പാരീസ്: യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരത്തില്‍ ഫ്രാന്‍സിന് വിജയത്തുടര്‍ച്ച. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ജിബ്രാള്‍ട്ടറിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ഫ്രാന്‍സിനായി ഒളിവര്‍ ജിറൂദ്, കിലിയന്‍ എംബപ്പെ എന്നിവര്‍ ഗോളടിച്ചു. മൂന്നാം ഗോള്‍ ജിബ്രാള്‍ട്ടര്‍താരത്തിന്റെ സംഭാവനയായിരുന്നു. അവരുടെ അയ്‌മെന്‍ മൊല്‍ഹിയാണ് സ്വന്തം വലയില്‍ പന്തെത്തിച്ചത്.
കളിയില്‍ ഫ്രാന്‍സിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. ജിബ്രാള്‍ട്ടര്‍ ഗോളിയുടെ ഉജ്ജ്വല പ്രകടനമാണ് വന്‍ തോല്‍വിയില്‍ നിന്ന് അവരെ രക്ഷിച്ചത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ഫ്രാന്‍സ് ലീഡ് നേടി. കിങ്‌സ്‌ലി കോമാന്റെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ജിറൂദ് വലയിലെത്തിക്കുകയായിരുന്നു. പിന്നീട് ആദ്യപകുതിയുടെ പരിക്ക് സമയത്ത് ലഭിച്ച പെനാല്‍റ്റിയിലൂടെ എംബപ്പെ ലീഡ് ഉയര്‍ത്തി. ഇതോടെ ആദ്യപകുതിയില്‍ ഫ്രാന്‍സ് 2-0ന് മുന്നില്‍. പിന്നീട് 78-ാം മിനിറ്റിലാണ് അയ്‌മെന്‍ മൊല്‍ഹി സ്വന്തം വലയില്‍ പന്തെത്തിച്ച് ഫ്രാന്‍സിന് മൂന്നാം ഗോള്‍ ദാനമായി നല്‍കിയത്. ഇതോടെ ഗ്രൂപ്പ് ബിയില്‍ കളിച്ച മൂന്ന് കളികളും വിജയിച്ച് 9 പോയിന്റുമായി ഫ്രാന്‍സ് ഒന്നാമതാണ്. കളിച്ച മൂന്ന് കളിയും തോറ്റ ജിബ്രാള്‍ട്ടറിന് പോയിന്റൊന്നുമില്ല.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഗ്രീസും വിജയം രുചിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അയര്‍ലന്‍ഡിനെയാണ് തോല്‍പ്പിച്ചത്. ഗ്രീസിന്റെ രണ്ടാം വിജയമാണിത്. കളിച്ച രണ്ട് കളിയും വിജയിച്ച് 6 പോയിന്റുമായി ഗ്രീസാണ് ഗ്രൂപ്പില്‍ രണ്ടാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക