ഹൈദ്രാബാദ് : പ്രതിരോധ മുന്നൊരുക്കത്തില്‍ ഏകീകൃത സമീപനം സ്വീകരിക്കണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ത്യന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു.മഹത്വത്തോടെ ആകാശത്തെ തൊടുക- രാജ്യത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ജീവിക്കുക- രാഷ്ട്രപതി പറഞ്ഞു.
തെലങ്കാനയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഫ്ളയിംഗ് ഓഫീസര്‍മാര്‍ക്ക് രാഷ്ട്രപതി ബാഡ്ജുകളും നല്കി.ഇന്ത്യന്‍ നേവി, തീരസംരക്ഷണ സേന, വിയറ്റ്നാമില്‍ നിന്നുള്ള രണ്ട് പരിശീലനാര്ത്ഥികള് എന്നിവര്‍ക്ക് ബാഡ്ജുകള്‍ സമ്മാനിച്ചു.
പ്രതിരോധ രംഗത്ത് ഇന്ത്യന്‍ വ്യോമസേനയുടെ മഹത്തായ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാനും മുമ്പ് സംഘര്‍ഷങ്ങള്‍ ഉണ്ടായപ്പോള്‍ സൈന്യം കാണിച്ച ദൃഢനിശ്ചയം ഓര്‍മ്മിക്കണമെന്നും രാഷ്ട്രപതി പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തുര്‍ക്കിയിലെയും സിറിയയിലെയും സമീപകാല ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ വ്യോമസേനയുടെ സേവനങ്ങളെ അഭിനന്ദിച്ച രാഷ്ട്രപതി ഈ പ്രവര്‍ത്തനങ്ങള്‍ സേനയുടെ ഉയര്‍ന്ന ശേഷിയുടെ തെളിവാണെന്ന് പറഞ്ഞു.
റാഫേല്‍ വിമാനങ്ങളും മറ്റ് ആധുനിക ഹെലികോപ്റ്ററുകളും ഉള്‍പ്പെടുത്തി വ്യോമസേനയെ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി നടക്കുന്ന ശ്രമങ്ങളെയും അവര്‍ അഭിനന്ദിച്ചു. നേരത്തെ, അക്കാദമി കമാന്‍ഡന്റ് എയര്‍ മാര്‍ഷല്‍ ചന്ദ്രശേഖര്‍ പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തെലങ്കാന ഗവര്‍ണര്‍ ഡോ. തമിഴിസൈ സൗന്ദരരാജന്, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് ചീഫ് മാര്‍ഷല്‍ വി ആര് ചൗധരി എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: