കോഴിക്കോട്: കെഎസ്ഇബിയുടെ വൈദ്യുതി റീഡിങ് മീറ്ററുകള്‍ സ്മാര്‍ട്ടാക്കുന്ന പദ്ധതി കേരളത്തില്‍ അനിശ്ചിതത്വത്തില്‍. കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതി മറ്റു സംസ്ഥാനങ്ങളില്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഭരണാനുകൂല- കോണ്‍ഗ്രസ് തൊഴിലാളി സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കേരളത്തില്‍ സ്തംഭിച്ച മട്ടിലാണ്. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗവും തീരുമാനമാകാതെ പിരിഞ്ഞു.
37 ലക്ഷം മീറ്ററുകളാണ് സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ ആക്കേണ്ടത്. 2023 ഡിസംബറില്‍ ഒന്നാംഘട്ടം അവസാനിക്കണം. പദ്ധതി നടത്തിപ്പിന് 15 ശതമാനം കേന്ദ്ര സഹായം ലഭിക്കും. ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഹരിയാന, ദല്‍ഹി, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കുന്നതില്‍ ഏറെ മുന്നിലാണ്. എന്നാല്‍ സിപിഎം, സിപിഐ, കോണ്‍ഗ്രസ് അനുബന്ധ തൊഴിലാളി സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് കേരളത്തില്‍ പദ്ധതി മരവിച്ചുകിടക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ് (ഇഇഎസ്എല്‍) കമ്പനി അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും 30 ലക്ഷം സ്മാര്‍ട്ട് മീറ്ററുകളാണ് ഇതിനകം സ്ഥാപിച്ചത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, സിക്കിം, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, ലഡാക്ക്, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷ്വദീപ് എന്നീ മേഖലകളിലേക്ക് പ്രത്യേക പരിഗണനനല്കിയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ബില്ലിങ്-കളക്ഷന്‍ കാര്യക്ഷമത കൂട്ടുകയും കുടിശ്ശിക ഇല്ലാതാക്കുകയും വൈദ്യുതമോഷണ ശ്രമം തടയുകയും ചെയ്യുന്ന ഈ നവീനപദ്ധതി ഊര്‍ജ്ജമേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഈ പദ്ധതിക്കെതിരെയാണ് സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി എന്നീ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവന്നത്. ബിഎംഎസ് നേതൃത്വത്തിലുള്ള വൈദ്യുതി മസ്ദൂര്‍സംഘ്, കെഎസ്ഇബിയിലെ പ്രമുഖ സംഘടനയായ എന്‍ജിനീയേഴ്സ് അസോസിയേഷന് തുടങ്ങിയ സംഘടനകള്‍ പദ്ധതിക്ക് അനുകൂലമാണ്.
നഷ്ടമാവുക കോടികളുടെ പദ്ധതികള്‍
നവീകൃത വിതരണമേഖലാ പദ്ധതിയുടെ (ആര്‍ഡിഎസ്എസ്) ഭാഗമായി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് നഷ്ടമാവുക കോടികളുടെ ഇതര പദ്ധതികള്‍. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കായി 8175.05 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. ഇതില്‍ 1226.26 കോടി രൂപ കേന്ദ്രസഹായമായിരിക്കും. വിതരണ നഷ്ടം കുറയ്ക്കുന്നതിനടക്കമുള്ള വിവിധ പദ്ധതികള്‍ക്കായി 10475.03 കോടിരൂപയുടെ പദ്ധതികള്‍ക്കാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്. ഇതില്‍ 2606.24 കോടി രൂപ ഗ്രാന്റായി ലഭിക്കും. വിതരണ മേഖലയിലെ പ്രവൃത്തികള്‍ക്ക് 60 ശതമാനവും സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്ക് 15 ശതമാനം ഗ്രാന്റുമാണ് കേന്ദ്ര ഊര്‍ജ്ജമന്ത്രാലയം അനുവദിക്കുന്നത്. പദ്ധതി വൈകുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്താല്‍ കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റും അംഗീകാരത്തിനായി സമര്‍പ്പിച്ച മറ്റുപദ്ധതികളുമടക്കം പതിനായിരം കോടി രൂപയുടെ സഹായം ഇല്ലാതാകും. പ്രവൃത്തിക്കുള്ള മുഴുവന്‍ ചെലവും പിന്നീട് കെഎസ്ഇബി വഹിക്കേണ്ടിവരികയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: