കോട്ടയം: അഴിമതിക്കേസുകളില്‍ കോണ്‍ഗ്രസുമായി സിപിഎമ്മിന് ധാരണയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വി.ഡി. സതീശന്റെ വിദേശപ്പണപ്പിരിവിന്റെ എല്ലാ തെളിവുകളും സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ല. കെ. സുധാകരന്റെ കേസിലും മെല്ലെപ്പോക്കാണ്. സര്‍ക്കാരും പ്രതിപക്ഷവുമായുള്ള അഡ്ജസ്റ്റ്മെന്റ് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നിയമവാഴ്ച തകര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെയും രണ്ട് മുന്നണികളും ഒരുമിച്ചാണ് നില്‍ക്കുന്നത്. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരെ ബിജെപി വിപുലമായ പ്രചരണം നടത്തും. 25ന് ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ തിരുവനന്തപുരത്ത് എത്തും. കേന്ദ്ര സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പരിപാടികളിലും സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിലും അദ്ദേഹം പങ്കെടുക്കും.
എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെട്ട വ്യാജരേഖ കേസും പരീക്ഷ തട്ടിപ്പും സിപിഎമ്മിന്റെ സമ്മര്‍ദപ്രകാരം സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. വിദ്യ ഒളിവില്‍ പോയത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ്. വിദ്യ എവിടെയാണെന്ന് പോലീസിന് അറിയാം. ആഭ്യന്തരവകുപ്പിന്റെ അറിവോടെയാണ് എല്ലാം നടക്കുന്നത്. തട്ടിപ്പിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എബിവിപി സെക്രട്ടേറിയറ്റ് മാര്‍ച്ച് പോലീസ് ക്രൂരമായാണ് നേരിട്ടത്. എഐ ക്യാമറ തട്ടിപ്പ് പോലെ പരീക്ഷ തട്ടിപ്പിലും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. റബര്‍ വില ഇടിയുന്നതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്രം നല്കുന്ന നെല്ല് താങ്ങ് വില കൂടി സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്‍കാത്തതിന്റെ പേരില്‍ നെല്‍ കര്‍ഷകര്‍ക്ക് നഷ്ടപ്പെടുകയാണെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്, സംസ്ഥാന വക്താവ് നാരായണന് നമ്പൂതിരി, ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: