തിരുവനന്തപുരം: കേരളത്തില്‍ ഭീതിദമായ രീതിയില്‍ സര്‍ക്കാര്‍ മാധ്യമവേട്ട നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ നോക്കുന്നത്. പാര്‍ട്ടി സെക്രട്ടറി വരെ കേസെടുക്കുമെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കേസരി ഹാളില്‍ മീറ്റ ദ പ്രസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാജാസ് കോളജിലെ വെബ്സൈറ്റില്‍ പരീക്ഷ എഴുതാതെ ഒരാള്‍ വിജയിച്ചതായി വന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതില്‍ എന്താണ് ക്രൈം ഉള്ളത്. കൊല്ലത്ത് കെഎംഎംഎല്ലില്‍ പിന്‍വാതില്‍ നിയമനം നടന്നുവെന്ന വാര്‍ത്ത നല്‍കിയതിനും പോലീസ് കേസെടുത്തു. വാര്‍ത്ത പുറത്ത് പോയത് ഗൂഢാലോചന എന്നു പറഞ്ഞാണ് പോലീസ് അന്വേഷിക്കുന്നത്. ഇതാണോ പോലീസിന്റെ ജോലിയെന്നും അദ്ദേഹം ചോദിച്ചു. തീവണ്ടി കത്തിച്ച പ്രതിയെ കൊണ്ടുവന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയും കേസെടുത്തു. കാട്ടാക്കട കോളജില്‍ ആള്‍മാറാട്ടം നടത്തിയ പ്രതിയെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി വരെ കേസെടുക്കുമെന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു.
സിപിഎമ്മിന്റെ അഴിമതി പണം നിക്ഷേപിക്കുന്ന ഇടമാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്നും അതിനാലാണ് ടെന്‍ഡറും എസ്റ്റിമേറ്റുമില്ലാതെ എല്ലാപണികളും ഊരാളുങ്കലിനെ ഏല്‍പ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിദേശയാത്ര നടത്തിയതില്‍ എന്തു നേട്ടമാണ് ഉണ്ടായതെന്ന് ജനങ്ങളോട് തുറന്നു പറയാനുള്ള ബാധ്യത യാത്ര നടത്തുന്നവര്ക്കുണ്ടെന്നും സതീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: