മനുഷ്യശരീരത്തെ വെട്ടിനുറുക്കി കോടികള്‍ കൊയ്യുന്ന സ്വകാര്യ ആശുപത്രി ലോബികള്‍ക്കെതിരായ നിയമപോരാട്ടത്തിലാണ് കൊല്ലം മരുത്തടി അഞ്ജലിയില്‍ ഡോ. സദാനന്ദന് ഗണപതി. കൊല്ലം ശക്തികുളങ്ങരയില്‍ 52 വര്‍ഷമായി എസ്ജെ ക്ലിനിക്ക് നടത്തുകയാണ് ഡോക്ടര്‍. മസ്തിഷ്ക മരണമെന്ന് റിപ്പോര്‍ട്ട് നല്കി അവയവദാനം നടത്തിയെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്ഷോര് ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ കേസുണ്ടായതും ഡോ.ഗണപതിയുടെ പോരാട്ടത്തിലാണ്.
2009 നവംബര്‍ 29ന് നടന്ന അപകടത്തില്‍, ഉടുമ്പന്‍ചോല സ്വദേശി വി.ജെ എബിന് (18) മരിച്ചതുമായി ബന്ധപ്പെട്ട് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ കോടതിയാണ് കേസെടുത്തത്. തലയില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധികൃതര്‍ യുവാവിനെ മസ്തിഷ്ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയില്‍ കട്ട പിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി ഇതു നീക്കണമെന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി യുവാവിന്റെ അവയവങ്ങള്‍ വിദേശിക്ക് ദാനം ചെയ്തതിലും ചട്ടലംഘനമുണ്ടായെന്നും നിരീക്ഷിച്ചു. പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചു. ഗണപതിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ വിജയം. 2016ല്‍ തുടങ്ങിയ നിയമ പോരാട്ടങ്ങള്‍ക്കിടയില്‍ കേരളത്തിലെ മസ്തിഷ്ക മരണനിരക്ക് കുത്തനെ കുറഞ്ഞു. ചട്ടങ്ങള്‍ ലംഘിച്ച് അവയദാനം നടത്തിയ ഒരു ആശുപത്രിയുടെ അവയവദാനത്തിനുള്ള ലൈസന്‍സ് റദ്ദാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഡോ. ഗണപതി പോരാട്ടവഴികള്‍ ‘ജന്മഭൂമി’യുമായി പങ്കുവയ്ക്കുന്നു
ഞെട്ടിക്കുന്ന കണ്ടെത്തലുകളിലേക്ക് നയിച്ചത് എന്ത്?
മകള്‍ നല്കിയ മുന്നറിയിപ്പായിരുന്നു കാരണം. ഞാന്‍ അവയവദാനത്തിന്റെ ആരാധനകനായിരുന്നു. 2015ല്‍ ഒരു ഹൃദയശസ്ത്രക്രീയക്കു വിധേയനായി. സര്‍ജറിക്കു മുന്‍പ്, ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് നല്കാന് ഒരു ഇ മെയില്‍ തയ്യാറാക്കി, എന്തെങ്കിലും സംഭവിച്ചാല്‍, 24 മണിക്കൂറില്‍ കൂടുതല്‍ വെന്റിലേറ്ററില്‍ വയ്ക്കരുതെന്നും അവയവങ്ങള്‍ പാവപ്പെട്ട രോഗികള്‍ക്ക് നല്‍കണമെന്നും രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍, ഇത് അയക്കരുതെന്ന് മകള്‍ പറഞ്ഞു. ‘ഇതയച്ചാല് അച്ഛനെ അവര്‍ കൊല്ലും’ എനിക്ക് സംശയമായി. അന്ന് ഹൃദയ ശസ്ത്രക്രീയക്ക് നാല് ലക്ഷം രൂപയാണ്. ഈ തുക ആശുപത്രിക്ക് നഷ്ടമാകില്ലേ, ഞാന്‍ ചോദിച്ചു. പക്ഷെ അവയവദാനത്തിലൂടെ ആശുപത്രിക്ക് ലഭിക്കുന്ന കോടികളുടെ കണക്കാണ് മകള്‍ വിവരിച്ചത്. തുടര്‍ന്നാണ് അവയദാനത്തിന്റെ കാണാപ്പുറങ്ങള്‍ തേടിയുള്ള അന്വേഷണം ആരംഭിച്ചത്. കേരളത്തിലെ പല പ്രമുഖ ആശുപത്രികളിലെയും സീനിയര്‍ കണ്‍സള്‍ട്ടന്റായുള്ള സുഹൃത്തുക്കളുമായി സംസാരിച്ചപ്പോള്‍, ലഭിച്ച വിവരങ്ങള്‍ ഞെട്ടിച്ചു. 2016 മുതല്‍ അവയവദാനത്തിന്റെ മറവില്‍ സ്വകാര്യആശുപത്രികള്‍ നടത്തുന്ന കൊള്ളയ്ക്കെതിരെ നിയമപോരാട്ടം ആരംഭിച്ചു.
നിര്‍വചനം പലവിധം
ഇതിനു ശേഷം മസ്തിഷ്ക മരണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലുള്ള നിര്‍വചനം പരിശോധിച്ചു. പലരാജ്യങ്ങളിലും പല രീതിയിലാണ്. മസ്തിഷ്ക മരണം സ്ഥിരീകരിക്കാന്‍ ഇന്ത്യയില്‍ ആറുമണിക്കൂര്‍ ഇടവേളയില്‍ രണ്ട് ടെസ്റ്റുകളാണ്. യുറോപ്പില്‍ ഇത് 12 മണിക്കൂറും, അമേരിക്കയില്‍ 24 മണിക്കൂറും. ഇത് എന്നില്‍ ആശയക്കുഴപ്പമുണ്ടാക്കി.
അമേരിക്കയില്‍ 24 മണിക്കൂറിനു ശേഷം സ്ഥിരീകരിക്കുന്ന മസ്തിഷ്ക മരണം, ഇന്ത്യയില്‍ എങ്ങിനെ ആറുമണിക്കൂറിനു ശേഷം സ്ഥിരീകരിക്കാന്‍ സാധിക്കും. ഇതോടെ മസ്തിഷ്ക മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടി ലോകത്തെ പ്രശസ്തരായ 100 ന്യൂറോളജിസ്റ്റുകള്‍ക്ക് ഇ-മെയില്‍ അയച്ചു. ഇതില്‍ 72 പേര് മറുപടി നല്കി. 24 മണിക്കൂറിനു ശേഷവും മസ്തിഷ്ക മരണം സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം.
1994ലാണ് അവയവദാനവുമായി ബന്ധപ്പെട്ട നിയമം നിലവില്‍ വന്നത്. കേരളത്തില്‍ ഇത് നടപ്പാക്കുന്നത് 2012ല്‍. 2012ല്‍ ഒന്‍പതു മസ്തിഷ്ക മരണമാണ് കേരളത്തില്‍ നടന്നതെങ്കില്‍ 2015ല്‍ ഇത് 76 ആയി. അവിശ്വസനീയമായിരുന്നു കണക്കുകള്‍. കേരളത്തില്‍ അവയവദാന നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാറില്ലെന്നും കണ്ടെത്തി. മസ്തിഷ്ക മരണം സ്ഥിരീകരിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ഡോക്ടര്‍മാരുടെ പാനലില്‍ പലരും രോഗിയെ കാണാതെയാണ് ഒപ്പിട്ടു നല്‍കിയിട്ടുള്ളത്, വ്യാജ ഒപ്പ് ഇട്ടിരുന്നതായുള്ള തെളിവുകളും പുറത്തുവന്നു-ഗണപതി പറഞ്ഞു.
തുടര്‍ന്ന് ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ എന്നിവരുമായി ബന്ധപ്പെട്ടു. ഈ സമയത്താണ് ഉടുമ്പന്‍ ചോല സ്വദേശി വി.ജെ. എബിന്റെ മരണാനന്തര അവയവദാനവുമായി ബന്ധപ്പെട്ട വാര്‍ത്ത ശ്രദ്ധയില്‍പ്പെടുന്നത്. ഇതിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, എഫ്ഐആര്‍ അടക്കം പരിശോധിച്ചപ്പോള്‍ ഗുരുതരമായ പിഴവുകള്‍ കണ്ടെത്തി. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. വിഷയത്തെ ആദ്യഘട്ടത്തില്‍ തന്നെ കോടതി വളരെ ഗൗരവത്തിലാണ് കണ്ടത്.
അവയവദാനത്തിലെ അതിജീവനം?
അവയവം മാറ്റിവച്ചതിനെ പറ്റി നടത്തിയ അന്വേഷണത്തില്‍ നിരവധി വിവരങ്ങള്‍ ലഭിച്ചു. ട്രാന്സ്പ്ലാന്റേഷന് നടത്തിയ ഭൂരിഭാഗം പേരും ജീവിച്ചിരിപ്പില്ല.
ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ഹാര്‍ട്ട് ആന്‍ഡ് ലംഗ് ട്രാന്‍സ്പ്ലാന്റേഷന്റെ കണക്കനുസരിച്ച് ഹൃദയം മാറ്റിവെച്ചവരില്‍ ഒരു വര്‍ഷത്തിലേറെ ജീവിച്ചവര്‍ 84.5 ശതമാനമാണ്. അഞ്ച് വര്‍ഷത്തിലേറെ ജീവിച്ചവര്‍ 72.5 ശതമാനവും 20 വര്‍ഷത്തിലേറെ ജീവിച്ചവര്‍ 21 ശതമാനവും. അതേസമയം, കേരളത്തില്‍ 2016 ഒക്ടോബര്‍ വരെ നടന്ന 43 ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളില്‍ ഒരു വര്‍ഷത്തിലേറെ കാലം ജീവിച്ചവര്‍ വെറും രണ്ടുപേര്‍ മാത്രമാണ്. ഈ സമയങ്ങളില്‍ മസ്തിഷ്ക മരണങ്ങളുടെ എണ്ണവും കൂടുതലായിരുന്നു.
കോടികളുടെ കച്ചവടം എങ്ങനെ?
ഓരോ ട്രാന്‍സ്പ്ലാന്റേഷനും സ്വകാര്യ ആശുപത്രികള്‍ വാങ്ങുന്നത് ലക്ഷങ്ങളാണ്. മരുന്നു കമ്പനികള്‍ വേറെയും. കിഡ്നി ഒന്നിന് 10-20 ലക്ഷം, പാന്‍ക്രിയാസിന് 15-30 ലക്ഷം, തലച്ചോര്‍ മാറ്റി വയ്ക്കല്‍ 15-20 ലക്ഷം, കരള്‍ മാറ്റിവയ്ക്കല്‍ 20-40 ലക്ഷം, ഹൃദയമാണെങ്കില്‍ 40-70 ലക്ഷം വരെയാണ് ഈടാക്കുന്ന അവയവങ്ങളുടെ വില. അങ്ങനെ ഒന്നര മുതല്‍ രണ്ടുകോടിയോളം രൂപ മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങള്‍ വഴി സ്വകാര്യ ആശുപത്രികള്‍ ഉണ്ടാക്കുന്നുണ്ട്. ഹര്‍ജിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഹൈക്കോടതി ജഡ്ജി വരെ അതിശയം പ്രകടിപ്പിച്ചു.
മസ്തിഷ്ക മരണത്തിന് പിന്നില്‍ എന്താണ്?
ഏറ്റവും കൂടുതല്‍ രോഗികള്‍ വഞ്ചിക്കപ്പെടുന്നതിവിടെയാണ്. ചെറിയൊരപകടം സംഭവിച്ചെത്തിയാലും മസ്തിഷ്ക മരണം സംഭവിച്ചെന്ന് വരുത്തിത്തീര്‍ത്ത് അവയവങ്ങള്‍ വില്‍ക്കുകയാണ് ആശുപത്രികളുടെ പ്രധാന അജണ്ട. ഇതില്‍ ഇരകളാകുന്നത് സാധാരണക്കാരാണ്. ചികിത്സയുടെ പേരിലുള്ള ബില്ലുകള്‍ കാട്ടിയാണ് ഇവരെ വീഴ്ത്തുന്നത്. ലക്ഷങ്ങളുടെ ബില്ല് കണ്ട് എന്തു ചെയ്യണമെന്നറിയാതെ നില്ക്കുമ്പോള് ആശുപത്രിയുടെ തന്നെ ഏജന്റുമാര്‍ രോഗിയുടെ ബന്ധുക്കളുടെ അടുത്തെത്തി അവയവദാനം ചെയ്താല്‍ ബില്ല് അടയ്ക്കേണ്ടതില്ലെന്നു പറയും. ഇതോടെയാണ് പലരും അവയവ മാഫിയയുടെ കെണിയില്‍പെടുന്നത്. അവയവദാനം നടത്തുന്നവരുടെ കണക്കു പരിശോധിച്ചാല്‍ മറ്റു ചില അജണ്ടകള്‍ കൂടി കണ്ടെത്താനാകും.
വൃക്കദാതാക്കള്‍ തട്ടിപ്പിന് ഇരയാകുന്നു
വൃക്കദാനം ചെയ്യുന്നവരും വഞ്ചിക്കപ്പെടുന്നുണ്ട്. പത്രങ്ങളിലെ പരസ്യം കണ്ട് ദാതാക്കളാകാന്‍ തയ്യാറാകുന്നതവരാണ് പലപ്പോഴും ഇരകളാകുന്നത്. ഒരു വൃക്കയ്ക്ക് അഞ്ചു ലക്ഷം രൂപ തരാം എന്ന് വിശ്വസിപ്പിച്ച് ഇവരെ വശത്താക്കും. വൃക്കഎടുത്തതിനു ശേഷം ഇടനിലക്കാരന് ഒരു ലക്ഷം രൂപ മാത്രമേ ഇവര്‍ക്ക് നല്‍കൂ. ഇതിനെതിരെ പരാതി പറയാന്‍ ദാതാവിന് കഴിയില്ല. കാരണം ഇന്ത്യയില്‍ അവയവം വില്ക്കാന് നിയമമില്ല. ദാനം ചെയ്യാനേ കഴിയൂ. ആദ്യമേ തന്നെ ദാനം ചെയ്യാന്‍ സന്നദ്ധനാണെന്ന് ഒപ്പിട്ടുവാങ്ങും. അടുത്ത സുഹൃത്തായതിനാലാണ് നല്‍കുന്നതെന്നാവും എല്ലാവരും സമ്മതപത്രത്തില്‍ പറയുക. ഇതുമൂലം പരാതിയുമായി പോകാന്‍ കഴിയില്ല എന്ന അവസ്ഥയാണ് ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നിലപാട് എന്തായിരുന്നു?
സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 2017ല്‍ കേസ് പരിഗണിക്കുന്നതിനിടയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അവയവദാനത്തിന് മുന്‍പായി നടത്തേണ്ട പരിശോധനകളുടെ പട്ടിക താന്‍ കോടതിയില്‍ നല്‍കിയിരുന്നു. അവയവദാനത്തിന് മുന്നോടിയായി ഈ പരിശോധനകള്‍ നടത്തണമെന്ന നിലപാടായിരുന്നു കോടതിയും സ്വീകരിച്ചത്. കോടതി ഇതില്‍ ആരോഗ്യവകുപ്പിന്റെ വിശദീകരണം ആവശ്യപ്പെട്ടപ്പോഴാണ് അവയവദാന ആശുപത്രികള്‍ക്ക് അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് അവയവ മാഫിയകള്‍ക്ക് കൂടുതല്‍ കരുത്തേകി-ഡോ.ഗണപതി പറഞ്ഞു.
വലിയ പിന്തുണ
അവയവദാനത്തിലെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ പൊതുസമൂഹത്തില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. കോടതി നിരീക്ഷണത്തിലൂടെ ആശങ്കകളില്‍ പലതും സത്യമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
അവയവദാനം നിയമവിധേയമാക്കണം. സാധാരണ ജനങ്ങള്‍ ഇത്തരം മാഫിയകളുടെ കൈകളില്‍പ്പെട്ട് വഞ്ചിതരാകുന്നത് തടയുകയാണ് ലക്ഷ്യം. നിലവില്‍ സര്‍ക്കാരിന്റെ മൃതസഞ്ജീവനി വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണനാക്രമത്തിലാണ് അവയവം നല്‍കുന്നതെന്ന് പറയുന്നുണ്ടെങ്കിലും ശരിയായ ക്രമത്തിലല്ല. ഇതിനായി പ്രത്യേകം മോണിട്ടറിങ്ങ് സംവിധാനം ഒരുക്കണമെന്നും ഡോക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: