ന്യൂദല്‍ഹി: ലോക ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിന് ഡിജിറ്റല്‍, നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരെ ശാക്തീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഹൈദരാബാദില്‍ കൃഷി മന്ത്രിമാരുടെ യോഗത്തില്‍ ജി 20 പ്രതിനിധികളെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. സാങ്കേതികവിദ്യയും മൃഗപരിപാലനവും പ്രോത്സാഹിപ്പിക്കുന്നതും അടിസ്ഥാനകാര്യങ്ങളിലേക്ക് തിരിച്ചുപോകുകയും ഭാവിയിലേക്ക് ചലിക്കുകയും ചെയ്യുന്ന നയമാണ് ഇന്ത്യ പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലുടനീളം കര്‍ഷകര്‍ കൃത്രിമ വളങ്ങള്‍ ഉപയോഗിക്കുന്നില്ല. കര്‍ഷകര്‍ മണ്ണ് സംരക്ഷണ രീതികള്‍ പിന്തുടരുകയും ജൈവ വളം പ്രോത്സാഹിപ്പിക്കുകയും സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കൃഷിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും സൗരോര്‍ജ്ജം ഉപയോഗിക്കുന്നുണ്ട്. അന്താരാഷ്‌ട്ര ചെറുധാന്യ വര്‍ഷാചരണത്തെ പരാമര്‍ശിച്ച്, ഈ സൂപ്പര്‍ഫുഡുകള്‍ ആരോഗ്യകരമാണെന്നും ചെറുധാന്യവുമായി ബന്ധപ്പെട്ട ഗവേഷണത്തിനും മറ്റുമായി മികവിന്റെ കേന്ദ്രം സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആഗോള ഭക്ഷ്യസുരക്ഷയ്‌ക്ക് സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു കൂട്ടായ സമീപനം വേണ്ടതുണ്ട്. ആഗോള വളം വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും വിളകളുടെ ആരോഗ്യവും വിളവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്താനും അദ്ദേഹം പ്രതിനിധികളോട് ആവശ്യപ്പെട്ടു. നാളെയും യോഗം തുടരും. അംഗരാജ്യങ്ങളില്‍ നിന്നും ക്ഷണിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നും കാര്‍ഷിക ഗവേഷണത്തിന്റെ അന്തര്‍ദേശീയ സംഘടനകളില്‍ നിന്നുമുള്ള 200 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: