സൗദിയിലും നവോത്ഥാനത്തിന്റെ കൊടുങ്കാറ്റ് രൂപപ്പെട്ടു വരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മതമൗലികവാദത്തിന്റെ പിടിയില്‍ നിന്ന് കുതറിമാറി സാമൂഹ്യ പരിഷ്ക്കരണത്തിന്റെ പാതയിലാണ് സൗദി അറേബ്യ. സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും അവകാശങ്ങളും അനുവദിച്ചു കൊണ്ടും, യോഗ പോലുള്ള ആത്മീയ മാര്‍ഗ്ഗങ്ങള്‍ക്ക് ഇടം നല്കിക്കൊണ്ടും സൗദി ഭരണകൂടം അത് തെളിയിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ചിന്തിയ്ക്കാന്‍ പോലുമാകാത്ത വിധമുള്ള സാമൂഹ്യ പരിഷ്ക്കാരങ്ങള്‍ക്കാണ് അവര്‍ തുടക്കം കുറിയ്ക്കുന്നത്. ഇസ്ലാമിക സമൂഹത്തിന്റെ ആത്മീയ തലസ്ഥാനം എന്ന നിലയ്ക്ക് സൗദിയിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്വാഭാവികമായും ഇന്ത്യയുള്‍പ്പെടെ ലോകമെങ്ങും പ്രതിഫലിയ്ക്കുകയും ചെയ്യും.
ഹിജാബ് എന്ന മതവസ്ത്രത്തെ ചൊല്ലി കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങള്‍ ആരും മറന്നിരിയ്ക്കാന്‍ ഇടയില്ല. രാഷ്ട്രീയ മുതലെടുപ്പിനും മതഭീകരതയിലേക്ക് ആളുകളെ എത്തിയ്ക്കുന്നതിനുമായി സമൂഹത്തില്‍ ഇടയ്ക്കിടെ ഇത്തരത്തില്‍ വിവാദങ്ങള്‍ കുത്തിപ്പൊക്കിയിരുന്ന പിഎഫ്ഐ പോലൊരു ഭീകര സംഘടനയെ നിരോധിച്ചതോടെ താത്കാലികമായ ഒരാശ്വാസം വന്നിട്ടുണ്ട്. എന്നാല്‍ മതത്തെ ദുരുപയോഗപ്പെടുത്തി വലിയൊരു ജനസമൂഹത്തെ തളച്ചിടുന്ന മൗലികവാദത്തിന് ഒരു കുറവും വന്നിട്ടില്ല. അത് മതത്തിന്റെ ഭാഗമായി തന്നെ തുടരുന്നു. മതമൗലികവാദം രാഷ്ട്രീയ സംവിധാനത്തെ കൂടി വരുതിയിലാക്കി കൊണ്ട് സമൂഹത്തെ കൂടുതല്‍ നിയന്ത്രണത്തില്‍ കൊണ്ടു വരുന്നതായിട്ടാണ് നമ്മുടെ നാട്ടിലെ അനുഭവം.
ഇവിടത്തെ സാധാരണക്കാരുടെ അറിവില്‍ പെടാതെ പോകുന്ന പലമാറ്റങ്ങളുമാണ് മറ്റുനാടുകളില്‍ ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നത്. ഇസ്ലാമിന്റെ മാതൃരാജ്യമായ സൗദിയില്‍ സ്കൂള്‍ പരീക്ഷാ ഹാളുകളില്‍ ഹിജാബ് നിരോധിച്ച് യൂണിഫോം നിര്‍ബന്ധിതമാക്കി എന്ന വാര്‍ത്ത പുറത്തുവന്നത് ഇക്കഴിഞ്ഞ ഡിസംബറിലാണ്. എന്നാല്‍ അത്തരം വാര്‍ത്തകള്‍ നമ്മുടെ നാട്ടിലെ പൊതുജനങ്ങളെ അറിയിയ്ക്കാതിരിയ്ക്കാനാണ് ഇവിടത്തെ മാദ്ധ്യമങ്ങള്‍ ശ്രദ്ധ ചെലുത്തുന്നത്. തങ്ങള്‍ക്ക് ചെല്ലും ചെലവും തന്ന് രക്ഷിയ്ക്കുന്നവര്‍ക്ക് ഇഷ്ടക്കേടുണ്ടാക്കാതിരിയ്ക്കാന്‍ അവര്‍ എപ്പോഴും ജാഗ്രതയുള്ളവരാണ്. യജമാനന്മാര്ക്ക് രസിയ്ക്കാത്ത സത്യങ്ങള്‍ പുറത്തു വരുമ്പോള്‍ മാധ്യമ സിംഹങ്ങള്‍ തല പൂഴിയില്‍ ഒളിപ്പിച്ച് നില്ക്കും.
അന്തര്‍ദ്ദേശീയ മാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിയ്ക്കുന്നത് സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഒരു നാടകമാണ്. ലോക മുസ്ലീങ്ങളുടെ മാതൃകാ രാജ്യമായ സൗദിയിലെ ഒരു സ്കൂളില്‍ അവതരിപ്പിയ്ക്കപ്പെട്ടതാണ് ഈ നാടകം എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വലിച്ചെറിഞ്ഞ് അറിവിലേയ്ക്കും വെളിച്ചത്തിലേയ്ക്കും കടന്നു വരേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിയ്ക്കുന്ന പ്രതീകാത്മകമായ രംഗങ്ങളാണ് നാടകത്തിലുള്ളത്. ‘മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്’ എന്ന കുമാരനാശാന്റെ ആഹ്വാനം ദൃശ്യവല്ക്കരിച്ചുവോ എന്നു തോന്നും.
തന്റെ കൈകളിള്‍ വെളിച്ചമേന്തിയ ഒരു കുട്ടി സ്റ്റേജിലേയ്ക്ക് വരുന്നു. ആ കുട്ടിയെ പിന്തുടര്ന്ന് ഹിജാബണിഞ്ഞ പെണ്‍കുട്ടികള്‍ സ്റ്റേജിന്റെ ഒരു വശത്തു നിന്നും രംഗപ്രവേശം ചെയ്യുന്നു. സ്റ്റേജിന്റെ മദ്ധ്യത്തിലെത്തുന്നതോടെ ഓരോ കുട്ടികളായി ധരിച്ചിരിയ്ക്കുന്ന ഹിജാബ് ഊരി നിലത്ത് ഉപേക്ഷിയ്ക്കുന്നതും അവയെ ചവിട്ടി മറികടന്നു കൊണ്ട് വെളിച്ചം കാട്ടുന്ന കുട്ടിയെ പിന്തുടര്ന്ന് മുന്നോട്ടു പോകുന്നതും കാണാം. പിന്നീട് അവര്‍ വര്‍ണ്ണാഭമായ വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സ്റ്റേജില്‍ നൃത്തം ചെയ്യുന്നു. മനുഷ്യ സ്വാതന്ത്ര്യം നിഷേധിയ്ക്കുന്ന മതവിധേയത്വം ഉപേക്ഷിച്ച് അറിവിന്റെ വെളിച്ചം നേടൂ… സ്വപ്രയത്നം കൊണ്ട് ശക്തരും സ്വതന്ത്രരുമാകൂ എന്ന സന്ദേശമാണ് ഇത് മുന്നോട്ടു വയ്ക്കുന്നത്.
ഈ രംഗം കാണുന്ന മലയാളികളുടെ മുന്നില്‍ ‘വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക’ എന്ന ശ്രീനാരായണ സന്ദേശമായിരിയ്ക്കും തെളിഞ്ഞു വരിക എന്നതുറപ്പാണ്. ഗുരുദേവനെ പോലൊരു മാര്‍ഗ്ഗദര്‍ശിയെ തങ്ങള്‍ക്കിടയില്‍ കിട്ടാന്‍ സൗദി പോലുള്ള രാജ്യങ്ങള്‍ക്ക് ഇനിയും കാത്തിരിയ്ക്കേണ്ടി വരുന്നു എന്നിടത്താണ് മലയാളികളുടെ സുകൃതം നാം തിരിച്ചറിയുന്നത്. എന്നാല്‍ ഇന്ന് ഇത്തരം ഒരു രംഗം ഗുരുദേവന്റെ കേരളത്തിലാണ് അവതരിപ്പിച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു ഇവിടത്തെ കോലാഹലം ? ഇത് ഇസ്ലാമിന് മേലുള്ള കടന്നാക്രമണമാണ് എന്ന് വിമര്‍ശിച്ചുകൊണ്ട് മതമൗലികവാദികള്‍ രംഗത്തിറങ്ങി കഴിഞ്ഞു. സൗദിയെ പോലെ ഒരു രാജ്യത്ത് ഇതെങ്ങനെ അനുവദിയ്ക്കാന്‍ കഴിയും എന്നാണ് അവര്‍ ചോദ്യമുയര്‍ത്തുന്നത്.
ഇക്കണക്കിന് പോയാല്‍ താമസിയാതെ സൗദിയില്‍ നിന്ന് ദീന് അപ്രത്യക്ഷമാകും എന്ന് ‘ഇസ്ലാം ദി അള്‍ട്ടിമേറ്റ് പീസ്’ എന്ന യുട്യൂബ് ചാനല്‍ പറയുന്നു. നിരവധി ഇസ്ലാമിക പണ്ഡിതരെയാണത്രേ വിചാരണ പോലും കൂടാതെ സൗദി ജയിലില്‍ ഇട്ടിരിയ്ക്കുന്നത്. അത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഒരു പക്ഷേ ഇത്തരം സാമൂഹ്യ മുന്നേറ്റങ്ങള്‍ക്കെതിരെ മതകലാപം ഉയര്‍ത്തും എന്നതു കൊണ്ടാവാം. ഏതായാലും സൗദിയെ പോലുള്ള ഒരു രാജ്യത്തു നിന്നും അടിയ്ക്കടി പുറത്തുവരുന്ന ഇത്തരം വാര്‍ത്തകള്‍ പലരേയും ഞെട്ടിച്ചിരിയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: