ധാക്ക: അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രവിജയവുമായി ബംഗ്ലാദേശ്. അഫ്ഗാനിസ്ഥാനെ 546 റണ്‍സിന് തകര്‍ത്താണ് ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്. 662 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ അഫ്ഗാനിസ്ഥാന് രണ്ടാം ഇന്നിങ്സില്‍ 115 റണ്‍സിന് ഓള് ഔട്ടായി. നാലു വിക്കറ്റെടുത്ത ടസ്കിന് അഹമ്മദും മൂന്ന് വിക്കറ്റെടുത്ത ഷൊറിഫുള്‍ ഇസ്ലാമുമാണ് അഫ്ഗാനെ എറിഞ്ഞിട്ടത്. സ്കോര്‍ ചുരുക്കത്തില്‍: ബംഗ്ലാദേശ് 382, 425/4 ഡി. അഫ്ഗാനിസ്ഥാന് 146, 115.
റണ്‍സ് അടിസ്ഥാനത്തില്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. 1928, 1934 വര്‍ഷങ്ങളില്‍ യഥാക്രമം ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് ഇതിനു മുന്‍പ് വമ്പന്‍ ജയങ്ങള്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഓസ്ട്രേലിയയെ 675 റണ്‍സിനും ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ 562 റണ്‍സിനുമാണ് തോല്‍പ്പിച്ചിരുന്നത്. 2005ല്‍ ചിറ്റഗോംഗില്‍ സിംബാബ്വെയ്ക്കെതിരെ നേടിയ 226 റണ്‍സ് ജയമായിരുന്നു ബംഗ്ലദേശിന്റെ ഇതിനു മുന്‍പുള്ള ഏറ്റവും വലിയ ജയം.
രണ്ടിന് 45 എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച അഫ്ഗാനിസ്ഥാന് വേണ്ടി ഒരാള്‍ക്കും മികച്ച ബാറ്റിങ് നടത്താനായില്ല. 30 റണ്‍സെടുത്ത റഹ്മത്ത് ഷായാണ് ടോപ് സ്കോറര്‍. ഷായെ കൂടാതെ രണ്ട് പേര് മാത്രമാണ് രണ്ടക്കം കടന്നത്. കരിം ജാനത് 18ഉം ഹഷ്മത്തുള്ള 13ഉം റണ്‍സെടുത്തു. വെറും 33 ഓവര്‍ മാത്രമാണ് രണ്ടാം ഇന്നിങ്സില്‍ അഫ്ഗാന് ബാറ്റ് ചെയ്യാന്‍ കഴിഞ്ഞത്. രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ ബംഗ്ലദേശ് താരം നജ്മുല്‍ ഹുസൈന് ഷാന്റോയാണ് പ്ലെയര്‍ ഓഫ് മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: