Categories: Kerala

എസ്എഫ്‌ഐ നേതാവിന് ഒന്നാം സെമസ്റ്ററില്‍ 100 മാര്‍ക്ക്;രണ്ടാം സെമസ്റ്ററില്‍ പൂജ്യം;മഹാരാജാസിലെ പരീക്ഷ നടത്തിപ്പ് അന്വേഷിക്കണമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

Published by

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് പി.എം ആര്‍ഷോ ബിരുദ പരീക്ഷയില്‍ ഒന്നാം സെമസ്റ്ററില്‍ നൂറില്‍ നൂറുമാര്‍ക്കും നേടിയെങ്കില്‍ അത് രണ്ടാം സെമസ്റ്ററിലാ യപ്പോള്‍ ‘സംപൂജ്യ’മായി.സ്വയംഭരണ സ്ഥാപനമായ  എറണാകുളം മഹാരാജാസ് കോളേജില്‍ അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ആര്‍ക്കിയോളജി എന്ന വിഷയത്തിലാണ് ആര്‍ഷോ പഠനം തുടരുന്നത്.  

ഒന്നാം സെമസ്റ്ററില്‍ ഒരു വിഷയത്തിന് നൂറില്‍ നൂറുമാര്‍ക്കും  മറ്റ് വിഷയങ്ങള്‍ക്ക്  എ ഗ്രേഡും ബി പ്ലസുമാണ് ലഭിച്ചിട്ടുള്ളത്. 100 മാര്‍ക്ക് കിട്ടിയ ഒരു വിഷയത്തിന് Out Standing Grade എന്ന് സൂചിപ്പിക്കുന്ന ‘S’ വും ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റില്‍ രേഖപെടുത്തിയിട്ടുണ്ട്.രണ്ടാം സെമസ്റ്ററിന്റെ ഇന്റെണല്‍ പരീക്ഷകള്‍ക്ക് മുഴുവന്‍ മാര്‍ക്കായ 20  വരെ ലഭിച്ച നേതാവിനാണ് എഴുത്ത് പരീക്ഷയില്‍   പൂജ്യം മാര്‍ക്കായത്. മാര്‍ക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിന് absent രേഖപെടുത്തിയിട്ടുണ്ട്.

ഒരു വധശ്രമകേസിനെ  തുടര്‍ന്ന് തടവിലായ തനിക്ക് സെമസ്റ്റര്‍ പരീക്ഷ  എഴുതണമെന്ന ആര്‍ഷോയുടെ അപേക്ഷ പരിഗണിച്ച ഹൈക്കോടതി കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമായി രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതുന്നതിന്  പരോള്‍ അനുവദിക്കുകയായിരുന്നു.NIC യുടെ സോഫ്റ്റ്വെയറിന്റെ തകരാര്‍ കാരണം,  എഴുതാത്ത മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്‌ക്ക് പൂജ്യം മാര്‍ക്ക് രേഖപെടുത്തി, തന്നെ പാസ്സാക്കിയതായി ആര്‍ഷോ  പോലീസില്‍ പരാതി പെട്ടിരിക്കുമ്പോഴാണ്  രണ്ടാം സെമസ്റ്ററില്‍ എല്ലാവിഷയങ്ങള്‍ക്കും പൂജ്യം മാര്‍ക്ക് വാങ്ങിയ നേതാവ് ആദ്യ സെമസ്റ്റര്‍ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയതിലെ ദുരൂഹത പരിശോധിക്കണമെന്ന പരാതി  ഉയര്‍ന്നിരിക്കുന്നത്.

പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെയാണ് വിദ്യാര്‍ഥിയുടെ ഹാജര്‍, ക്ലാസ്സ് മുറിയിലെ പ്രകടനം എന്നിവ വിലയിരുത്തി ഇന്റെണല്‍ മാര്‍ക്കുകള്‍ നിശ്ചയിക്കുന്നത്. ഓരോ വിഷയത്തിലും എഴുത്തു പരീക്ഷയുടെ 80 മാര്‍ക്കിനൊപ്പം അധ്യാപകര്‍ നല്‍കുന്ന ഇന്‍ന്റെണല്‍ മാര്‍ക്ക് കൂടി ചേര്‍ത്താണ് ഓരോ വിഷയത്തിന്റെയും മൊത്തം മാര്‍ക്ക് നിശ്ചയിക്കുന്നത്.  ആട്ടോണമസ് പദവിയുള്ള  മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പും മാര്‍ക്ക്‌ലിസ്റ്റ് തയ്യാറാക്കലും സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്ലാ പരീക്ഷാഫലങ്ങളും  പരിശോധിക്കാന്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക