ന്യൂദല്‍ഹി: എസ് ബിഐ ചെയര്മാന് ദിനേഷേ ഖാരയുടെ വാര്‍ഷിക ശമ്പളം 37 ലക്ഷം രൂപയായി നിശ്ചയിച്ചു. ഇതോടെ സ്വകാര്യ-പൊതുമേഖലാ ബാങ്കുകളിലെ മേധാവിമാരുടെ ശമ്പളം തമ്മിലുള്ള അന്തരം ഒരളവ് വരെ പരിഹരിക്കപ്പെട്ടിരിക്കുകയാണ്. 27 ലക്ഷം രൂപ അടിസ്ഥാന ശമ്പളവും 9.99 ലക്ഷം രൂപ ഡിഎയും ആയാണ് നിശ്ചയിച്ചിരിക്കുന്നത്.
2021ല്‍ എസ്ബിഐ ചെയര്‍മാനായിരുന്ന രജനീഷ് കുമാറിന്റെ ശമ്പളത്തേക്കാള്‍ 13.4ശതമാനം അധികമാണ് ഇദ്ദേഹത്തിന്റെ ശമ്പളം. പൊതുമേഖലാ ബാങ്കുകളില്‍ മേധാവിമാരുടെ ശമ്പളം കുറവാണെന്നുള്ള വിഷയം ചര്‍ച്ചയാക്കിയത് രജനീഷ് കുമാറാണ്.
പണ്ട് ഐസിഐസിഐ ബാങ്ക് സിഇഒ ആയിരുന്ന ചന്ദ കൊച്ചാറിന്റെ മാസ ശമ്പളം 16 ലക്ഷമായിരുന്നു. ഇത്തരത്തില്‍ സ്വകാര്യബാങ്കുകള്‍ വാരിക്കോരി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്കുമ്പോള് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെപ്പോലെ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാബാങ്കിന്റെ ചെയര്മാന് തുച്ഛശമ്പളം നല്കിപ്പോരുന്നത് കഴിഞ്ഞ കാലങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. 2022ല്‍ ആക്സിസ് ബാങ്ക് സിഇഒ ആയിരുന്ന ഐഐഎം ഗ്രാജ്വേറ്റായ അമിതാഭ് ചൗധരി 2022ല്‍ വാങ്ങിയത് 7.62 കോടി രൂപയുടെ വാര്‍ഷിക ശമ്പളമായിരുന്നെന്നോര്ക്കുക. ഈ സാഹചര്യമാണ് വന്‍ ശമ്പളപരിഷ്കരണം നല്കി എസ് ബിഐ ചെയര്മാന് ദിനേഷേ ഖാരയുടെ വാര്‍ഷിക ശമ്പളം 37 ലക്ഷം രൂപയാക്കി ഉയര്‍ത്തുക വഴി ഒരളവ് വരെ പരിഹരിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് എന്ന നിലയില്‍ എസ് ബിഐ കൈകാര്യം ചെയ്യുന്നത് 55.17 ലക്ഷം കോടി രൂപയുടെ ആസ്തിയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ദിനേഷ് ഖാരയുടെ ശമ്പളത്തില്‍ അടിസ്ഥാന ശമ്പളവും ഡിഎയും കൂട്ടി 7.5 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.
2022ല്‍ ഇതുപോലെ എച്ച് ഡി എഫ് സിയുടെ സിഇഒ ശശിധര്‍ ജഗ്ദിഷന് 6.51 കോടി രൂപയുടെ ശമ്പളമാണ് വാങ്ങിയിരുന്നത്. ഇദ്ദേഹം എസ് ബിഐയുടെ പാതി ആസ്തിയേ കൈകാര്യം ചെയ്യുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: