കൊച്ചി : മോന്സന് മാവുങ്കല്‍ 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. സാവകാശം അനുവദിക്കണമെന്ന് സുധാകരന് ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഈമാനം 23ന് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ താന്‍ എങ്ങനെ പ്രതിചേര്ക്കപ്പെട്ടുവെന്ന് അറിയില്ല. ഇക്കാര്യം പരിശോധിച്ചു വരികയാണെന്നാണ് കെ. സുധാകരന് കഴിഞ്ഞ ദിവസം അറിയിച്ചത്. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് നേരത്തെ സുധാകരനോട് ആവശ്യപ്പെട്ടത്. എന്നാല്‍ തനിക്ക് ഇന്ന് സാധിക്കില്ലെന്നും സാവകാശം അനുവദിക്കണമെന്നും സുധാകരന് അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് 23 വെള്ളിയാഴ്ച കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ടെത്തി ഹാജരാകാനും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. സുധാകരന് പരാതിക്കാരില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങിയെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. എന്നാല്‍ കേസിനെതിരെ കോടതിയില്‍ സമീപിക്കുന്ന കാര്യത്തില്‍ സുധാകരന് ഇന്ന് തീരുമാനമെടുത്തേക്കും. രാഷ്ട്രീയമായും നിയമപരമായും കേസിനെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
അതേസമയം കേസിലെ മറ്റ് പ്രതികളായ ഐജി ലക്ഷ്മണയ്ക്കും മുന്‍ ഡിഐജി സുരേന്ദ്രനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ബുധനാഴ്ച നോട്ടീസ് അയക്കും. മോന്സന് വേണ്ടി പല സഹായങ്ങളും ചെയ്തു നല്‍കിയെന്നും പണം കൈപറ്റിയെന്നുമാണ് ഇവര്‍ക്കെതിരായ ആരോപണം.
മോന്സന് പണം നല്കുമ്പോള് കെ സുധാകരന് അവിടെയുണ്ടായിരുന്നുവെന്ന ആരോപണത്തിലുറച്ച് നില്‍ക്കുകയാണ് പരാതിക്കാര്‍. സുധാകരന് മോന്സണ് പണം കൊടുത്തത് കണ്ട സാക്ഷികളുണ്ടെന്ന് പരാതിക്കാരനായ ഷാനി പറഞ്ഞു. സുധാകരനെതിരെ രാഷ്ട്രീയ പരമായി ഒരു വിദ്വേഷവും തങ്ങള്‍ക്കില്ല. നഷ്ടമായ പണം തിരിച്ചിപിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. മോന്‍സന്റെ അടുത്ത് സുധാകരന് ചികിത്സയ്ക്കായി മാത്രം പോയതാണെങ്കില്‍ മരുന്നിന്റെ കുറിപ്പടി ഉണ്ടാകില്ലേ അത് പുറത്ത് വിട്ടാല്‍ പ്രശ്നം തീരില്ലേ. വേറെ ബന്ധമൊന്നും ഇല്ലെങ്കില്‍ മോന്‍സനെതിരെ പരാതി കൊടുക്കണം. അതിന് സുധാകരന് മടിക്കുന്നതെന്തിനാണെന്നും പരാതിക്കാരന് ചോദിച്ചു. സുധാകരന്റെ സാന്നിധ്യത്തിലാണ് തങ്ങള്‍ മോന്സന് 25 ലക്ഷം രൂപ കൈമാറിയത്. പുരാവസ്തുക്കള്‍ വിറ്റതുമായി ബന്ധപ്പെട്ട് 2.62 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പറഞ്ഞാണ് 25 ലക്ഷം വാങ്ങിയത്. ഇതില്‍ 10 ലക്ഷം കെ. സുധാകരന് കൈപ്പറ്റിയെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്.
കേസില്‍ ഇപ്പോള്‍ പ്രതി ചേര്‍ത്ത ലക്ഷ്മണയ്ക്കും സുരേന്ദ്രനും അടക്കം മോന്സന് പണം നല്‍കിയതിന് രേഖകളുണ്ട്, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ ഉണ്ട്. അത് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഈ കേസ് സംസ്ഥാനത്തിന്റെ അതിര്‍ത്തിക്ക് ഉള്ളില്‍ ഒതുങ്ങുന്നതല്ല. സിബിഐക്ക് കൈമാറണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടു. കേസില്‍ കെ. സുധാകരനെതിരെ തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം ആവര്‍ത്തിക്കുന്നത്. വരും ദിവങ്ങളില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: