ന്യൂദല്‍ഹി: ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് മുന്‍ തലവനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ (പോക്സോ) കേസില്‍ തെളിവുകളില്ലെന്ന് ദല്‍ഹി പൊലീസ് അറിയിച്ചു.ദല്‍ഹിയിലെ കോടതിയില്‍ സമര്‍പ്പിച്ച 552 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഗുസ്തി പരിശീലിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി, പിതാവ്, ബ്രിജ് ഭൂഷണ് സിംഗ്, മറ്റ് സാക്ഷികള്‍ എന്നിവരില്‍ നിന്നുള്ള മൊഴികള്‍ ഉദ്ധരിച്ചാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുളളത്. തെളിവുകളൊന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. കേസ് ജൂലൈ നാലിന് കോടതി പരിഗണിക്കും.
12 വര്‍ഷമായി ഡബ്ല്യുഎഫ്ഐയുടെ തലവനായിരുന്ന സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച വനിതാ അത്ലറ്റുകളില് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവ് ആരോപണങ്ങള്‍ പിന്‍വലിക്കുകയും മജിസ്ട്രേറ്റിന് മുന്നില്‍ പുതിയ മൊഴി നല്‍കുകയുമായിരുന്നു.
അതേസമയം ആറ് വനിതാ അത്ലറ്റുകളില് നാലുപേരും തങ്ങളുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതിന് തെളിവുകള്‍ നല്‍കിയതായി പൊലീസ് നേരത്തേ അറിയിച്ചു. ഈ മാസം 7ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക്ക് എന്നിവരുമായി ചര്‍ച്ച നടത്തി ജൂണ്‍ 15നകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് സിംഗിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധത്തിലായിരുന്ന ഗുസ്തിക്കാര്‍ ജൂണ്‍ 15 വരെ പ്രതിഷേധം നിര്‍ത്തിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: