ഗാന്ധിനഗര്‍: അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ് ഗുജറാത്ത് തീരം തൊട്ടു. ജഖാവു തുറമുഖത്തിനു സമീപം രാത്രി എട്ടോടെയാണ് തീവ്ര ചുഴലിക്കാറ്റായി കര കയറിയത്. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗത്തിലടിച്ച കാറ്റ് വന്‍നാശം വിതച്ചെങ്കിലും ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും നാശനഷ്ടമുണ്ടായി. കച്ച്, ജുനഗഡ്, പോര്‍ബന്തര്‍, ദ്വാരക എന്നിവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായി. മുന്‍കരുതലിന്റെ ഭാഗമായി കാറ്റിന്റെ സഞ്ചാര പാതയില്‍ നിന്ന് ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയിരുന്നു.
കച്ച് ജില്ലയില്‍നിന്നു മാത്രം 46,800 പേരെയാണ് ഒഴിപ്പിച്ചത്. ഗുജറാത്തിന്റെ തീര മേഖലയിലെ എട്ടു ജില്ലകളിലെ 120 ഗ്രാമങ്ങളിലാണ് കാറ്റ് കനത്ത നാശമുണ്ടാക്കിയത്. കച്ച്, ദേവഭൂമി ദ്വാരക, പോര്‍ബന്തര്‍, ജാംനഗര്‍, മോര്‍ബി ജില്ലകളെയാണ് ചുഴലിക്കാറ്റ് കൂടുതലായി ബാധിച്ചത്.
അതേസമയം, അടിയന്തര സാഹചര്യം കണക്കിലെടുത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് സൈനിക വിഭാഗങ്ങളും സര്‍വസജ്ജമായിരുന്നു. ഭക്ഷണവും മരുന്നുമായി നാവികസേന കപ്പലുകള്‍ ഒരുക്കി, 15 കപ്പലുകളും ഏഴ് എയര്‍ക്രാഫ്റ്റുകളും സജ്ജമാക്കി. 23 എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഗുജറാത്തിന്റെ തീര മേഖലയില്‍ വ്യോമ, റെയില്‍, റോഡ് ഗതാഗതം താത്കാലികമായി നിര്‍ത്തി. നവസാരി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ബിപോര്‍ജോയ് കനത്ത നാശമുണ്ടാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പാകിസ്ഥാനും സിന്ധ് പ്രവിശ്യയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഒരു ലക്ഷം ആളുകളെ ഒഴിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: