കൊച്ചി: ഇന്നോവ ക്രിസ്റ്റയ്ക്കും ഫോര്‍ച്യൂണറിനും പുറമെ അരക്കോടിയുടെ മിനി കൂപ്പര്‍ കാര്‍ കൂടി വാങ്ങി വിവാദത്തിലായ സിഐടിയു നേതാവ് പി.കെ. അനില്‍കുമാറിനെ ഔദ്യോഗിക ചുമതലകളില്‍നിന്ന് നീക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന എറണാകുളം ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു കൂടിയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് അനില്‍കുമാറിനെയും മോഹനനെയും ചുമതലകളില്‍ നിന്നു നീക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം ഇന്നലെ കൂടിയ സിപിഎം ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
സിഐടിയുവിന് കീഴിലുളള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു അനില്‍കുമാര്‍. യൂണിയന്റെ പ്രസിഡന്റും അനില്‍കുമാറിന്റെ ഉറ്റ ചങ്ങാതിയുമായ സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനെയും ചുമതലയില്‍നിന്ന് നീക്കി. ബിപിസിഎല്‍, ഐഒസി, എച്ച്പിസിഎല്‍ കമ്പനികളിലെ 4000 കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന യൂണിയന് സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.
പുതിയ കാറുമായി കുടുംബത്തിനൊപ്പമുള്ള ഫോട്ടോ കഴിഞ്ഞമാസം അനില്‍കുമാര്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. 40 ലക്ഷം രൂപയുടെ ഫോര്‍ച്യൂണര്‍, 32 ലക്ഷത്തിന്റെ ഇന്നോവ ക്രിസ്റ്റ തുടങ്ങിയ ഉയര്‍ന്ന മോഡല്‍ വാഹനങ്ങള്‍ സ്വന്തമായുള്ളപ്പോഴാണ് അനില്‍കുമാര്‍ 57 ലക്ഷത്തിന്റെ മിനികൂപ്പര്‍ വാങ്ങിയത്. ഫോര്‍ച്യൂണറും ഇന്നോവയും താന്‍ വാങ്ങിയതാണെന്നും മിനി കൂപ്പര്‍ ഭാര്യ വാങ്ങിയതാണെന്നുമാണ് അനില്‍കുമാറിന്റെ വിശദീകരണം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ജീവനക്കാരിയാണ് ഭാര്യ. ഐഒസിയില്‍ കരാര്‍ തൊഴിലാളിയായി തൊഴിലാളി പ്രവര്‍ത്തനം തുടങ്ങിയ അനില്‍കുമാര്‍ പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന് ജോയിന്റ് സെക്രട്ടറിയായിരിക്കെയാണു ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയത്.
ജനറല്‍ സെക്രട്ടറിയായിരുന്ന ടി. രഘുവരനെ സിപിഎം പുറത്താക്കിയപ്പോള്‍ സംഘടന പിടിക്കാന്‍ മുന്നില്‍ നിന്നത് അനില്‍കുമാറാണ്. സിഐടിയു ഭാരവാഹിത്വം ഉപയോഗിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചുവന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് അനില്‍കുമാര്‍ ഒരു ആഡംബര കാര്‍കൂടി വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: