Categories: Business

എംആര്‍എഫിന്റെ ഒരു ഓഹരിയുടെ വില ഒരു ലക്ഷം രൂപ! കോട്ടയത്ത് വേരുകളുള്ള എംആര്‍എഫ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രമായി

Published by

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചൊവ്വാഴ്ച അപൂര്‍വ്വ ചരിത്രം സൃഷ്ടിച്ച് കോട്ടയത്ത് വേരുകളുള്ള മദ്രാസില്‍ സ്ഥാപിതമായ മദ്രാസ് റബ്ബര്‍ ഫാക്ടറി എന്ന എംആര്‍എഫ്. കോട്ടയംകാരനായ കെ.എം. മാമ്മന്‍ മാപ്പിള മദ്രാസിലെ തിരുവട്ടിയൂരില്‍ കുട്ടികള്‍ക്കുള്ള കളി ബലൂണ്‍ നിര്‍മ്മിച്ച് 1952ല്‍ സ്ഥാപിച്ച കമ്പനിയാണ് എംആര്‍എഫ്. 1960ല്‍ യുഎസിലെ മാന്‍സ്ഫീല്‍ഡ് റബ്ബര്‍ ആന്‍റ് ടയര്‍ കമ്പനിയുമായി ചേര്‍ന്ന് ടയര്‍ നിര്‍മ്മാണം തുടങ്ങി. കോട്ടയത്തെ മലയാള മനോരമ പത്രത്തിന്റെ ഉടമയായ കെ.സി. മാമ്മന്‍ മാപ്പിളയുടെ മകനാണ് കെ.എം. മാമ്മന്‍ മാപ്പിള. മനോരമയുടെ  കെ.എം. മാത്യു, കെ.എം. ചെറിയാന്‍, കെ.എം. ഫിലിപ്പ് എന്നിവര്‍ മാമ്മന്‍ മാത്യുവിന്റെ സഹോദരങ്ങളാണ്.  

ഇന്ന് എംആര്‍എഫ് അവരുടെ ബിസിനസ് വൈവിധ്യവല്‍ക്കരിച്ച് ടയര്‍, ട്യൂബ്, ട്രെഡുകള്‍, പെയിന്‍റ്, കളിപ്പാട്ടങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന  വന്‍കമ്പനിയായി മാറി. ചൊവ്വാഴ്ചയാണ് എംആര്‍എഫിന്റെ ഒരു ഓഹരിയുടെ വില ഒരു ലക്ഷത്തില്‍ എത്തിയത്. ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വില കൂടിയ ഓഹരിയും എംആര്‍എഫിന്‍റേതാണ്.  

ചൊവ്വാഴ്ച എംആര്‍എഫ് ഓഹരി വില 1.37 ശതമാനം വര്‍ധിച്ച് 1,03000 വരെ എത്തി. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഈ ഓഹരി. എംആര്‍എഫിന് താഴെയുള്ള വില കുടിയ പ്രധാന ഓഹരികള്‍: ഹണിവെല്‍ (41,002 രൂപ), പേജ് ഇന്‍ഡസ്ട്രീസ് (38,133 രൂപ), 3എം ഇന്ത്യ (26,464 രൂപ), ശ്രീ സിമന്‍റ് 25,709 രൂപ), നെസ്ലെ ഇന്ത്യ (22,290 രൂപ)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക