കുമ്മനം രവി
‘…പണ്ടൊരു ജന്മത്തില്‍ അക്രൂര വേഷത്തില്‍ അമ്പാടിയില്‍ വന്നിരുന്നു…’
‘…ജീവിത ഭാഷാ കാവ്യത്തില്‍ പിഴവുമായ് പൂന്താനം പോലെ ഞാനിരിപ്പൂ…’
കഴിഞ്ഞ ജന്മത്തില്‍ അക്രൂരനായും ഈ ജന്മത്തില്‍ പൂന്താനമായും സ്വയം കണ്ടെത്തി ‘ഗുരുവായൂരപ്പാ നിന്‍ മുന്നില്‍ ഉരുകുന്ന കര്‍പൂരമായി’ കാവ്യസപര്യയെ സ്വയം സമര്‍പ്പിച്ച ഭക്ത കവിയായിരുന്നു എസ്.രമേശന്‍ നായര്‍. എഴുപതുകളിലും എണ്‍പതുകളിലും മലയാള കവിതയില്‍ ആധുനികത അരങ്ങുവാണിരുന്ന കാലത്ത് കടമ്മനിട്ടയ്‌ക്കും ചുള്ളിക്കാടിനും സച്ചിദാനന്ദനും അയ്യപ്പപണിക്കര്‍ക്കുമൊപ്പം തിളങ്ങി നില്‍ക്കാന്‍ രമേശന്‍നായര്‍ക്കു കഴിഞ്ഞു. ആകാശവാണിയില്‍ അക്കിത്തത്തോടൊപ്പം ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നതിനാല്‍ യൗവനത്തില്‍ തന്നെ ആത്മീയതയുടെ ദിശാബോധം വരദാനമായി ലഭിച്ചു.
ആധുനിക കവിതയുടെ രീതികളെ ഭക്തി ഗാനങ്ങളില്‍ ആവിഷ്‌കരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഭക്തിഗാനങ്ങള്‍ എന്നാല്‍ ഭഗവാന്റെ പര്യായപദങ്ങള്‍ കോര്‍ത്തിണിക്കിയ ശബ്ദഘോഷം മാത്രമായിരുന്ന കാലത്ത് ഭക്തിഗാനങ്ങള്‍ കവിതയുടെ ലക്ഷണയുക്തമായ സമഗ്രതയോടെ രമേശന്‍ നായര്‍ രചിച്ചു.
‘…ഹരികാംബോജി രാഗം പഠിക്കുവാന്‍ ഗുരുവായൂരില്‍ ചെന്നു ഞാന്‍…’ എന്ന ഗാനം ഏതൊരു ആധുനിക കവിതയോടും കിട പിടിക്കുന്നതാണ്. ജന്മനാളികേരം, ഗോപികാവദനചന്ദ്ര ചകോര, ഒഴുകാതൊഴുകുന്ന യമുന, രാത്രിയാംഗോപിക മുകില്‍ ചിന്തില്‍ വെണ്ണയുമായ്, ആകാശം നാഭീനളിനം, ഗോരോചനക്കുറി ഭൂപാളം ഗാരുഢഗീതം ഭൂപാളം, യദുകുല കന്യാ വിരഹങ്ങള്‍ തേങ്ങുന്ന യാമത്തില്‍, നാഭിയില്‍ പത്മം നാഗം നിന്‍ തല്‍പം തുടങ്ങി അദ്ദേഹം അവതരിപ്പിച്ച ബിംബങ്ങള്‍ മലയാള കവിതാലോകത്ത് നവാനുഭവമായി മാറി.
ഗുരുവായൂരില്‍ സംഗീതപാല്‍ക്കടലല്ലോ…., ഗുരുവായൂരമ്പലം കല്‍പവൃക്ഷം…, തുടങ്ങി വാതലയേശനെ സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും മൂര്‍ത്തിയായും ദുരിതങ്ങള്‍ക്കൊക്കെയും സിദ്ധൗഷധമായും വര്‍ണിക്കുന്ന നാനൂറോളം കൃഷ്ണ കവിതകള്‍ നല്‍കിയിട്ടാണ് കവി കടന്നുപോയത്. കവി ആക്ടിവിസ്റ്റായിരിക്കണം എന്നും കവിത ആക്ടിവിസമായിരിക്കണമെന്നുമുള്ള ആധുനികതയുടെ സങ്കല്‍പങ്ങളോടും രമേശന്‍നായര്‍ നീതി പുലര്‍ത്തിയതായി കാണാം.
‘…ഉപജാപ മൂര്‍ച്ചയാല്‍ നീറി പുകയുന്നൊരുലയായി തീരുന്നു ലോകം…, കാട്ടുകള്ളങ്ങള്‍തന്‍ ക്രൂരചിത്തങ്ങളില്‍ വേട്ടയാടാനെത്തും സ്വാമി…,നവരത്‌ന മണിവില്ലിന്‍ ഞാണൊലി കൊണ്ടെന്റെ നാടിന്‍ മനസ്സാക്ഷി കാക്കു…,സത്യധര്‍മ്മങ്ങളെ കുടിവെയ്കാനെത്തിയ തത്ത്വമസിമന്ത്രം ശരണം…..’
ബാഹ്യഭക്തിയെയും കപടവേഷങ്ങളെയും നിക്ഷേധിക്കാനുള്ള ആദര്‍ശബോധവും കവിക്കുണ്ട്. ‘….ഭഗവത്പദാംബുജ സ്മരണയില്ലെങ്കില്‍ ഭക്തി വെറും മഞ്ഞ തുണിയല്ലയോ… വ്രതങ്ങള്‍ വ്യായായാമങ്ങള്‍ വേദങ്ങള്‍ വനരോദനങ്ങള്‍ തീര്‍ത്ഥാടനം ഗജസ്‌നാനം…’
തനിക്കു നിയോഗം ലഭിച്ച ഭക്തിഗാനരചനാരംഗത്ത് മികച്ച കവിതകള്‍ സൃഷ്ടിച്ചുകൊണ്ട് ആധുനികമലയാള കവിതയുടെ ചക്രവാളങ്ങളെ വികസ്വരമാക്കിയ കവി എസ്.രമേശന്‍ നായരെ ഭക്തി ഗാനങ്ങളിലൂടെ മലയാള കവിതയ്‌ക്ക് പ്രാണന്‍ നല്‍കി ജീവിപ്പിച്ചു നിര്‍ത്തിയ കവി എന്ന് കാലം അടയാളപ്പെടുത്തുമെന്ന് തീര്‍ച്ചപറയാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: