തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്‌ക്കുള്ളിലെ കാട്ടുപോത്തിന്റെ കൂടിന്റെ സമീപത്തെ മരത്തിലാണ് കുരങ്ങിനെ കണ്ടെത്തിയത്. വൈകാതെ കൂട്ടിലേക്ക് മാറ്റാനാകും എന്ന് അധികൃതര്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പ് തിരുപ്പതി വെങ്കിടേശ്വര മൃഗശാലയിൽ നിന്നും എത്തിച്ച ഹനുമാന്‍ കുരങ്ങുകളില്‍ ഒന്നാണ് ചൊവ്വാഴ്ച വൈകുന്നേരമാണ് ചാടിപ്പോയത്.
മരത്തിന് മുകളിൽ നിന്നും ഇഷ്ടഭക്ഷണവും മറ്റും കാണിച്ച് അനുനയിപ്പിച്ച് താഴെയിറക്കാനാണ് ശ്രമം. കുരങ്ങുകളെ സന്ദര്‍ശകര്‍ക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് വ്യാഴാഴ്ച നടക്കാനിരിക്കെയാണ് സംഭവം. ഈ ചടങ്ങിന് മുന്നോടിയായി കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. ജീവനക്കാരെ വെട്ടിച്ച് ഓടി ഒരു മരത്തിൽ കയറിയശേഷം ചില്ലകളിലൂടെ ചാടി നടക്കുകയും ഒടുവിൽ മതിലിന് പുറത്തേക്ക് വളർന്നു നിൽക്കുന്ന മരചില്ല വഴി പുറത്തിറങ്ങുകയുമായിരുന്നു.
അക്രമസ്വഭാവമുള്ള മൃഗമായതിനാല്‍ പൊതുജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. മുൻപും മൃഗശാലയിൽ രണ്ടുവട്ടം ഹനുമാൻ കുരങ്ങ് ചാടിയിട്ടുണ്ട്. എന്നാൽ ഇവയ്‌ക്ക് മൃഗശാല കോമ്പൗണ്ടിന് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ഉടനെ പിടികൂടിയിരുന്നു. മൃഗശാലയ്‌ക്ക് പുറത്തേക്ക് വളർന്ന് നിൽക്കുന്ന മരച്ചില്ലകൾ കൃത്യമായി വെട്ടിമാറ്റാത്തതാണ് കുരങ്ങ് പുറത്തേക്ക് കടക്കാൻ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: