ന്യൂദല്‍ഹി: ഇന്ത്യയുടെ ഐടി നയങ്ങളെയും നിലപാടുകളെയും കുറിച്ച് തെറ്റായ വ്യാഖ്യാനങ്ങള്‍ നടത്തിയ ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സിയുടെ പ്രസ്താവനക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിക്കണമെന്ന തരത്തിലുള്ള അഭ്യര്‍ത്ഥനകള്‍ നടത്തുന്ന രാജ്യമാണ് ഇന്ത്യ എന്ന അര്‍ഥത്തില്‍ ജാക്ക് ഡോര്‍സി നടത്തിയ പ്രസ്താവനയാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
ഇത് തികഞ്ഞ നുണയാണ്, ജാക്ക്; ഒരുപക്ഷേ, ട്വിറ്ററിന്റെ ചരിത്രത്തിലെ സംശയാസ്പദമായ ഒരു കാലഘട്ടത്തെ തുരത്താനുള്ള ശ്രമമാകാമെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു. തുടര്‍ന്ന് ജാക്ക് ഡോര്‍സി ഉന്നയിച്ച ആരോപണങ്ങളിലെ പൊള്ളത്തരം രാജീവ് ചന്ദ്രശേഖര്‍ വിശദീകരിക്കുകയും ചെയ്തു.
ഡോര്‍സിയും അദ്ദേഹത്തിന്റെ ടീമും ഒരുകാലത്ത് ഇന്ത്യന്‍ നിയമങ്ങളുടെ തുടര്‍ച്ചയായ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. 2020 മുതല്‍ 2022 വരെ അവര്‍ ആവര്‍ത്തിച്ച് നിയമലംഘനങ്ങള്‍ നടത്തിപ്പോന്നു. ഒടുവില്‍, 2022 ജൂണില്‍ മാത്രമാണ് അവര്‍ നിയമങ്ങള്‍ പാലിച്ചു തുടങ്ങിയത്. എന്നാല്‍ അതിന്റെ പേരില്‍ ഇവിടെയാരും ഇതുവരെ ജയിലില്‍ പോകുകയോ ട്വിറ്റര്‍ അടച്ചുപൂട്ടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
അതേസമയം ഇന്ത്യന്‍ നിയമത്തിന്റെ പരമാധികാരം അംഗീകരിക്കുന്നതില്‍ ജാക്ക് ഡോര്‍സിയുടെ ട്വിറ്റര്‍ ഭരണത്തിന് എക്കാലവും വിമുഖതയുണ്ടായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ തന്റെ മറുപടിയില്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ നിയമങ്ങള്‍ തങ്ങള്‍ക്ക് തെല്ലും ബാധകമല്ലെന്ന മട്ടിലാണ് അവര്‍ പലപ്പോഴും പെരുമാറിയത്. തുടര്‍ന്ന് ഒരു പരമാധികാര രാഷ്ട്രമെന്ന നിലയില്‍, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും ഈ രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ ഓര്‍മ്മിപ്പിച്ചു.
2021 ജനുവരിയില്‍ നടന്ന പ്രതിഷേധത്തിനിടെ, ട്വിറ്ററില്‍ വന്ന ഒട്ടേറെ തെറ്റായ വിവരങ്ങളും വംശഹത്യയുടെ റിപ്പോര്‍ട്ടുകള്‍ പോലും തീര്‍ത്തും വ്യാജമായിരുന്നു എന്നും വ്യാജ വാര്‍ത്തകളെ അടിസ്ഥാനമാക്കി സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകുന്നതിനുള്ള സാധ്യതയുള്ളതിനാല്‍ പ്ലാറ്റ്ഫോമില്‍ നിന്ന് തെറ്റായ വിവരങ്ങള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം തെല്ലും അര്‍ദ്ധശങ്കക്കിടയില്ലാതെ തന്നെ പറയുന്നു.
അമേരിക്കയില്‍ സമാനമായ സംഭവങ്ങള്‍ നടന്നപ്പോള്‍ അവര്‍ അത് നീക്കം ചെയ്തപ്പോള്‍ ഇന്ത്യയിലെ പ്ലാറ്റ്ഫോമില്‍ നിന്ന് തെറ്റായ വിവരങ്ങള്‍ നീക്കം ചെയ്യുന്നതില്‍ അവര്‍ക്ക് പ്രശ്നമുണ്ടായതിലെ ഇരട്ടത്താപ്പും’ രാജീവ്ചന്ദ്രശേഖര്‍ എടുത്ത് കാട്ടി. ജാക്ക് ഭരണത്തിന് കീഴിലുള്ള ട്വിറ്ററിലെ പക്ഷപാതപരമായ പെരുമാറ്റത്തിന്റെ നിലവാരം ഇതാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ രേഖകള്‍ ശരിയാക്കുന്നതിന് സര്‍ക്കാര്‍ ആരെയും റെയ്ഡ് ചെയ്യുകയോ ജയിലിലേക്ക് അയയ്ക്കുകയോ ചെയ്തില്ല. ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ മാത്രമായിരുന്നു ഞങ്ങളുടെ ശ്രദ്ധ. ട്വിറ്ററിന്റെ ഏകപക്ഷീയവും പക്ഷപാതപരവും വിവേചനപരവുമായ പെരുമാറ്റത്തിനും അതിന്റെ അധികാര ദുര്‍വിനിയോഗത്തിനും ഇപ്പോള്‍ പൊതുസഞ്ചയത്തില്‍ ധാരാളം തെളിവുകളുണ്ട്, രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
ഡോര്‍സിയുടെ കീഴിലുള്ള ട്വിറ്റര്‍ കേവലം ഇന്ത്യന്‍ നിയമം ലംഘിക്കുക മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,19 ന് വിരുദ്ധമായി ചിലരെ ഏകപക്ഷീയമായി അപകീര്‍ത്തിപ്പെടുത്തുകയും തെറ്റായ വിവരങ്ങള്‍ ആയുധമാക്കുന്നതില്‍ സഹായിക്കുന്നതില്‍ പക്ഷപാതപരമായി പെരുമാറുകയും ചെയ്തുവെന്നും മന്ത്രി പറയുന്നു.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇടനിലക്കാര്‍ക്കും ഞങ്ങളുടെ ഗവണ്മെന്റ് നയങ്ങള്‍ വ്യക്തമായിരിക്കണം; ഇന്റര്‍നെറ്റ് സുരക്ഷിതവും വിശ്വസ്തവും ഉത്തരവാദിത്തമുള്ളതുമാണെന്ന് ഉറപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ പാലിക്കപ്പെടുക തന്നെ വേണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. പ്രധാന മന്ത്രിയുടെ ദേശീയ റോസ്ഗര് തൊഴില്‍ മേളയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ട്വിറ്ററിലൂടെ മന്ത്രി ഈ പ്രതികരണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: