗ്രഗണ്യനാണ് കരിപ്പാന്‍ കുഞ്ഞുമോന്‍. അയ്മനം സ്വദേശിയായ ഇദ്ദേഹം 53 വര്‍ഷമായി തോല്‍പ്പന്തു നിര്‍മാണ മേഖലയിലുണ്ട്. ആദ്യ കാലഘട്ടങ്ങളില്‍ ഒരു പന്തിന് രണ്ട് രൂപയായിരുന്നത് ഇന്ന് അഞ്ഞൂറ് രൂപ വരെ വിലയായി. ഇന്നും കളിക്കാന്‍ ഉപയോഗിക്കുന്ന തോല്‍പ്പന്തുകള്‍ ഇദ്ദേഹം നിര്‍മിക്കുന്നവയാണ്.

പാമ്പാടി, പുതുപ്പള്ളി, മീനടം, വെള്ളൂര്‍ എന്നിവടങ്ങളിലാണ് പ്രധാന മത്സരങള്‍ നടക്കുന്നത്. പാമ്പാടിയിലെ നാടന്‍ പന്തുകളിക്കാര്‍ക്ക് ഊര്‍ജ്ജമായിരുന്നു പുന്നൂസ് ചേട്ടന്റെ കമന്ററി. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും കളിക്കാര്‍ക്കുള്ള സന്ദേശങ്ങളായിരുന്നു. ഇദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. 1963-64 കാലഘട്ടങ്ങളിലെ പ്രധാന കളിക്കാരിലൊരാളായിരുന്നു. പാമ്പാടിയില്‍ മാതാ തിയേറ്റര്‍ നടത്തിയിരുന്ന മാതാ കുഞ്ഞ്, ആ കാലഘട്ടങ്ങളില്‍ എല്ലാ മത്സരങ്ങളും ജയിച്ചിരുന്ന അഞ്ചേരി ടീമിന്റ പ്രധാന കളിക്കാരനായിരുന്നു.

നാടന്‍ പന്തുകളി പുതുതലമുറയ്‌ക്കും ആവേശമാണ്. കമ്പംമെട്ട്, പാമ്പാടി, മീനടം, പാറമ്പുഴ തുടങ്ങി നിരവധി ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നു.

ആറ് തരം വെട്ടുകള്‍

1) ഒറ്റ – പന്ത് ഒരു കൈകൊണ്ട് പൊക്കിയിട്ട് അതേ കൈ കൊണ്ട് വെട്ടുന്ന രീതി

2) പെട്ട – ഒരു കൈ കൊണ്ട് പന്ത് ഇട്ട് മറ്റേ കൈ കൊണ്ട് വെട്ടുന്നു.

3) പിടിയന്‍- ഒരു കൈ പിറകില്‍ പിടിച്ച് മറു കൈ കൊണ്ട് പന്തിട്ട് വെട്ടുന്നു.

4) താളം- ഒരു കൈകൊണ്ട് പന്ത് പൊക്കിയിട്ട് ആ കൈ കൊണ്ട് തുടയില്‍ അടിച്ചതിനു ശേഷം അതേ കൈ കൊണ്ട് തന്നെ പന്ത് വെട്ടുന്നു.

5) കീഴ്- ഒരു കാല്‍ ഉയര്‍ത്തി കാലിനടിയിലൂടെ പന്തിട്ട് വെട്ടുന്ന രീതി

6) ഇണ്ടന്‍- കളിയുടെ അവസാനത്തെ വെട്ടാണ് ഇണ്ടന്‍. ഇത് കാലു കൊണ്ടടിക്കുന്ന രീതിയാണ്. പന്ത് കൈ കൊണ്ട് താഴേക്കിട്ട് നിലത്തുവീഴുന്നതിനു മുന്‍പായി കാലു കൊണ്ടടിക്കണം.

ഇവയില്‍ ഓരോ വെട്ടും ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ മൂന്നുതവണ വെട്ടണം. ഇണ്ടന്‍ കഴിഞ്ഞാല്‍ ചക്കരയായി.

ചക്കര

ഒരു ചക്കര എന്നാല്‍ കളിയുടെ ഒരു റൗണ്ടാണ്. പരമാവധി മൂന്നു ചക്കരയൊക്കെയാണ് ഒരു കളി കളിക്കുക. സ്വന്തം വെട്ട് പരമാവധി ചക്കരയിലെത്തിക്കയും, എതിര്‍ ടീമിനെ അതിനു മുന്നേ പൂര്‍ണ്ണമായും പുറത്താക്കുകയും ചെയ്യുകയാണ് കളി ജയിക്കാനുള്ള മാര്‍ഗ്ഗം. ഓരോ റൗണ്ടിലും ഇരു ടീമിന്റെയും വെട്ട് ഒരു കളത്തില്‍ നിന്നാവും. ഇതിനായി ആദ്യം വെട്ടുന്ന ടീമിന്റെ ഊഴം തീരുമ്പോള്‍ കളം വച്ചുമാറും.  

നാട്ടിന്‍പുറങ്ങളില്‍നിന്നും അന്യംനിന്നു പോകുമായിരുന്ന നാടന്‍ പന്തുകളി ഇപ്പോള്‍ നവോത്ഥാനത്തിന്റെ പാതയിലാണ്. കേരളാ നേറ്റീവ് ബോള്‍ ഫെഡറേഷന്‍, നേറ്റീവ് ബോള്‍ അസോസിയേഷന്‍ എന്നീ സംഘടനകള്‍ രൂപീകരിക്കപ്പെട്ടതിനുശേഷം എല്ലാവര്‍ഷവും വിവിധ സ്ഥലങ്ങളില്‍ നാടന്‍ പന്തുകളി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാറുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക