ആലപ്പുഴ: എംജിഎന് ആര്‍ഇജിഎസ്, സുഭിക്ഷ, ശുചിത്വ കേരളം പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുന്നുണ്ടെന്ന് ഡിസ്ട്രിക്ട് ഡവലപ്പ്മെന്റ് കോര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി (ദിശ) യോഗം വിലയിരുത്തി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നാളിതുവരെ 100 തൊഴില്‍ ദിനങ്ങള്‍ നല്കാന് സാധിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയില്‍ ഏറ്റെടുത്ത 24 അങ്കണവാടികളുടെ നിര്‍മ്മാണത്തില്‍ 16 എണ്ണം പൂര്‍ത്തീകരിക്കുകയും അഞ്ചെണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയുമാണ്.
ജില്ലയില്‍ 36 ആയുഷ് ഡിസ്പെന്‍സറികള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ ആയി ഉയര്‍ത്തിയിട്ടുണ്ട്. 36 സ്ഥാപനങ്ങളുടെ പശ്ചാത്തല വികസനത്തിനായി ഇതുവരെ അഞ്ച് ലക്ഷം രൂപ നല്കി. അമൃത സരോവര്‍ പദ്ധതിയില്‍ 44 കുളങ്ങള്‍ ഏറ്റെടുത്തു. ഇതില്‍ 27 കുളങ്ങള്‍ പൂര്‍ത്തീകരിക്കുകയും ബാക്കി ആഗസ്ത് ആദ്യവാരം തന്നെ പൂര്‍ത്തീകരിക്കുകയും ചെയ്യും. പൊതു ശൗചാലയങ്ങള്‍ ആവശ്യാനുസരണം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കുന്നതിന് നടപടിയെടുക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.
മഴക്കെടുതിയോട് അനുബന്ധിച്ച് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ ടോയ്ലറ്റുകള് പ്രവര്‍ത്തനക്ഷമമാക്കുകയോ നിര്‍മിക്കുകയോ ചെയ്യണമെന്ന് ശുചിത്വമിഷനോട് നിര്‍ദ്ദേശിച്ചു. ജില്ലയിലെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം ഉറപ്പാക്കാനുള്ള നടപടിയെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
ജില്ലയില്‍ 75 കിലോമീറ്റര്‍ ദൂരത്തിലാണ് ദേശീയ പാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതില്‍ തുറവൂര്‍ മുതല്‍ പറവൂര്‍ വരെ ഒന്നാം ഘട്ടവും, പറവൂര്‍ മുതല്‍ കൊറ്റുകുളങ്ങര വരെ രണ്ടാം ഘട്ടവും 30 മാസം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: