ഹവാന: കേരളത്തിന്റെ കായികമേഖലയുടെ വളര്‍ച്ചയ്‌ക്ക് ക്യൂബയുമായി സഹകരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സന്ദര്‍ശനത്തില്‍ തീരുമാനം. കേരളത്തിന്റെ കായികമേഖലയുടെ വളര്‍ച്ചയ്‌ക്ക് അന്താരാഷ്‌ട്ര കായികരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള ക്യൂബയുടെ സഹായസഹകരണങ്ങള്‍ ലഭിക്കും.
ക്യൂബയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിക്രിയേഷന്റെ വൈസ് പ്രസിഡണ്ട് റൗള്‍ ഫോര്‍ണെസ് വലെന്‍സ്യാനോ-യുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിന് ധാരണയായത്.
വോളിബോള്‍, ജൂഡോ, ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങള്‍ എന്നിവയില്‍ കേരളത്തിലെ കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ ക്യൂബയില്‍ നിന്നുള്ള പരിശീലകരെ കൊണ്ടുവരുന്നതിനാവശ്യമായ തീരുമാനങ്ങള്‍ എത്രയും പെട്ടെന്നു കൈക്കൊള്ളാന്‍ ധാരണയായി. കേരളവും ക്യൂബയും തമ്മില്‍ ഓണ്‍ലൈന്‍ ചെസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകളും ആരാഞ്ഞു.
ക്യൂബയിലേയ്‌ക്ക് കേരളത്തിലെ കായികതാരങ്ങളെ പരിശീലനങ്ങള്‍ക്കായി അയക്കുന്നതിലുള്ള താല്പര്യവും അറിയിച്ചു. കേരളത്തിന്റെയും ക്യൂബയുടേയും കായികമേഖലകളുടെ വികാസത്തിനായി സഹകരിക്കാനുള്ള ക്യൂബയുടെ സന്നദ്ധത റൗള്‍ ഫോര്‍ണെസ് വലെന്‍സ്യാനോ മുഖ്യമന്ത്രിയെ അറിയിച്ചു. എക്‌സേഞ്ച് പ്രോഗ്രാമുകളുടെ സാധ്യതയും അദ്ദേഹം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: