കണ്ണൂരിലെ മുഴുപ്പിലങ്ങാട് പതിനൊന്നു വയസ്സുകാരനായ നിഹാല്‍ എന്ന ബാലനെ തെരുവുനായ്‌ക്കള്‍ കടിച്ചുകീറി കൊന്നത് നാടിന്റെ കണ്ണീരോര്‍മയായി. വീടിനടുത്തെ പറമ്പില്‍ കളിക്കാന്‍ പോയ ഭിന്നശേഷിക്കാരനായ ഈ കുട്ടിയെ നായ്‌ക്കള്‍ കൂട്ടംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കാണാതായ കുട്ടിയെ പിന്നീട് തെരഞ്ഞ് കണ്ടെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കടിയേല്‍ക്കാത്ത ഒരു ഭാഗം പോലും ശരീരത്തിലുണ്ടായിരുന്നില്ല. അരയ്‌ക്കു കീഴെ ശരീരഭാഗങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇടതുകാലിന്റെ മാംസം അടര്‍ന്ന് തുടയെല്ല് പുറത്തുകാണാന്‍ കഴിയുമായിരുന്നു. ഒന്നരമണിക്കൂറെടുത്ത് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ അവയവഭാഗങ്ങള്‍ തുന്നിക്കെട്ടി ഒരുവിധം ശരീരത്തിന്റെ രൂപത്തിലാക്കുകയായിരുന്നു എന്നറിയുമ്പോള്‍ എത്ര പൈശാചികമായ ആക്രമണത്തിനാണ് ഈ പിഞ്ചു ബാലന്‍ ഇരയായതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ മുഖത്തിന്റെ ഒരുവശം മാത്രമേ പുറത്തുകാണിക്കാനായുള്ളൂ. ഓട്ടിസം ബാധിച്ച് സംസാരശേഷി കുറവായിരുന്ന ബാലന് നായ്‌ക്കള്‍ ആക്രമിക്കുമ്പോള്‍ ഒന്നു കരയാന്‍പോലും കഴിഞ്ഞില്ല. നിഹാലിന്റെ അതിദാരുണമായ വേര്‍പാട് ആ കടുംബത്തിന് തീരാവേദനയായപ്പോള്‍ ഈ വാര്‍ത്ത സൃഷ്ടിച്ച നടുക്കത്തില്‍നിന്ന് നാട് ഇനിയും മുക്തമായിട്ടില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു, ഇത് തടയാന്‍ കഴിയില്ലേ എന്ന ചോദ്യമാണ് അവരില്‍ അവശേഷിക്കുന്നത്. നഗരങ്ങളില്‍ മാത്രമല്ല, നാട്ടുമ്പുറങ്ങളിലും തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമാണെന്നതിന്റെ തെളിവാണ് നിഹാലിന്റെ മരണം. അടുത്തത് ആരെന്ന ആശങ്കയാണ് ജനങ്ങളുടെ മനസ്സിലുള്ളത്. ഭരണാധികാരികള്‍ മാത്രം ഇത് കാണാന്‍ കൂട്ടാക്കുന്നില്ല.
പതിവുപോലെ ഇതും ഒറ്റപ്പെട്ട സംഭവമാണെന്ന പ്രതികരണം സിപിഎം നേതാക്കളുടെയും സര്‍ക്കാര്‍ വക്താക്കളുടെയും ഭാഗത്തുനിന്ന് ഉണ്ടായില്ല. അങ്ങനെ പറയാന്‍ യാതൊരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം നിരവധി പേരാണ് തെരുവുനായ്‌ക്കളുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. തിരുവനന്തപുരത്ത് ചെമ്പകരാമന്‍ തുറയില്‍ ശീലുവമ്മ എന്ന മത്സ്യത്തൊഴിലാളി, പുല്ലുവിള തീരത്ത് ജോസ്‌ക്ലിന്‍ എന്നിങ്ങനെ തെരുവുനായ്‌ക്കള്‍ ആക്രമിച്ചുകൊന്നവരുടെ പട്ടിക നീളുകയാണ്. കഴിഞ്ഞവര്‍ഷം മാത്രം എട്ടുപേര്‍ക്കാണ് ഇങ്ങനെ ജീവന്‍ നഷ്ടമായത്. പേവിഷബാധയേറ്റ് മരിച്ചത് 21 പേര്‍. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും മാരകമായി മുറിവേറ്റവര്‍ നിരവധിയാണ്. എന്നിട്ടും തെരുവുനായ്‌ക്കളുടെ ശല്യം രാജ്യമൊട്ടാകെയുള്ളതാണെന്ന് പറഞ്ഞൊഴിയുന്ന തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിരുത്തരവാദിത്വത്തിന്റെയും കഴിവില്ലായ്മയുടെയും പ്രതീകമാണ്. ഈ മന്ത്രി അധികാരമേറ്റ നാളുകളില്‍ സംസ്ഥാനം തെരുവുനായ്‌ക്കളുടെ രൂക്ഷമായ ആക്രമണം നേരിടുകയായിരുന്നു. ഇപ്പ ശരിയാക്കിത്തരാം എന്ന മട്ടില്‍ അന്ന് വലിയ പ്രഖ്യാപനം നടത്തിയയാളാണ് മന്ത്രി. രണ്ട് വര്‍ഷം ലഭിച്ചിട്ടും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാതെ പരാജയത്തിന്റെ പ്രതിരൂപമായി നില്‍ക്കുകയാണ് മന്ത്രി രാജേഷ്. എന്നിട്ടുപറയുകയാണ് പേവിഷബാധയുള്ള നായ്‌ക്കളെ കൊല്ലാന്‍ തടസ്സം നില്‍ക്കുന്ന നിയമനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണെന്ന്! പേവിഷബാധയുള്ള നായ്‌ക്കളെ കൊല്ലാന്‍ യാതൊരു നിയമതടസ്സവുമില്ല. ഒരു കോടതിയുടെയും അനുമതി അതിന് ആവശ്യമില്ല. മന്ത്രി ബോധപൂര്‍വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
തെരുവുനായ്‌ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാതെ അവയെ വന്ധ്യംകരിച്ച് പെറ്റുപെരുകുന്നത് തടയാമെന്ന എബിസി നിയമം 2001 ല്‍ കൊണ്ടുവന്നതാണ്. സിക്കിമും മധ്യപ്രദേശും മഹാരാഷ്‌ട്രയും ദല്‍ഹിയും കര്‍ണാടകവും മാത്രമല്ല, നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാടു പോലും ഈ നിയമം ഫലപ്രദമായി നടപ്പാക്കുമ്പോള്‍ കേരളം മാത്രം എന്തുകൊണ്ട് അത് ചെയ്യുന്നില്ല എന്നതിന് മറുപടി പറയേണ്ടത് സംസ്ഥാനം ഭരിച്ച ഇടതു-വലതു മുന്നണികളുടെ നേതൃത്വമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കണമെങ്കില്‍ എബിസി നടപ്പാക്കാന്‍ പണം വകയിരുത്തണമെന്നുണ്ട്. ഫണ്ട് ലഭിക്കാന്‍ വേണ്ടി മാത്രം ഒരു തുക കാണിക്കുന്ന രീതിയാണ് കേരളത്തില്‍ കാലങ്ങളായി അനുവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതുപ്രകാരം ഫലപ്രദമായ യാതൊരു നടപടിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കാറില്ല. തെരുവുനായ്‌ക്കള്‍ പെറ്റുപെരുകുകയെന്നതാണ് ഇതിന്റെ അനന്തരഫലം. ഇതും ഒരു കേരള മോഡലായി കാണേണ്ടിവരും. എന്നിട്ടാണ് കേരളത്തില്‍ ഇപ്പോള്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ പോയി വീമ്പിളക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞത് ഒരര്‍ത്ഥത്തില്‍ വളരെ ശരിയാണ്. ഇടതുഭരണത്തില്‍ എന്തും നടക്കും. അതിന് ഏറ്റവും നല്ല തെളിവാണല്ലോ തെരുവുനായ്‌ക്കളുടെ ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ പൊലിയുന്നത്. ജനക്ഷേമം ഉറപ്പുവരുത്താന്‍, ജനങ്ങള്‍ക്ക് ഭയമില്ലാതെ തെരുവിലിറങ്ങി നടക്കാന്‍ കഴിയുന്ന അവസ്ഥ സൃഷ്ടിക്കാതെ പാര്‍ട്ടി വളര്‍ത്താനും അഴിമതി നടത്താനും അധികാരം ഉപയോഗിക്കുന്ന ഒരു ഭരണസംവിധാനത്തിനാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്നത്. ഇതിനെക്കുറിച്ച് ലോകോത്തര കേരളമെന്നൊക്കെ ഊറ്റംകൊള്ളുന്നത് തികഞ്ഞ കൃതഘ്‌നതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: