അശ്വതി.ജെ
തിരുവല്ല: ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള വളര്‍ച്ചയില്‍ പാരമ്പര്യ തനിമകള്‍ നഷ്ടമാകുന്നു.നാടിന്റെ പല ഉപകരണങ്ങളും ഇന്നും ഓര്‍മ്മകള്‍ മാത്രമായി മാറിയിരിക്കുന്നു. ഇന്നത്തെ കുട്ടികള്‍ക്ക് ഈ കൗതുകങ്ങള്‍ അന്യമാണ്. ഇത്തരത്തില്‍ അന്യമാകുന്ന ചില കൗതുക കാഴ്ചകളിലേക്ക്.
തേക്കുകൊട്ട
തേക്കൊട്ട അഥവാ തേക്കുകൊട്ട എന്നത് കൃഷി ആവശ്യത്തിനും മറ്റുമായ് കര്‍ഷകര്‍ വെള്ളം തേകുന്നതിനുള്ള കൊട്ട ആണ്.പുതിയ കാര്‍ഷിക സാമഗ്രികളുടെ കടന്നു വരവില്‍ മണ്മറഞ്ഞു പോയ ഒന്നാണിത്. ചെറിയ കുളങ്ങള്‍ തേകി വെള്ളം വറ്റിക്കാനും തേക്കുകൊട്ട ധാരാളം ഉപയോഗിച്ചിരുന്നു. ഇതിന്റെ മുകള്‍വശം ദീര്‍ഘവൃത്താകൃതിയിലായിരിക്കും.താഴേക്ക് അത് ചുരുങ്ങിവരും. കൊട്ടയുടെ വായിലും അടിയിലും ഓരോ കയര്‍ കെട്ടും. ഇവയെ യഥാക്രമം വാക്കയറെന്നും അടിക്കയറെന്നും വിളിക്കും. കൊട്ടയില്‍ വെള്ളം നിറക്കുമ്പോള്‍ വാക്കയര്‍ വലിച്ച്പിടിച്ച് അടിക്കയര്‍ അയച്ചുവിടും. ഈ സമയത്ത് കൊട്ട ഒരുവശത്തേക്ക് ചരിയുകയും അതില്‍ വെള്ളം നിറയുകയും ചെയ്യും. പിന്നീട് വാക്കയര്‍ അയച്ച് കൊട്ട ഉയര്‍ത്തുന്നു. കൊട്ട തറനിരപ്പിന് സമാന്തരമാവുമ്പോള് അടിക്കയര്‍ വലിച്ചുമുറുക്കുകയും വാക്കയര്‍ അയച്ചിടുകയും ചെയ്യുന്നു. അതോടെ കൊട്ട ഒരുവശത്തേക്ക് ചെരിയുകയും വെള്ളം പുറത്തേക്കൊഴുകുകയും ചെയ്യും.ഇരുമ്പ് തകരം കൊണ്ടോ മരം കൊണ്ടോ ഉള്ള തേവുകൊട്ട പ്രവര്‍ത്തിപ്പിക്കല്‍ പ്രയാസമേറിയ പണിയാണ്. കൊട്ടയുടെ ഇരുവശങ്ങളില്‍ കയര്‍ കെട്ടാനുള്ള പിടിയുണ്ടാകും. ഈ പിടിയിലൂടെ കയര്‍ രണ്ട് മടക്കുകളായി ഇട്ട് (ഇരു വശങ്ങളിലും) വെള്ളമുള്ളപ്രദേശത്തേക്കു താഴ്ത്തി വെള്ളമെത്തിക്കേണ്ടിടത്തേക്ക് വീശി ഒഴിക്കുന്നത് ശ്രമകരമായ ജോലിയാണ്. ഇരു വശങ്ങളിലുമുള്ള കയറുകളില്‍ രണ്ട് പേര് പിടിച്ചുവലിച്ചാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്.
പറ
ധാന്യങ്ങള്‍ അളക്കുന്നതിന് ഉപയോഗിച്ചിരുന്ന അളവുപാത്രമാണ് പറ. എന്നാല്‍ ഇതിലുപരിയായി കൃഷിസ്ഥലങ്ങളുടെ അളവ് വരെ പറ കണക്കില്‍ പറയാറുണ്ട്. പത്ത് പറ കണ്ടം എന്നു പറയുന്നത്, കൃഷി ചെയ്താല്‍ പത്തു പറ നെല്ല് കിട്ടാവുന്ന സ്ഥലത്തെയാണ്.പറ തന്നെ വിവിധ തരത്തിലും അളവുകളിലുമുണ്ട് എട്ടാം പറ, പത്താം പറ, ഏട്ടന് പറ, പാട്ടപറ, വടിപ്പന്‍ .10 ഇടങ്ങഴി ഒരു പറ എന്നാണ് കണക്കാക്കി പോരുന്നത്.
തുടി
മരം കൊണ്ട് നിര്‍മ്മിച്ച ‘തുടി’ ( കപ്പി) ഒരു കാലത്ത് വെള്ളം കോരാന്‍ ഉപയോഗിച്ചിരുന്നു. തീര്‍ത്തും മരം കൊണ്ട് നിര്‍മ്മിച്ച തുടിയുടെ അഴികളില്‍ കയറിട്ട് ഒരറ്റത്ത് തൊട്ടി (പാട്ട) കെട്ടും. കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിനനുസരിച്ച് കയര്‍ തുടിയില്‍ ചുറ്റികൊണ്ടിരിക്കും ഇതാണ് തുടിയുടെ പ്രവര്‍ത്തനം.വീടിന്റെ ഏത് കോണിലിരിക്കുന്നവര്‍ക്കും കിണറ്റില്‍ നിന്നും വെള്ളം കോരുന്ന തുടിയുടെ ‘കട… കട…’ ശബ്ദം കേള്‍ക്കാന്‍ കഴിയുമായിരുന്നു.
വഴിയമ്പലങ്ങള്‍
പഴയ കാലത്ത് ഗ്രാമവഴികളില്‍ യാത്രികര്‍ക്ക് വിശ്രമിക്കാനും ക്ഷീണമകറ്റാനുമായി ഒരുക്കിയിരുന്ന വിശ്രമകേന്ദ്രങ്ങളാണ് വഴിയമ്പലങ്ങള്‍.മിക്ക വഴിയമ്പലങ്ങളിലും യാത്രികര്‍ക്ക് ദാഹമകറ്റുന്നതിനും, ചുമട് ഇറക്കിവെക്കുന്നതിനും, കന്നുകാലികള്‍ക്ക് വെള്ളം നല്കുന്നതിനുമുള്ള സംവിധാനങ്ങളുണ്ടായിരുന്നു. ഇതിനായി പൊതുകിണറും, ചുമടുതാങ്ങിയും, കല്‍ത്തൊട്ടിയും വഴിയമ്പലങ്ങളോട് അനുബന്ധമായി സജ്ജീകരിച്ചിരുന്നു.നാല് കല്‍ത്തൂണുകളില്‍ ഉയര്‍ന്നു നില്ക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര ഒറ്റ മകുടത്തില്‍ ഉറപ്പിച്ചിരിക്കുന്ന രീതിയാണ് സാധാരണ കണ്ടുവരുന്നത്.വഴിയമ്പലങ്ങളില്‍ ഏതാനും ചിലത് മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അതില്‍ തന്നെ കൂടുതലും ജിര്‍ണ്ണാവസ്ഥയിലാണ്.
പത്തായം
മുന്‍കാലങ്ങളില്‍ ധാന്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിച്ചിരുന്ന സംഭരണിയാണ് പത്തായം. വീടുകളുടെ തറകള്‍ മണ്ണും ചാണകവും കരിയും കൂട്ടി മെഴുകിയവയും ഈര്‍പ്പമുള്ള കാലാവസ്ഥയും ആയതു കൊണ്ട് ധാന്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഇവ അത്യാവശ്യമായിരുന്നു. തേക്ക്,ഈട്ടി,പ്ലാവ് തുടങ്ങിയ ഉപയോഗിച്ചാണ് നിര്‍മാണം. ചതുരാകൃതിയില്‍ തറയോടെ ചേര്‍ന്നാണ് ഇത് പണിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: