ബെയ്ജിങ്: ഒരു രാജ്യാന്തര സൗഹൃദ ഫുട്ബോള്‍ മത്സരത്തിന് ഇത്രയ്ക്ക് ആര്ഭാഡമെന്തിന്. അതും ചോദിച്ച് ബെയ്ജിങ്ങിലോട്ട് ചെന്നാല്‍ ആരാധകര്‍ വെറുതെ വിടില്ല. പുതുക്കി പണിത ശേഷം രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത വര്‍ക്കേഴ്സ് സ്റ്റേഡിയവും പരിസരവും ഉത്സവ ലഹിയിലായിരുന്നു വ്യാഴാഴ്ച രാത്രി. അതിന് കാരണക്കാരന്‍ ഒരേയൊരാള്‍ മാത്രം കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം കാല്പന്തുകൊണ്ട് ലോകത്തെ ത്രസിപ്പിച്ച ലയണല്‍ മെസ്സി കളിക്കാനെത്തിയ ദിവസമായിരുന്നു അന്ന്.
ഇത്രയേറെ ആരാധകര്‍ ആവേശത്തോടെ ഒഴുകിപരക്കുമ്പോള്‍ അവര്‍ക്കായി കാത്തുവയ്ക്കേണ്ട സ്പെഷ്യല്‍ മെസ്സി കളിക്കിടെ പുറത്തെടുത്തു. വച്ചു താമസിപ്പിക്കാതെ തന്നെ. കളി തുടങ്ങി 90-ാം സെക്കന്‍ഡില്‍ അര്‍ജന്റീനക്കായി മെസ്സി ഗോളടിച്ചു. ഇതു തന്നെയായിരുന്നു മെസ്സി ഏഷ്യയിലെ തന്റെ ആരാധകര്‍ക്ക് നേരിട്ട് നല്കാന് കാത്തുവച്ചത്. കരിയറില്‍ അപൂര്‍വ്വ റെക്കോഡ് സ്വന്തമാക്കിയതായിരുന്നു മെസ്സിയുടെ ആ ഗോള്‍. സ്വന്തം കരിയറില്‍ ഏറ്റവും വേഗത്തില്‍ നേടുന്ന ഗോളായിരുന്നു അത്.
മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോള്‍ ജയവുമായി ലോക ചാമ്പ്യന്മാര് നിറഞ്ഞാടി. ആളുകള്ക്കിതില്പരം എന്തുവേണം. അതിന്റെ ആവേശവുമായി ബെയ്ജിങ് നഗരത്തിലെ വ്യാഴാഴ്ച രാത്രി പകലാക്കിമാറ്റുകയായിരുന്നു, ആളുകളും, അവരുടെ മെസ്സി കമ്പവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: