പാലക്കാട്: എസ്എഫ്ഐ നേതാവും, വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയുമായ കെ. വിദ്യയെ, 12 ദിവസം പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പോലീസ്. വിദ്യയെക്കുറിച്ച് വിവരമൊന്നുമില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. വിദ്യ കോഴിക്കോടുണ്ടെന്ന നിഗമനത്തില്‍ അവിടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലത്രേ.
വ്യാജരേഖ സംബന്ധിച്ച മൊഴിയെടുക്കലും, പരിശോധനയും തകൃതിയായി നടക്കുന്നുണ്ട്. വിദ്യയെ പിടികൂടാതിരിക്കാന്‍ പോലീസിനു മേല്‍ കടുത്ത സമ്മര്‍ദമുണ്ട്. കേസ് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന നിര്‍ദേശവും ആദ്യദിവസം മുതല്‍ക്കേയുണ്ട്.
ഇതിനിടെ വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചിരുന്നു. 20 നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക. വിദ്യക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അഗളി പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വ്യാജരേഖ ചമച്ചെന്നും ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നും അതിനായി വിദ്യയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അട്ടപ്പാടി ഗവ. കോളജിലും കാസര്‍കോട് കരിന്തളം ഗവ. കോളജിലും സമര്‍പ്പിച്ച എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് സ്ഥിരീകരിച്ചിരുന്നു. 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ ഗസ്റ്റ് ലക്ചററായാണ് കരിന്തളം കോളജില്‍ ജോലി ചെയ്തത്. മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: