കൊവിന്‍ ആപ്പിന്റെയും ട്വിറ്ററിന്റേയും പേരില്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലുള്ള ‘പതിവ് ചടങ്ങാ’യി കണ്ടാല്‍ മതിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പ്രധാനമന്ത്രി വിദേശയാത്ര നടത്തുപ്പൊളൊക്കെ ഇത്തരം അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാറുണ്ട്. യാത്രയുടെ ശോഭ കെടുത്താന്‍ ഉദ്ദേശിച്ചുള്ളവയായിരുന്നു അവയെല്ലാം. പ്രതിപക്ഷം കോലാഹലം ഉണ്ടാക്കും എന്നതിലപ്പുറം ഒന്നും സംഭവിച്ചിട്ടല്ല. ഇപ്പോഴത്തെ വാര്‍ത്തകള്‍ക്കും അത്രയേ പ്രധാന്യമുളളു. ‘ജന്മഭൂമി‘ക്ക് അനുവദിച്ച അഭിമുഖത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും ഇവിടത്തെ നിയമം അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സ്വതന്ത്ര പരമാധികാര രാഷ്ട്രം എന്നനിലയില്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്. അതു ചെയ്യുമ്പോള്‍ ആരെങ്കിലും ഭീഷണിയായി കരുതുന്നുണെങ്കില് വകവെച്ചുകൊടുക്കില്ല. വിവര ചോര്‍ച്ചാ വിവാദം കൊവിന്‍ ആപ്പിനെ ഇകഴ്ത്താനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ്.സ്വകാര്യത ലംഘനം എന്നൊക്കെ പറയുന്നത് അടിസ്ഥാനമില്ലാതെയാണ്. സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഇല്ലാത്തത് പരമ്പരാഗത മാധ്യമങ്ങള്‍ക്ക് ഭീഷണിയാണ്. വാര്‍ത്ത നല്‍കിയതിന് ഏഷ്യാനെറ്റ് ലേഖികക്കെതിരെ കേസെടുത്തത് സിപിഎമ്മിന്റെ കപടമുഖത്തിന്റെ ഉദാഹരണമാണ്. സമകാലീന പ്രശ്നങ്ങളോടുള്ള മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു.
ട്വിറ്റര്‍ പൂട്ടിക്കുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയെന്ന സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സിയുടെ ആരോപണത്തിനു പിന്നില്‍?
എന്തുകൊണ്ടാണ് ജാക്ക് ഡോര്‍സി അത് പറഞ്ഞത് എന്നറിയില്ല. എന്തായാലും പച്ചക്കള്ളമാണ്.. ട്വിറ്ററിന്റെ ചരിത്രത്തിലെ സംശയാസ്പദമായ കാലഘട്ടത്തെ മറച്ചുവെക്കാനുള്ള ശ്രമമാണെന്നു കരുതാം. കര്‍ഷക പ്രതിഷേധം നടക്കുമ്പോള്‍, ധാരാളം തെറ്റായ വിവരങ്ങളും വംശഹത്യയെക്കുറിച്ച് വരെ വ്യാജവാര്‍ത്തകളും വന്നു. വ്യാജവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായേക്കുമെന്നതിനാല്‍ ഇത്തരം തെറ്റായ വിവരങ്ങള്‍ ട്വിറ്ററില്‍നിന്ന് നീക്കം ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരായിരുന്നു. അന്ന് ജാക്ക് ഡോര്ബിയായിരുന്നു ട്വറ്റര്‍ തലവന്‍. അദ്ദേഹത്തിന്റേത് പക്ഷപാതപരമായ നിലപാടായിരുന്നു. . അമേരിക്കയില്‍ സമാന സംഭവങ്ങള്‍ നടന്നപ്പോള്‍ അവര്‍ അത് വേഗം ചെയ്തു, എന്നാല്‍ ഇന്ത്യയില്‍ സമാന സാഹചര്യത്തില്‍ ഉണ്ടായപ്പോള്‍ തെറ്റായ വിവരങ്ങള്‍ നീക്കംചെയ്യുന്നതില്‍ തടസ്സം പറഞ്ഞു.’ഡോര്‍സിയും അദ്ദേഹത്തിന്റെ ടീമും ഒരുകാലത്ത് ഇന്ത്യന്‍ നിയമങ്ങളുടെ തുടര്‍ച്ചയായ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. 2020 മുതല്‍ അവര്‍ ആവര്‍ത്തിച്ച് നിയമലംഘനങ്ങള്‍ നടത്തിപ്പോന്നു. ഒടുവില്‍, 2022 ജൂണില്‍ മാത്രമാണ് അവര്‍ നിയമങ്ങള്‍ പാലിച്ചു തുടങ്ങിയത്. എന്നാല്‍ അതിന്റെ പേരില്‍ ഇവിടെയാരും ഇതുവരെ ജയിലില്‍ പോകുകയോ റെയ്ഡ് ചെയ്യുകയോ ട്വിറ്റര്‍ അടച്ചുപൂട്ടുകയോ ചെയ്തിട്ടില്ല’ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ മാത്രമായിരുന്നു ശ്രദ്ധ.
ഇന്റര്‍നെറ്റ് സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമാണെന്ന് ഉറപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ പാലിക്കുക എന്നത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികള്‍ക്കും ബാധകമാണ്. ഇന്ത്യന്‍ നിയമത്തിന്റെ പരമാധികാരം അംഗീകരിക്കുന്നതില്‍ ജാക്ക് ഡോര്‍സിയുടെ ട്വിറ്റര്‍ ഭരണത്തിന് എക്കാലവും വിമുഖതയുണ്ടായിരുന്നു. ഇന്ത്യയിലെ നിയമങ്ങള്‍ തങ്ങള്‍ക്ക് തെല്ലും ബാധകമല്ലെന്ന മട്ടിലാണ് അവര്‍ പലപ്പോഴും പെരുമാറിയത്. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയില്‍, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും ഈ രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്.ട ്വിറ്ററിന്റെ ഏകപക്ഷീയവും പക്ഷപാതപരവും വിവേചനപരവുമായ പെരുമാറ്റത്തിനും അതിന്റെ അധികാര ദുര്‍വിനിയോഗത്തിനും ധാരാളം തെളിവുകളുണ്ട്,. ട്വിറ്റര്‍ കേവലം ഇന്ത്യന്‍ നിയമം ലംഘിക്കുക മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,19 ന് വിരുദ്ധമായി ചിലരെ ഏകപക്ഷീയമായി അപകീര്‍ത്തിപ്പെടുത്തുകയും തെറ്റായ വിവരങ്ങള്‍ ആയുധമാക്കുന്നതില്‍ സഹായിക്കുന്നതില്‍ പക്ഷപാതപരമായി പെരുമാറുകയും ചെയ്തു
സാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കണം എന്നതാണോ ഉദ്ദേശിക്കുന്നത്?
സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായേ തീരു. സ്വയം നിയന്ത്രണം കൊണ്ടുവരും എന്നൊക്കെ പറയന്നുണ്ടെങ്കിലും പ്രായോഗികമാകുന്നില്ല. അതിനായി എന്തെങ്കിലും നീക്കം സര്‍ക്കാര്‍ നടത്തിയാല്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരില്‍ വിമര്‍ശനവുമായി എല്ലാവരും ഇറങ്ങും. സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ കാര്യത്തില്‍ നിയന്ത്രണം ഇല്ലാത്തത് പരമ്പരാഗത മാധ്യമങ്ങള്‍ക്കാണ് പ്രധാന ഭീഷണി. പരമ്പരാഗത മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതതില്‍ ഉത്തരവാദിത്വം കാണിക്കും. എന്നാല്‍ സാമൂഹ്യമാധ്യമങ്ങള്‍ മുന്‍പിന്‍ നോക്കാതെ വാര്‍ത്ത കൊടുക്കും. വാര്‍ത്തകളുടെ വിശ്വാസ്യത ആണ് ഇതുമൂലം നഷ്ടമാകുന്നത്. പരമ്പരാഗത മാധ്യമങ്ങളെ ഇത് ദോഷം ചെയ്യും
കൊവിന്‍ ആപ്പില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ന്നതായ വാര്‍ത്തയും വ്യാജമെന്നു പറഞ്ഞ് തള്ളാനാകുമോ?
വാര്‍ത്ത വ്യാജം ആണോ എന്നതല്ല. കൊവിന്‍ ആപ്പില്‍ നിന്നുള്ള വിവരങ്ങളല്ല ചോര്‍ന്നത് എന്നതാണ് സത്യം. പ്രചരിക്കുന്നത് വ്യാജ വിവരങ്ങളോ മുന്‍പ് പുറത്ത് വന്ന വിവരങ്ങളോ ആകാം. ഐടി മന്ത്രാലയത്തിന് കീഴിലുള്ള എമര്‍ജന്‍സി കമ്പ്യൂട്ടര്‍ റെസ്പോണ്‍സ് ടീം അന്വേഷണം നടത്തുകയാണ്. എല്ലാ സര്‍ക്കാര്‍ പ്ലാറ്റ്ഫോമുകളിലും ഡാറ്റ സംഭരണം, ആക്സസ്, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയുടെ ഒരു പൊതു ചട്ടക്കൂട്ട് സൃഷ്ടിക്കുന്ന ഒരു ദേശീയ ഡാറ്റ ഗവേണന്‍സ് നയത്തിന് അന്തിമരൂപം നല്‍കിയിട്ടുണ്ട്. കൊവിന്‍ പോര്‍ട്ടല്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ചോര്‍ച്ചാ വിവാദം കൊവിന്‍ ആപ്പിനെ ഇകഴ്ത്താനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് കരുതുന്നു. പ്രധാനമന്ത്രി അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നതിനു മുന്‍പ് ഇത്തരം ഇല്ലാത്ത വിവാദങ്ങള്‍ ഉണ്ടാക്കുന്നത് പതിവായി കാണുന്ന കാഴ്ചയാണ്. അത്തരം ഒന്നായി മാത്രം ഇതിനെ കണ്ടാല്‍ മതി.
? മാധ്യമങ്ങള്‍ക്ക് നിയന്ത്രണം എന്ന് പറഞ്ഞ് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നവര്‍ കേരളത്തില്‍ വാര്‍ത്ത കൊടുത്തതിന് കേസ് എടുക്കുന്നതിനെ എങ്ങനെ കാണുന്നു.?
വാര്‍ത്ത കൊടുത്തു എന്നതിന്റെ പേരില്‍ ഏഷ്യാനെറ്റ് ലേഖികക്കെതിരെയുള്ള കേസ് സിപിഎമ്മിന്റെ കപടമുഖത്തിന്റെ ഉദാഹരമാണ്. ബിബിസി ഡോക്യുമെന്ററി വരുമ്പോള്‍ സിപിഎം അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാകുന്നു. ഇവിടെ ഭരണത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ കേസെടുക്കുന്നു. എന്തിനും എല്ലാത്തിനും അഭിപ്രായം പറയുന്ന സിപിഎമ്മിന്റെ കേന്ദ്ര നേതാക്കള്‍ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്. ചോദിക്കാനും പറയാനും ആരുമില്ലന്ന നിലയിലാണ് സര്‍ക്കാറിന്റെ പോക്ക്. പ്രതിപക്ഷത്തിന്റെ മിടുക്കില്ലായ്മ എന്നു പറഞ്ഞാലും തെറ്റില്ല. ഇത് കേരളത്തിന് അപകടമാണ്.
കേന്ദ്ര സര്‍ക്കാറിന്റെ ഒന്‍പത് വര്‍ഷത്തെ പരിശ്രമം
കേന്ദ്ര സര്‍ക്കാറിന്റെ പ്രധാന പരിപാടിയായ തൊഴില്‍ മേളയില്‍ പങ്കെടുക്കാനാണ് കേരളത്തിലെത്തിയത്. കോവിഡാനന്തര കാലഘട്ടത്തില്‍ നൈപ്പുണ്യം തൊഴില്‍ മേഖലയ്ക്ക് അത്യന്താപേക്ഷിതമായി മാറി. സുതാര്യവും, എല്ലാവരെയും ഉള്‍കൊള്ളുന്നതുമായ പ്രക്രിയയിലേക്ക് രാജ്യത്തെ നിയമന പ്രക്രിയ മാറിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ഒന്‍പത് വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണ് റോസ്ഗര് മേള. സേവനം, സദ്ഭരണം, ദരിദ്രരുടെ ക്ഷേമം എന്നതാണ് നിലവിലെ സര്‍ക്കാര്‍ ജാലിയെ വിവരിക്കുന്ന മൂന്നു ഘടകങ്ങള്‍. അതെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യമൊന്നുമില്ല. വിവാദങ്ങള്‍ മാത്രം മതി. വിവാദം തൊഴിലായി സ്വീകരിക്കുന്നതാണ് നമ്മുടെ പ്രശ്നം.
കോണ്‍ഗ്രസ് ഭരണത്തിന്റെ നഷ്ട ദശകത്തില്‍ നിന്ന് രാജ്യത്തെ വീണ്ടെടുത്ത് പുരോഗതിയുടെ പാതയിലേക്ക് നയിക്കാന്‍ കഴിഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘ വീക്ഷണവും നിശ്ചയദാര്‍ഢ്യവും മൂലമാണ്.. 2ജി സ്പെക്ട്രം മുതല്‍ നിരവധി അഴിമതികളും കെടുകാര്യസ്ഥതയും നിറഞ്ഞതായിരുന്നു കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ ഭരണ നാളുകള്‍. അവിടെ നിന്നും കേവലം ഒന്‍പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുന്‍ നിരയിലേക്ക് എത്തിക്കുന്നതില്‍ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താനായതും ബിജെപി സര്‍ക്കാരിന്റെ പുരോഗമനാത്മക നിലപാടുകള്‍ക്ക് ഉത്തമ ദൃഷ്ടാന്തമാണ്.’2014ല്‍ പരിമിതമായ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ മാത്രമുണ്ടായിരുന്നയിടത്ത് നിന്ന് ലോകത്തിലെ ഏറ്റവും വലിയ പരസ്പര ബന്ധിത രാജ്യമായി വളര്‍ന്നതിലും അത് വഴി ഇന്ത്യയുടെ വികസനം ഏറെ മുന്നോട്ടു പോയതിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് വലിയൊരു പങ്കുണ്ട്’
പ്രതികരിക്കാൻ ഇവിടെ എഴുതുക: