ചെന്നൈ: തട്ടിപ്പു കേസില്‍ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി മന്ത്രി വി. സെന്തില്‍ ബാലാജിയുടെ ആരോഗ്യ നില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. നെഞ്ചു വേദനയെ തുടര്‍ന്ന് നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദയ ധമനിക്കളില് 3 ബ്ലോക്കുകള്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ മന്ത്രിയെ അടിയന്തര ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഇതേത്തുടര്‍ന്ന് ബാലാജിയെ കാവേരി ഹോസ്പിറ്റിലലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ചെന്ന കേസില്‍ ചൊവ്വാഴ്ച്ച സെന്തിലിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് 17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പുലര്‍ച്ചെയാണ് സെന്തിലിനെ ഇഡി അറസ്റ്റു ചെയ്യുന്നത്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
അതേസമയം, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കാട്ടി ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കുകയാണ്. ചോദ്യം ചെയ്യല്‍ സമയത്ത് ഇഡി മന്ത്രിയെ ഉപദ്രവിച്ചെന്ന തരത്തിലുള്ള ആരോപണങ്ങളും ഡിഎംകെ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്. ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ സെന്തില്‍ ബാലാജി പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു.
ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന സെന്തിലിനെ കാണാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നേരിട്ടെത്തിയിരുന്നു. മാത്രമല്ല കോണ്‍ഗ്രസ് പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: